കോഹ്ലിക്ക് ഷോക്ക് 😱ഡ്രീം ബോളുമായി മൊയിൻ അലി :കാണാം വീഡിയോ

പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ – ചെന്നൈ സൂപ്പർ കിംഗ്സ് മത്സരത്തിൽ ആർസിബി 173 റൺസ് കണ്ടെത്തി. മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ആർസിബിക്ക് വേണ്ടി ഓപ്പണർമാരായ വിരാട് കോഹ്ലിയും (30) ക്യാപ്റ്റൻ ഡ്യൂപ്ലസിസും (38) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 62 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി.

ഈ സീസണിൽ ആർസിബി തങ്ങളുടെ ഓപ്പണിങ് വിക്കറ്റിൽ നേടുന്ന ഏറ്റവും ഉയർന്ന കൂട്ടുകെട്ടിന്, ഇന്നിംഗ്സിന്റെ 8-ാം ഓവറിൽ ഡ്യൂപ്ലസിസിനെ പുറത്താക്കി മൊയീൻ അലിയാണ്‌ അവസാനം കുറിച്ചത്. തുടർന്ന്, മൊയീൻ അലി തന്റെ തൊട്ടടുത്ത ഓവറിൽ വിരാട് കോഹ്‌ലിയേയും പുറത്താക്കി ആർസിബിയെ ഞെട്ടിച്ചു.

മൊയീൻ അലിയുടെ ഓഫ് ബ്രേക്ക്‌ ബോൾ ഫ്രന്റ്‌ ഫുട്ട് ഷോട്ടിന് ശ്രമിച്ച കോഹ്‌ലിക്ക് പിഴ്ച്ചതോടെ, അലിയുടെ തകർപ്പൻ ബോൾ കോഹ്‌ലിയുടെ സ്റ്റംപുകൾ പിഴുതെടുക്കുകയായിരുന്നു. ‘ഡ്രീം ബോൾ’ എന്നാണ് കമന്റെറ്റർമാർ അലിയുടെ പന്തിനെ വിശേഷിപ്പിച്ചത്. 4 ഓവറിൽ 28 റൺസ് വഴങ്ങിയ മൊയീൻ അലി 2 വിക്കറ്റുകൾ വീഴ്ത്തി ഫോമിലേക്ക് തിരിച്ചെത്തിയതും ശ്രദ്ധേയമായി.

ഗ്ലെൻ മാക്സ്വെൽ (3) വീണ്ടും നിരാശപ്പെടുത്തിയപ്പോൾ, മധ്യനിര ബാറ്റർമാരായ മഹിപൽ ലോംറർ (42), രജത് പട്ടിദർ (21) എന്നിവർ മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു. ഇന്നിംഗ്സിന്റെ 16-ാം ഓവറിൽ ഡ്വയ്ൻ പ്രിട്ടോറിയസ്‌ പട്ടിദറിനെ മടക്കി ആ കൂട്ടുകെട്ടും അവസാനിപ്പിച്ചു. പ്രിട്ടോറിയസിന്റെ ബോൾ ഉയർത്തിയടിച്ച പട്ടിദറിനെ ഡീപ് മിഡ്‌ വിക്കറ്റിൽ ഒരു തകർപ്പൻ റണ്ണിംഗ് ക്യാച്ചിലൂടെ മുകേഷ് ചൗധരി പിടിക്കൂടുകയായിരുന്നു. എന്നിരുന്നാലും, വാലറ്റത്ത് ദിനേശ് കാർത്തിക് തകർത്തടിച്ചതോടെ ആർസിബി നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടി.