“ഋഷഭ് പന്ത് പാക്കിസ്ഥാനിൽ ആയിരുന്നെങ്കിൽ അദ്ദേഹം ലോകകപ്പ് മത്സരങ്ങളിൽ ഇങ്ങനെ പുറത്തിരിക്കേണ്ടി വരില്ലായിരുന്നു” പാക് താരം വഹാബ് റിയാസ് പറയുന്നു

പുരോഗമിക്കുന്ന ടി20 ലോകകപ്പിൽ ഇതുവരെ കളിക്കാൻ അവസരം ലഭിക്കാത്ത ഇന്ത്യൻ താരമാണ് വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്. ഇതുവരെ ഇന്ത്യ കളിച്ച 3 മത്സരങ്ങളിലും വിക്കറ്റ് കീപ്പറുടെ റോളിൽ, വെറ്റെറൻ താരം ദിനേഷ് കാർത്തിക്കിനെയാണ് ഇന്ത്യ ഉപയോഗപ്പെടുത്തിയത്. എന്നാൽ, ഋഷഭ് പന്ത് പാക്കിസ്ഥാനിൽ ആയിരുന്നെങ്കിൽ, അദ്ദേഹം ഒരു ലോകകപ്പ് മത്സരത്തിൽ പോലും പുറത്തിരിക്കേണ്ടി വരില്ലായിരുന്നു എന്ന് തുറന്നടിച്ചിരിക്കുകയാണ് പാക് പേസർ വഹാബ് റിയാസ്.

ഇക്കാര്യം ചൂണ്ടിക്കാട്ടി വഹാബ് റിയാസ് പാക്കിസ്ഥാനെ തന്നെയാണ് കുറ്റപ്പെടുത്തുന്നത്. ഋഷഭ് പന്ത് വളരെ മികച്ച ബാറ്റർ ആയിരുന്നിട്ടും, ഇന്ത്യക്ക് ആവശ്യം ഒരു ഫിനിഷരെ ആയതിനാൽ, ഇന്ത്യ പന്തിനെ പുറത്തിരുത്തി കാർത്തിക്കിന് അവസരം നൽകുന്നു. എന്നാൽ, ഇത് പാകിസ്താനിൽ ആണെങ്കിൽ, അവർ മത്സരത്തിൽ ടീമിന് എന്ത് ഗുണം ചെയ്യുന്നു എന്ന് നോക്കുന്നതിന് പകരം, കളിക്കാരെ ആണ് നോക്കുന്നത് എന്ന് വഹാബ് റിയാസ് തുറന്നടിച്ചു.

“പാകിസ്ഥാനെ എന്തുകൊണ്ട് വീണ്ടും വീണ്ടും കുറ്റപ്പെടുത്തേണ്ടി വരുന്നു എന്ന് ചോദിച്ചാൽ, പാകിസ്താന്റെ സെലെക്ഷൻ പ്രോസസ് ഇപ്പോഴും മികച്ചതല്ല. മുഹമ്മദ്‌ ആമിർ, ഉമർ ഗുൽ, ഷൊയ്ബ് മാലിക് ഇങ്ങനെ ആരുമായിക്കോട്ടെ, അവർ ആഭ്യന്തര ഫോർമാറ്റുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. അതിനുശേഷം അവരുടെ ഫിറ്റ്നസ് വിലയിരുത്തണം. ഇതെല്ലാം ഓക്കെ ആയതിനുശേഷം മാത്രമേ അവരെ ടീമിൽ ഉൾപ്പെടുത്താവു,” വഹാബ് റിയാസ് പറയുന്നു.

“നമ്മുടെ അയൽ രാജ്യത്ത് നിന്ന് ഇതിന് കൃത്യമായ ഒരു ഉദാഹരണം ഞാൻ കാണിച്ചു തരാം. ഋഷഭ് പന്ത് വളരെ മികച്ച ഒരു ബാറ്റർ ആണ്. എന്നാൽ, ഇന്ത്യക്ക് ഇപ്പോൾ ആവശ്യം ഒരു ഫിനിഷറെ ആണ്. അതുകൊണ്ട് അവർ പന്തിനെ പുറത്തിരുത്താൻ തീരുമാനിക്കുകയും, പകരം ഡികെക്ക് അവസരം നൽകുകയും ചെയ്തിരിക്കുന്നു. പാകിസ്ഥാനിൽ ഇത് സാധ്യമാണോ?” വഹാബ് റിയാസ് പറഞ്ഞു.