10 ദിവസം മുമ്പ് കുഞ്ഞിനെ നഷ്ടമായി : ബറോഡ ബാറ്റർ വിഷ്ണു സോളങ്കി തന്റെ ദുഃഖം മറികടന്നത് സെഞ്ച്വറി നേട്ടത്തിലൂടെ

കട്ടക്കിലെ വികാഷ് ക്രിക്കറ്റ് ഗ്രൗണ്ടിൽ പുരോഗമിക്കുന്ന ബറോഡ – ചണ്ഡീഗഢ് മത്സരത്തിന്റെ വെള്ളിയാഴ്ച്ച നടന്ന രണ്ടാം ദിനം, ബറോഡ ബാറ്റർ വിഷ്ണു സോളങ്കി (103*) സെഞ്ച്വറി നേടി ക്രീസിൽ തുടർന്നതോടെ ബറോഡ 220 റൺസിന്റെ ശക്തമായ ലീഡിലേക്ക് ഉയർന്നു. ആദ്യം ബാറ്റ് ചെയ്ത ചണ്ഡീഗഢ് 168 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബറോഡ, രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 398/7 എന്ന നിലയിലാണ്.

എന്നാൽ, മത്സരത്തിൽ തന്റെ വ്യക്തിപരമായ ദുഃഖം മറികടന്ന്, തന്റെ ടീമിനെ മികച്ച നിലയിലേക്ക് നയിച്ച സോളങ്കി, ക്രിക്കറ്റ്‌ ആരാധകരുടെ അഭിനന്ദനങ്ങൾ നേടുകയാണ്. കാരണം, 10 ദിവസം മുമ്പാണ് സോളങ്കിയുടെ നവജാത മകൾ മരണപ്പെട്ടത്. പക്ഷെ, രഞ്ജി ട്രോഫി മത്സരങ്ങൾ ആരംഭിച്ചതോടെ തന്റെ വ്യക്തിപരമായ ദുഃഖങ്ങൾ മറന്ന് ടീമിന് വേണ്ടി മൈതാനത്തിറങ്ങുകയും, മികച്ച പ്രകടനം നടത്തി ടീമിനെ മുന്നോട്ട് നയിക്കുകയും ചെയ്ത സോളങ്കിയുടെ ഡെഡിക്കേഷനാണ് ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്ത് ചർച്ചാവിഷയം.

പകർച്ചവ്യാധി കാരണം 2021-ൽ നടക്കേണ്ട ടൂർണമെന്റ് റദ്ദാക്കിയതിന് ശേഷം, പ്രീമിയർ ആഭ്യന്തര ടൂർണമെന്റ് പുനരാരംഭിച്ചതിന്റെ ആവേശത്തിലായിരുന്നു 29 കാരനായ വിഷ്ണു സോളങ്കി. ബറോഡ ടീമിൽ തിരഞ്ഞെടുക്കപ്പെട്ടതോടെ, ഫെബ്രുവരി 6-ന് ബാറ്റർ തന്റെ ബറോഡ ടീമംഗങ്ങൾക്കൊപ്പം ഭുവനേശ്വറിലെത്തി. ഫെബ്രുവരി 11-ന് അർദ്ധരാത്രി സോളങ്കിയെ തേടി ആ സന്തോഷ വാർത്തയെത്തി, അദ്ദേഹത്തിനൊരു പെൺകുഞ്ഞ് പിറന്നിരിക്കുന്നു.എന്നാൽ, ആ സന്തോഷത്തിന് 24 മണിക്കൂർ മാത്രമേ ദീർഘായുസ്സുണ്ടായിരുന്നൊള്ളു. അടുത്ത ദിവസം വന്ന, അദ്ദേഹത്തിന്റെ മകൾ മരണപ്പെട്ടു എന്ന വാർത്ത, സോളങ്കിയെ അസ്വസ്ഥനാക്കി. അദ്ദേഹം ഉടനെ ഫ്ലൈറ്റ് എടുത്ത് നാട്ടിലേക്ക് പറക്കുകയും ചെയ്തു.

തന്റെ നവജാതശിശുവിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അടുത്ത ദിവസം വൈകുന്നേരം സോളങ്കി വഡോദരയിലെത്തി. മൂന്ന് ദിവസത്തിന് ശേഷം സോളങ്കി ടീമിനോപ്പം ചേരുകയും, നിർബന്ധിത ക്വാറന്റൈന് ശേഷം, തങ്ങളുടെ ആദ്യ മത്സരത്തിൽ ബംഗാളിനോട് നാല് വിക്കറ്റിന് പരാജയപ്പെട്ട ബറോഡ ടീമിനോപ്പം അവരുടെ രണ്ടാം മത്സരത്തിൽ പരിചയസമ്പന്നനായ ബാറ്റർ ആദ്യ ഇലവനിൽ ഉൾപ്പെടുകയും, ടീമിനെ വലിയ സ്കോറിലേക്ക് നയിക്കുകയും ചെയ്തിരിക്കുന്നു.