എനിക്ക് ഇന്നും പരിശീലകൻ ഇല്ല 😱😱ഞാൻ ഇന്നുവരെ ഒരു പരിശീലകന്റെ കീഴിൽ പരിശീലനം നേടിയിട്ടില്ല ; മലയാളി താരം വിഷ്ണു വിനോദ് പറയുന്നു
ഐപിഎൽ 2022-ലെ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ടീമിൽ അംഗമായ മലയാളി താരം വിഷ്ണു വിനോദ് തന്റെ കരിയറിനെക്കുറിച്ചും കേരള രഞ്ജി ടീമിനെ പ്രതിനിധീകരിക്കാനുള്ള തന്റെ സ്വപ്നം എങ്ങനെ നിറവേറ്റിയെന്നതിനെക്കുറിച്ചും തുറന്നു പറയുന്നു. വിക്കറ്റ് കീപ്പർ-ബാറ്റർ 2016-ലാണ് കേരളത്തിനായി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തിയത്. വിഷ്ണു തന്റെ കീപ്പിംഗ് കഴിവുകളേക്കാൾ ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, കൂടാതെ ബാറ്റിംഗ് ലൈനപ്പിലെ ഏത് പൊസിഷനിലും പൊരുത്തപ്പെടാനുള്ള കഴിവുള്ള താരവുമാണ്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ശ്രദ്ധേയനായ വിഷ്ണു വിനോദ് 2016 മുതൽ കേരള ടീമിലെ സ്ഥിരം അംഗമാണ്. ജില്ലാ ടീമിനായി കളിച്ചാണ് വിഷ്ണു തന്റെ ക്രിക്കറ്റ് യാത്ര ആരംഭിക്കുന്നത്. ജില്ല ക്രിക്കറ്റ് അസോസിയേഷന്റെ ഉധാരമായ സഹായവും പിന്തുണയും, വിഷ്ണുവിനെ വലിയ സ്വപ്നം കാണാനും സംസ്ഥാന ടീമിലേക്ക് കടക്കാനും അദ്ദേഹത്തെ സഹായിച്ചു. എന്നാൽ, താൻ ഇതുവരെ ഒരു പരിശീലകന്റെ കീഴിലായി പരിശീലനം നടത്തിയിട്ടില്ല എന്നാണ് വിഷ്ണു പറയുന്നത്.

“ഇന്നുവരെ ഞാൻ ഒരു ക്രിക്കറ്റ് പരിശീലകന്റെ കീഴിൽ പരിശീലിച്ചിട്ടില്ല. പത്തനംതിട്ട ജില്ലാ സെക്രട്ടറി ശ്രീ ജോജി ജോണാണ് ക്രിക്കറ്റിൽ എന്നെ സഹായിച്ചത്. പരിശീലന സമയത്ത് സജ്ജീകരണങ്ങൾ ഒരുക്കുന്നതിലും ഉപകരണങ്ങൾ ലഭ്യമാക്കുന്നതിലും എല്ലാം അദ്ദേഹം എന്നെ സഹായിച്ചു. ഇപ്പോൾ പോലും എനിക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ അല്ലെങ്കിൽ മത്സരത്തിന് മുമ്പ് ഒരാളോട് സംസാരിക്കാൻ തോന്നുന്നുവെങ്കിൽ, ഞാൻ ആദ്യം വിളിക്കുന്നത് അദ്ദേഹത്തെയാണ്. അദ്ദേഹം പറയുന്ന കാര്യങ്ങൾ എന്നെ വളരെയധികം സഹായിക്കുന്നു,” എസ്ആർഎച്ച് പങ്കിട്ട ഒരു വീഡിയോയിൽ വിഷ്ണു പറഞ്ഞു.
കേരള സംസ്ഥാന ടീമിന് വേണ്ടി കളിക്കാൻ തനിക്ക് പ്രചോദനം ലഭിച്ചത് എങ്ങനെയെന്നും വിഷ്ണു വിനോദ് വെളിപ്പെടുത്തി. രഞ്ജി ട്രോഫിയിൽ കേരളത്തെ പ്രതിനിധീകരിച്ച് സംസ്ഥാന ജഴ്‌സി അണിയണമെന്ന സ്വപ്നവുമായി തന്റെ ജില്ല ടീമിലെ സഹതാരങ്ങൾ കളിക്കുന്നത് കണ്ടപ്പോൾ സ്വയം കഠിനാധ്വാനം ചെയ്യാനും ഗെയിമിൽ വലുതാകാനും തനിക്ക് പ്രോത്സാഹനമായി എന്ന് അദ്ദേഹം വിശദീകരിച്ചു.