നിനക്ക് ഇങ്ങനെ ഒക്കെ അടിക്കാനുള്ള കഴിവുണ്ടോ?വണ്ടർ ഷോട്ടിൽ ഷോക്കായി കോഹ്ലി

ടി20 ലോകകപ്പിലെ ആദ്യ മൂന്നു മത്സരങ്ങളിലും ഒറ്റ അക്കത്തിന് പുറത്തായി സമ്പൂർണ്ണ പരാജയമായി മാറിയിരുന്ന ഇന്ത്യൻ ഓപ്പണർ കെഎൽ രാഹുൽ, പുരോഗമിക്കുന്ന ബംഗ്ലാദേശിനെതിരായ മത്സരത്തിൽ തന്നെ വിമർശിച്ചവർക്കെല്ലാം ബാറ്റ് കൊണ്ട് മറുപടി നൽകിയിരിക്കുകയാണ്. മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശർമയുടെ (2) വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും, രണ്ടാം വിക്കറ്റിൽ രാഹുൽ – കോഹ്‌ലി സഖ്യം ക്രീസിൽ താണ്ഡവമാടി.

കഴിഞ്ഞ മത്സരങ്ങളെ ഓർമിപ്പിക്കും വിതം വളരെ പതുക്കെയാണ് രാഹുൽ ഇന്നിംഗ്സ് തുടങ്ങിയത്. എന്നാൽ, ആത്മവിശ്വാസം വർദ്ധിച്ചതോടെ രാഹുലിലേക്ക് വന്ന ബോളുകൾ എല്ലാം ബൗണ്ടറി ലൈൻ മറികടക്കാൻ തുടങ്ങി. ഷോരിഫുൽ ഇസ്ലാം എറിഞ്ഞ ഇന്നിംഗ്സിന്റെ 9-ാം ഓവറിൽ രണ്ട് സിക്സും ഒരു ഫോറും ഉൾപ്പടെ 17 റൺസ് ആണ് രാഹുൽ മാത്രം അടിച്ചുകൂട്ടിയത്. ഷോരിഫുൽ എറിഞ്ഞ നാലാം ബോൾ രാഹുൽ ലോങ്ങ്‌ ഓണിന് മുകളിലൂടെ സിക്സ് പറത്തി.

ശേഷം, ആ ബോൾ അമ്പയർ നോ-ബോൾ വിളിച്ചു. തുടർന്ന് ഷോരിഫുൽ ഒരു വൈഡ് എറിഞ്ഞു. ശേഷം, ഫ്രീഹിറ്റ് വീണ്ടും എറിഞ്ഞപ്പോൾ, രാഹുൽ അതിനെ ഡീപ് പോയിന്റിന് മുകളിലൂടെ സിക്സർ പറത്തി. രാഹുലിന്റെ ഈ ഷോട്ട് കണ്ട, നോൺ സ്ട്രൈക്ക് എൻഡിൽ ഉണ്ടായിരുന്ന വിരാട് കോഹ്‌ലി അത്ഭുതപ്പെട്ടുപോയി. രാഹുലിന്റെ സിക്സർ കാണുന്ന വേളയിൽ കോഹ്ലിയുടെ മുഖഭാവം ക്യാമറ കണ്ണുകൾ ഒപ്പിയെടുക്കുകയും ചെയ്തു.

ഒടുവിൽ, ശാക്കിബ് അൽ ഹസ്സന്റെ ബോളിൽ മുസ്തഫിസുർ റഹ്മാന് ക്യാച്ച് നൽകിയാണ് രാഹുൽ മടങ്ങിയത്. അന്നേരം, 32 പന്തിൽ 3 ഫോറും 4 സിക്സും സഹിതം 50 റൺസ് ആയിരുന്നു രാഹുലിന്റെ സമ്പാദ്യം. അതേസമയം, 44 പന്തിൽ 64 റൺസുമായി വിരാട് കോഹ്‌ലി പുറത്താകാതെ ഇന്നിംഗ്സ് അവസാനിക്കുവോളം ക്രീസിൽ തന്നെ തുടർന്നു. മത്സരത്തിൽ ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 184 റൺസ്‌ എടുത്തു.