പാകിസ്ഥാൻ എതിരെ ഇറങ്ങുമ്പോൾ തന്നെ കോഹ്ലിക്ക് റെക്കോർഡ്!! കിങ് കോഹ്ലിക്ക് റോയൽ എൻട്രിയുണ്ടാകുമോ

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഒരു ക്രിക്കറ്റ് താരമായ വിരാട് കോഹ്‌ലി തന്റെ നൂറാം രാജ്യാന്തര ട്വന്റി ട്വന്റി മത്സരം കളിക്കാൻ പോകുന്നു. ഓഗസ്റ്റ് 28 ന്‌ പാക്കിസ്ഥാനെതിരെ ഏഷ്യാ കപ്പിലെ ആദ്യ മത്സരം കളിക്കുന്നതോടുകൂടി മുൻ ഇന്ത്യൻ നായകൻ അന്താരാഷ്ട്ര ഇരുപത് ഓവർ ക്രിക്കറ്റിൽ നൂറ് മത്സരം പൂർത്തിയാക്കും. ഈ നേട്ടം കൈവരിക്കുന്ന പതിനാലാമത്തെ കളിക്കാരനാണ് കോഹ്‌ലി, രോഹിത് ശർമയ്ക്ക് ശേഷം രണ്ടാമത്തെ ഇന്ത്യക്കാരനും.

ഇതോടെ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും നൂറ് രാജ്യാന്തര മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ മാത്രം കളിക്കാരനും ആയിത്തീരും 33 വയസ്സുകാരനായ അദ്ദേഹം. ന്യൂസീലൻഡ് താരമായ റോസ് ടെയ്‌ലർ മാത്രമാണ് ഇതിനുമുൻപ് മൂന്ന് ഫോർമാറ്റിലും നൂറ് മത്സരങ്ങൾ തികച്ചിട്ടുള്ളളത്. 50.12 ശരാശരിയിൽ 3308 റൺസ് ആണ് രാജ്യാന്തര ട്വന്റി ട്വന്റി യിൽ കോഹ്‌ലി അടിച്ചു കൂട്ടിയിരിക്കുന്നത്.

ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഒരുപോലെ മികവ് തെളിയിച്ച ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് വിരാട് കോഹ്‌ലി. ആധുനിക ട്വന്റി ട്വന്റി ക്രിക്കറ്റിൽ തിളങ്ങുന്ന താരങ്ങൾ പലപ്പോഴും ലോങ്ങർ ഫോർമാറ്റ് ടീമിലേക്ക് കളിക്കാനുള്ള കഴിവ് ലഭിക്കാറില്ല. അതുപോലെ തന്നെ തിരിച്ചും. 664 രാജ്യാന്തര മത്സരങ്ങൾ കളിച്ച ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ ഒരേയൊരു ട്വന്റി ട്വന്റി മാത്രമേ കളിച്ചിട്ടുള്ളൂ. മൂന്ന് ഫോർമാറ്റിലും സ്ഥിരത പുലർത്തുന്ന ഒരുപാട് പ്രകടനങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്ന വിരാട് കോഹ്‌ലിയുടെ ശരാശരി ദീർഘകാലം 50 ന്‌ മുകളിലായിരുന്നു. ഈ അടുത്ത കാലത്ത് മാത്രമാണ് അതിൽ ഒന്നായ ടെസ്റ്റ് ശരാശരി 49.5 ആയി കുറഞ്ഞത്.

എങ്കിലും കോഹ്‌ലിയുടെ പ്രതാപത്തിന് തെല്ലും കൈമോശം വന്നിട്ടില്ല. ഈ പ്രായത്തിലും അദ്ദേഹം കളിക്കുന്ന ഷോട്ടുകൾ എത്രയോ നയനമനോഹരവും വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്നതുമാണ്. ഇപ്പോഴും അദ്ദേഹം മികച്ച രീതിയിൽ ഫിറ്റ്നസ് നിലനിർത്തുന്നു എന്നത് പലർക്കും വിശ്വസിക്കാൻ കഴിയുന്നില്ല. ഫീൽഡിൽ നിൽക്കുമ്പോൾ തന്റെ സ്വതസിദ്ധമായ ശൈലിയിൽ കാണികളെ കയ്യിലെടുക്കാൻ കോഹ്‌ലിയെ കഴിഞ്ഞേ ഉള്ളൂ വേറെ ആരും. പാകിസ്ഥാന് എതിരായ മത്സരത്തിലൂടെ തന്റെ കരിയറിലെ 71 ആം സെഞ്ചുറി നേടി ഇന്ത്യയെ വിജയത്തിൽ എത്തിക്കുമെന്ന പ്രതീക്ഷയിലാണ് കോഹ്‌ലി ആരാധകർ.