
സഞ്ജുവല്ല രാഹുലാണ് മികച്ചവൻ… ആ പ്രഖ്യാപനവുമായി സേവാഗ്
സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസും കെഎൽ രാഹുൽ നായകനായ ലക്നൗ സൂപ്പർ ജിയന്റ്സും തമ്മിലുള്ള ഐപിഎൽ പോരാട്ടം ജയ്പൂരിലെ സാവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്. ഇരു ടീമുകളും തമ്മിലുള്ള മത്സരം, ഇരു ടീമുകളിലെയും ക്യാപ്റ്റന്മാർ തമ്മിലുള്ള പോരാട്ടം കൂടിയായി ശ്രദ്ധിക്കപ്പെടുകയാണ്. ഇത് സംബന്ധിച്ച് മത്സരത്തിനു മുന്നോടിയായി മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ് അദ്ദേഹത്തിന്റെ അഭിപ്രായം പങ്കുവെക്കുകയുണ്ടായി.
സമീപകാലത്ത് ലഭിക്കുന്ന അവസരങ്ങളിൽ മികച്ച രീതിയിൽ കളിച്ചിട്ടും ദേശീയ ടീമിൽ അർഹിക്കുന്ന അവസരം സഞ്ജുവിന് നൽകുന്നില്ല എന്നത് ആരാധകർക്കിടയിൽ പൊതുവേ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ്. അതേസമയം, സമീപകാലത്ത് മോശം ഫോമിൽ ആയിരുന്നിട്ടും കെഎൽ രാഹുലിന് വീണ്ടും വീണ്ടും ദേശീയ ടീമിൽ അവസരം നൽകുന്നതിനെ ആരാധകർ വിമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ സെവാഗ് വ്യത്യസ്തമായ ചിന്താഗതിക്കാരനാണ്.
മുൻ ഇന്ത്യൻ ഓപ്പണറുടെ കാഴ്ചപ്പാടിൽ സഞ്ജുവിനെക്കാൾ മികച്ച താരം രാഹുൽ തന്നെയാണ്. “ദേശീയ ടീമിലെ പ്രകടനത്തെ മാത്രം വിലയിരുത്തിയാണ് ഞാൻ സംസാരിക്കുന്നത്. അങ്ങനെ നോക്കിയാൽ സഞ്ജുവിനെക്കാൾ മിടുക്കൻ രാഹുൽ തന്നെയാണ്. രാഹുൽ ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നു. അവൻ വിദേശത്ത് സെഞ്ച്വറി നേടി. ഏകദിന ഫോർമാറ്റിലും മികച്ച പ്രകടനമാണ് നടത്തുന്നത്. ഓപ്പണർ എന്ന നിലയിലും മധ്യനിര ബാറ്റർ ആയും രാഹുലിനെ ഉപയോഗിക്കാം,” സേവാഗ് പറയുന്നു.
“ടി20 ഫോർമാറ്റിലും, രാഹുൽ മോശക്കാരൻ ആണെന്ന് ഞാൻ പറയുന്നില്ല. അവന്റെ സ്ട്രൈക്ക് റേറ്റ് കുറവായിരിക്കാം. എന്നിരുന്നാലും, അവൻ ക്രീസിൽ തുടരുമ്പോൾ ലക്നൗന് വലിയ ടോട്ടലുകൾ കണ്ടെത്താൻ സാധിക്കുന്നു. അവൻ ഇപ്പോൾ ടി20 ഫോർമാറ്റിലും ഫോമിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്,” സേവാഗ് പറഞ്ഞു. സേവാഗിന്റെ അഭിപ്രായം അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം ആണെങ്കിൽ പോലും, സമീപകാലത്തെ ടി20 ഫോർമാറ്റിലെ പ്രകടനങ്ങൾ കണക്കാക്കിയാൽ, രാഹുലിനേക്കാൾ മികച്ച രീതിയിൽ സഞ്ജു നിൽക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്.