ആ ത്രില്ല് ഇന്നും പോയിട്ടില്ല.

0

2017 ഒക്ടോബർ 31
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസ്.
അഖിലേന്ത്യാ അന്തർസർവകലാശാല വനിതാ വോളിബോളിൽ ഫൈനൽ മത്സരത്തിൻ്റെ വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ മാത്രം. ഒരു വശത്ത് അതിഥേയരായ കണ്ണൂർ സർവകലാശാല. മറുവശത്ത് കരുത്തരായ കോട്ടയം എം ജി സർവകലാശാലയും.ഗ്രൗണ്ട് സപ്പോർട്ട് കണ്ണൂരിന് കൂടുതലായിരുന്നെങ്കിലും എം ജിയെ അത് ഒട്ടും തളർത്തിയില്ല. സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് കണ്ണൂരിനെ ഇതെ ഗ്രൗണ്ടിൽ തോൽപ്പിച്ചതായിരുന്നു എം ജി യുടെ ആത്മവിശ്വാസത്തിൻ്റെ കൈമുതൽ.നിക്സി തോമസ് (ക്യാപ്റ്റൻ), ജിൻസി ജോൺസൺ, ഇ പി സനീഷ, ആൽബി തോമസ്, എൻ എസ് ശരണ്യ, എൻ പി അനഘ – എം ജി യുടെ ആദ്യ സിക്സിലെ എല്ലാവരും ചങ്ങനാശേരി അസംപ്ഷൻ കോളേജിൻ്റെ താരങ്ങളായിരുന്നു. ഒപ്പം ലിബറോ അശ്വതി രവീന്ദ്രനും(സെൻ്റ് സേവ്യേഴ്സ് ആലുവ).കളത്തിലിറങ്ങാൻ നിൽക്കുമ്പോൾ എം ജിക്കാരുടെ ഏക സങ്കടം അവരുടെ പ്രധാന പരിശീലകൻ അനിൽകുമാർ (സ്പോർട്സ് ഹോസ്റ്റൽ, അസംപ്ഷൻ ചങ്ങനാശേരി) ഒപ്പമില്ലായെന്നതായിരുന്നു. അച്ഛൻ മരിച്ചതിനെ തുടർന്ന് ഫൈനലിന് മുമ്പ് അദ്ദേഹം നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

കോർട്ടിലിറങ്ങും മുമ്പ് ഒറ്റ കാര്യം മാത്രമാണ് അവർ ഓർത്തത്. സൗത്ത് സോൺ ജയിച്ച സമയത്ത് അനിൽ സാർ പറഞ്ഞത് ഇങ്ങനെയാണ് ‘നമ്മുടെ പ്രധാന ലക്ഷ്യം ഓൾ ഇന്ത്യ വിൻ ചെയ്യലാണ്. സൗത്ത് സോണിൽ കണ്ണൂരിനെ അവരുടെ കോർട്ടിൽ തോൽപിക്കാമെങ്കിൽ ഇൻ്റർ സോൺ ഈസിയായി നമുക്ക് പിടിക്കാം. ഇന്ന് കളിച്ച കളിച്ച പോലെ കളിച്ചാൽ മതി’. സൗത്ത് സോൺ വിൻ ചെയ്ത ആ ദിവസം അനിൽ സാറിന് ഉറപ്പ് നൽകിയതാണ് ഇൻ്റർ സോണിലും തകർത്തത് കളിക്കുമെന്ന്. ആ വാക്ക് പാലിക്കാൻ ഉറപ്പിച്ചാണ് എം ജി യുടെ ചുണക്കുട്ടികൾ ഇറങ്ങിയത്.വിസിൽ മുഴങ്ങി. ഗ്യാലറിയിൽ കണ്ണൂരിനായി ആർപ്പുവിളികൾ ഉയർന്നു. തുടക്കത്തിൽ കണ്ണൂർ ലീഡ് പിടിച്ചു. എന്നാൽ പതിയെ എം ജി താളം കണ്ടെത്തി. 19 – 19 ന് ആദ്യ സെറ്റിൽ ഒപ്പം പിടിച്ചു. ടോപ് സ്കോറർ എൻ എസ് ശരണ്യക്കൊപ്പം പരിചയസമ്പന്നരായ ഇ പി സനിഷയും ജിൻസി ജോൺസണും ഫോമിലേക്ക് ഉയർന്നതോടെ എം ജി യെ പിടിച്ചു നിർത്താൻ കണ്ണൂരിനായില്ല.

