വിരാട് കോഹ്‌ലി ‘ഫേക്ക്’ ആണ് ; ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ വിജയം കോഹ്ലിയുടെ ചതിയാണെന്ന് ബംഗ്ലാദേശ് താരം ആരോപിച്ചു

ടി20 ലോകകപ്പിൽ കഴിഞ്ഞ ദിവസം നടന്ന ബംഗ്ലാദേശിനെതിരായ മത്സരം ഇന്ത്യ 5 റൺസിന് വിജയിച്ചിരുന്നു. എന്നാൽ, മത്സരത്തെ കുറിച്ചുള്ള ചർച്ചകളും, ബംഗ്ലാദേശിന്റെ ഭാഗത്തുനിന്നുള്ള ആരോപണങ്ങളും അവസാനിക്കുന്നില്ല. മത്സരത്തിൽ ഇന്ത്യൻ ടീം ക്രിക്കറ്റിന്റെ സ്പിരിറ്റിന് ചേരാത്ത പ്രവർത്തികൾ ചെയ്തു എന്ന് ബംഗ്ലാദേശ് ആരാധകർ മത്സരശേഷം പ്രതികരിച്ചതിന് പിന്നാലെ, ഇന്ത്യൻ താരം വിരാട് കോഹ്ലിക്കെതിരെ ബംഗ്ലാദേശ് താരം നൂറുൽ ഹസൻ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

വിരാട് കോഹ്‌ലി മത്സരത്തിനിടെ ഫേക്ക് ഫീൽഡിങ് കാണിച്ച് ബംഗ്ലാദേശ് ബാറ്റർമാരെ ഡിസ്ട്രാക്ട് ചെയ്തു എന്നാണ് ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ആരോപിച്ചിരിക്കുന്നത്. ഇന്നിംഗ്സിന്റെ 7-ാം ഓവറിലാണ് ആരോപണത്തിന് കാരണമായ സംഭവം നടന്നതായി നൂറുൽ ഹസൻ ചൂണ്ടിക്കാണിക്കുന്നത്. അർഷദീപ് സിംഗ് ഡീപ്പിൽ നിന്ന് എറിഞ്ഞ ബോൾ, കോഹ്‌ലി തന്റെ കൈകളിൽ പിടിക്കുന്നതായി ആക്ഷൻ കാണിക്കുകയായിരുന്നു.

ഇത്‌ അമ്പയർമാരോ ബംഗ്ലാദേശ് ബാറ്റർമാരായ ലിറ്റൺ ദാസോ, നജ്മുൽ ഹോസൈൻ ഷാന്റോയോ കണ്ടില്ല. ഇവരിൽ ആരുടെയെങ്കിലും ശ്രദ്ധയിൽപ്പെടുകയായിരുന്നുവെങ്കിൽ, മത്സരം തന്നെ ബംഗ്ലാദേശിന് അനുകൂലമായേക്കാവുന്ന ഒരു വിധി അവിടെ ഉണ്ടാകുമായിരുന്നു എന്ന് നൂറുൽ ഹസ്സൻ പറഞ്ഞു. ബാറ്റർമാരെ മനഃപൂർവം ഡിസ്ട്രാക്ട് ചെയ്യുന്ന പ്രവർത്തി ഫീൽഡർമാരുടെ ഭാഗത്തുനിന്ന് ഉണ്ടായാൽ, പിഴയായി ബാറ്റിംഗ് ടീമിന് 5 റൺസ് വരെ അനുവദിക്കാൻ ഐസിസി നിയമം ഉണ്ട്.

https://twitter.com/bhogleharsha/status/1588044920207835139?s=20&t=kDhOeqevTfNKHICWTfYDtg

ഒരുപക്ഷെ നൂറുൽ ഹസന്റെ ആരോപണം ശരിയായിരുന്നു എങ്കിൽ, 5 റൺസ് പിഴയായി ബംഗ്ലാദേശിന് അനുവദിച്ചിരുന്നെങ്കിൽ അത് മത്സരഫലം തന്നെ മറ്റൊന്നാക്കിയേനെ. എന്നാൽ, മത്സരത്തിൽ പരാജയപ്പെട്ടതിന് ശേഷം അവാസ്തവമായ പല ആരോപണങ്ങളും ബംഗ്ലാദേശ് ക്രിക്കറ്റ് ആരാധകർ ആരോപിച്ചിരുന്നു. എന്തുതന്നെയായാലും മത്സരം വിജയിച്ച് ഇന്ത്യ സെമി പ്രതീക്ഷകൾ ഊർജിതമാക്കി. അതേസമയം, ഇന്ത്യയോട് പരാജയപ്പെട്ട ബംഗ്ലാദേശ് സൂപ്പർ 12-ൽ നിന്ന് പുറത്താവുകയും ചെയ്തു.