കോഹ്ലിക്ക് ആ ഐഡിയ കൊടുത്തത് സഞ്ജു!!ഇന്ത്യയെ ജയിപ്പിച്ച സഞ്ജു ബുദ്ധിയെ പുകഴ്ത്തി മുൻ കോച്ച്

2020-ൽ ഓസ്ട്രേലിയയിൽ നടന്ന ടി20 പരമ്പര വലിയൊരു തിരിച്ചുവരവ് നടത്തിക്കൊണ്ടാണ് ഇന്ത്യ അന്ന് സ്വന്തമാക്കിയത്. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ആദ്യ മത്സരത്തിൽ പരാജയം വഴങ്ങിയ ഇന്ത്യ, സിഡ്നിയിൽ നടന്ന രണ്ടാമത്തെ മത്സരത്തിലും കാൻബെറയിൽ നടന്ന മൂന്നാമത്തെ മത്സരത്തിലും വിജയം നേടിയാണ് പരമ്പര സ്വന്തമാക്കിയത്. ഇതിൽ, ഇന്ത്യ കാൻബെറയിൽ നേടിയ വിജയം ഏറെ വിവാദങ്ങൾക്കും വഴി വെച്ചിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്തത് ഇന്ത്യയാണ്. അവസാന ഓവറുകളിൽ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ (23 പന്തിൽ 44*) തകർത്തടിച്ചതോടെ ഇന്ത്യക്ക് നിശ്ചിത ഓവറിൽ 161 റൺസ് എടുക്കാൻ സാധിച്ചിരുന്നു. എന്നാൽ, സീൻ അബോട്ടിന്റെ ബോൾ ഹെൽമെറ്റിൽ തട്ടിയതിനെ തുടർന്ന് രവീന്ദ്ര ജഡേജക്ക് പിന്നീട് മത്സരത്തിൽ തുടരാൻ ആകില്ല എന്ന സ്ഥിതി വരികയായിരുന്നു. ഈ വേളയിൽ ഇന്ത്യ കൺക്കഷൻ സബ്സ്റ്റിറ്റ്യൂട്ട് ആയി യുസ്വേന്ദ്ര ചഹലിനെ ഇറക്കുകയായിരുന്നു. ചഹൽ ബോളിംഗിൽ കിടിലൻ പ്രകടനം പുറത്തെടുക്കുകയും ചെയ്തു.

ബൗളിംഗിൽ 4 ഓവറിൽ 25 റൺസ് വഴങ്ങി 3 വിക്കറ്റ് നേടിയ യുസ്വേന്ദ്ര ചഹൽ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് ആയി മാറുകയും ചെയ്തു. മത്സരത്തിനിടെ ബാറ്റിംഗിൽ തിളങ്ങിയ ജഡേജക്ക് പകരം ചഹലിനെ ഇറക്കുന്നതിനെതിരെ ഓസ്ട്രേലിയൻ താരങ്ങൾ വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും, അമ്പയർ അത് മുഖവിലക്കെടുത്തില്ല. ഇത് ഇന്ത്യൻ ടീമിന് ആ മത്സരം വിജയിക്കാൻ ഗുണം ചെയ്തു എന്ന് മാത്രമല്ല, ഓസ്ട്രേലിയയിൽ ഒരു പരമ്പര നേടാനും ഇന്ത്യക്ക് സാധിച്ചിരുന്നു.

എന്നാൽ, ഈ ഐഡിയ ആദ്യം സഞ്ജു സാംസണിന്റെ തലയിലാണ് കുതിച്ചത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അന്നത്തെ ഇന്ത്യയുടെ ഫീൽഡിംഗ് പരിശീലകനായിരുന്ന ആർ ശ്രീധർ. പരിശീലകൻ രവി ശാസ്ത്രി, ക്യാപ്റ്റൻ വിരാട് കോഹ്ലി എന്നിവർക്ക് ഒന്നും തന്നെ ജഡേജക്ക് പരിക്ക് പറ്റിയ സമയം സബ്സ്റ്റിറ്റ്യൂഷനെ കുറിച്ച് ഓർമ്മ വന്നില്ല എന്ന്, സഞ്ജുവാണ് അന്നേരം ഇക്കാര്യം തങ്ങളെ ഓർമ്മപ്പെടുത്തിയത് എന്നും ആർ ശ്രീധർ ‘കോച്ചിങ് ബിയോണ്ട്: മൈ ഡെയ്‌സ് വിത്ത് ദ ഇന്ത്യൻ ക്രിക്കറ്റ് ടീം’ എന്ന തന്റെ പുസ്തകത്തിൽ എഴുതി.

4/5 - (1 vote)