25-21 ന് ആദ്യ സെറ്റ് എം ജി നേടി.എയ്ഞ്ചൽ ജോസഫിൻ്റെ നേതൃത്വത്തിൽ അഞ്ജലി ബാബു, എസ് സൂര്യ, അനുശ്രീ വി ബാബു, എൻ അശ്വതി, മേരി അലീന എന്നിവരടങ്ങിയ കണ്ണൂർ നിര അതിശക്തരായിരുന്നു. എന്നാൽ രണ്ടാം സെറ്റ് 25-23നും മൂന്നാം സെറ്റ് 29 – 27 നും നേടി എം ജി കിരീടമുയർത്തി.കണ്ണൂരിനെ അവരുടെ കോർട്ടിൽ ഡയറക്ട് മൂന്ന് സെറ്റിന് അടിക്കുകയെന്നത് ഇന്നും വിശ്വാസിക്കാൻ കഴിയുന്നില്ലെന്ന് അന്ന് എം ജി യുടെ മുൻനിര പോരാളികളും ഇപ്പോൾ കേരള പോലീസിൻ്റെ താരങ്ങളുമായ ശരണ്യയും ആൽബിയും അനഘയും പറയുന്നു. ഇത്രയും ഇഷ്ടപ്പെട്ട മറ്റൊരു ജയം ജീവിതത്തിലുണ്ടായിട്ടില്ല.എന്നാൽ ഇൻ്റർ സോണിനെക്കാൾ തീപാറുന്ന മത്സരമായിരുന്നു സൗത്ത് സോണിലേതെന്ന് അവർ ഓർക്കുന്നു. രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കായിരുന്നു സൗത്ത് സോൺ ജയിച്ചത്. ആദ്യ സെറ്റ് എം ജിക്ക്. രണ്ടാം സെറ്റ് കണ്ണൂരിന്. മൂന്നാം സെറ്റ് വീണ്ടും എം ജി. നാലാം സെറ്റിൽ കണ്ണൂരിൻ്റെ തിരിച്ചുവരവ്. അഞ്ചാം സെറ്റിൽ 15 -13ന് എം ജി കിരീടം ഉറപ്പിച്ചു. കണ്ണൂരിനെ തോൽപിക്കാൻ കഴിയുമെന്ന് കരുതിയിരുന്നില്ല. നല്ല ടീമായിരുന്നു അവർ. സനിഷേച്ചിയാണ് അന്ന് കളി തീർത്തത്. ഇന്നും ആ കളിയെക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും ത്രില്ലടിക്കും – ശരണ്യയും ആൽബിയും അനഘയും പറയുന്നു

.ഒരു വർഷത്തോളം പരിക്കിൻ്റെ പിടിയിലായിരുന്ന അറ്റാക്കർ എൻ എസ് ശരണ്യയുടെ ശക്തമായ തിരിച്ചുവരവ് കൂടിയായിരുന്നു 2017 സർവകലാശാല ചാമ്പ്യൻഷിപ്പ്.( ശരണ്യ പിന്നീട് കേരള സീനിയർ ടീമിലും അണ്ടർ 23 ഇന്ത്യൻ ടീമിലുമെത്തി).പ്രധാന പരിശീലകൻ അനിൽകുമാനൊപ്പം ടീമിൻ്റെ സഹ പരിശീലകനായിരുന്ന ജെ മാത്യൂസ് സാറിനുള്ള ഗുരു ദക്ഷിണ കൂടിയായിരുന്നു ആ കിരീടം. രക്താർബുദത്തെ തോൽപ്പിച്ച് ജീവിത കോർട്ടിലേക്ക് തിരിച്ചു വന്ന ജെ മാത്യൂസ് ആയിരുന്നു ഫൈനൽ ദിനത്തിൽ പ്രധാന പരിശീലകൻ്റെ റോളിൽ ടീമിനൊപ്പമുണ്ടായിരുന്നത്.എം ജി ടീം: നിക്സി ജോസഫ്(ക്യാപ്റ്റൻ), ജിൻസി ജോൺസൺ, ഇ പി സനീഷ, ആൽബി തോമസ്, എൻ എസ് ശരണ്യ, എൻ പി അനഘ, സി ശ്രുതി, അനന്യ അനീഷ്(അസംപ്ഷൻ ചങ്ങനാശേരി), കെ എസ് ജിഷ, അശ്വതി രവീന്ദ്രൻ (സെൻ്റ് സേവ്യേഴ്സ് ആലുവ), കെ എസ് സർഗ(സെൻ്റ് തേരേസാസ് എറണാകുളം), യു അതുല്യ (അൽഫോൻസ പാലാ).first Pass