കോഹ്ലിക്ക് സെഞ്ച്വറി അതിലേറെ മനോഹരം ഈ കാഴ്ച!! വൈറലായി ഈ ആരാധകൻ : വീഡിയോ
ഏഷ്യ കപ്പ് സൂപ്പർ 4-ൽ അഫ്ഘാനിസ്ഥാനെതിരെ ഇന്ത്യ ജയം നേടിയെങ്കിലും ഏഷ്യ കപ്പിൽ നിന്ന് നേരത്തെ പുറത്തായത് കൊണ്ട് തന്നെ ഇന്ത്യയുടെ ഈ വിജയത്തിന് തിളക്കം കുറവായിരുന്നു. എന്നാൽ, വിരാട് കോഹ്ലിയുടെ സെഞ്ച്വറിയാണ് അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിൽ ഹൈലൈറ്റ് ആയത്. ടി20 ഫോർമാറ്റിലെ കോഹ്ലിയുടെ ആദ്യ സെഞ്ച്വറി എന്നതിലുപരി, 2 വർഷത്തിന് ശേഷമാണ് കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു സെഞ്ച്വറി നേടുന്നത്.
2019 നവംബറിലാണ് കോഹ്ലി അദ്ദേഹത്തിന്റെ 70-ാം സെഞ്ച്വറി നേടിയത്. പിന്നീട്, കോഹ്ലിയുടെ സെഞ്ച്വറിക്കായി കോഹ്ലി ആരാധകർ കാത്തിരിപ്പിലായിരുന്നു. ആരാധകരുടെ ഈ കാത്തിരുപ്പിനാണ് അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിൽ വിരാമമായത്. കോഹ്ലിയുടെ സെഞ്ച്വറി നേട്ടം ആരാധകർക്കും, കോഹ്ലിക്കും എത്രമാത്രം സന്തോഷകരമായ നിമിഷമായിരുന്നു എന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

അഫ്ഘാനിസ്ഥാനെതിരെ കോഹ്ലി സെഞ്ച്വറി നേടിയ നിമിഷം അദ്ദേഹം ഹെൽമെറ്റ് ഊരി ബാറ്റ് ആകാശത്തേക്ക് ഉയർത്തി കാണികളെ അഭിവാദ്യം ചെയ്തിരുന്നു. ഈ നിമിഷം കോഹ്ലിയുടെ മുഖത്ത് വിരിഞ്ഞ ചിരി അദ്ദേഹത്തിന്റെ വളരെ നാളത്തെ കഠിനാധ്വാനത്തിന്റെ മുഴുവൻ സംതൃപ്തിയും പ്രകടിപ്പിക്കുന്നതാണ്. കോഹ്ലി ബാറ്റ് ഉയർത്തി കാണികളെ അഭിവാദ്യം ചെയ്യുന്ന സമയം അദ്ദേഹത്തിന്റെ പിറകിൽ നിന്ന ആരാധകൻ ക്യാമറ കണ്ണുകളിൽ അകപ്പെട്ടു.
Missed this pic.twitter.com/LHjQhhQQSm
— Ali (@stuckon70) September 8, 2022
ഒരു പ്രായമായ ആരാധകൻ രണ്ട് കൈകളും ഉയർത്തി വിരാട് കോഹ്ലിയെ ആശിർവദിക്കുന്ന ദൃശ്യമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഈ ദൃശ്യം ആരാധകർ കോഹ്ലിയുടെ സെഞ്ച്വറിക്കായി എത്രമാത്രം ആഗ്രഹിച്ചിരുന്നു എന്ന് തെളിയിക്കുന്നതാണ്. ഏഷ്യ കപ്പിലെ കോഹ്ലിയുടെ പ്രകടനം ടി20 ലോകകപ്പിൽ ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നുണ്ട്. വെറ്റെറൻ ബാറ്റർ ഫോം കണ്ടെത്തിയാൽ ഇന്ത്യൻ ടീമിന് കൂറ്റൻ ടോട്ടൽ കണ്ടെത്താൻ സാധിക്കും എന്ന് ഒരിക്കൽ കൂടി തെളിയിച്ച മത്സരമായിരുന്നു അഫ്ഘാനിസ്ഥാനെതിരായ മത്സരം.