ഇന്ത്യക്കായി ഞാൻ എന്തിനും റെഡി!! വമ്പൻ പ്രഖ്യാപനവുമായി വിരാട് കോഹ്ലി

ഇപ്പോൾ, മോശം ഫോമിന്റെ പേരിൽ നിരവധി വിമർശനങ്ങൾ നേരിട്ടുക്കൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലി. എന്നാൽ, അദ്ദേഹത്തിന്റെ മുൻകാല സംഭാവനകൾ കണക്കിലെടുത്താൽ ഏത് മത്സരവും ഒറ്റയ്ക്ക് ജയിപ്പിക്കാൻ കെൽപ്പുള്ള ബാറ്ററാണ് കോഹ്‌ലി. അതുകൊണ്ട് തന്നെ കോഹ്‌ലി ഉടനെ ഫോമിലേക്ക് മടങ്ങിയെത്തും എന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം ഇന്ത്യൻ ക്രിക്കറ്റ് ആരാധകരും.

ഇപ്പോൾ സ്റ്റാർ സ്പോർട്സിന് നൽകിയ ഒരു അഭിമുഖത്തിൽ തന്റെ ഭാവിപ്രതീക്ഷകളും ആഗ്രഹങ്ങളും പങ്കുവെച്ചിരിക്കുകയാണ് വിരാട് കോഹ്‌ലി. ഈ വർഷം നടക്കാനിരിക്കുന്ന പ്രധാന ടൂർണമെന്റുകളിൽ വിജയിക്കുക എന്നതാണ് കോഹ്ലിയുടെ ആഗ്രഹം. അതിന് വേണ്ടി തന്നാൽ കഴിയുന്നതെന്തും ഇന്ത്യൻ ടീമിന് നൽകാൻ താൻ തയ്യാറാണെന്നും കോഹ്‌ലി അറിയിച്ചു. ഏഷ്യ കപ്പ്, ഐസിസി ടി20 ലോകകപ്പ് എന്നിവയാണ് ഈ വർഷം നടക്കാനിരിക്കുന്ന പ്രധാന ടൂർണമെന്റുകൾ.

“ഇന്ത്യൻ ടീമിനായി ഇനി വരുന്ന രണ്ട് പ്രധാന ടൂർണമെന്റുകളിൽ വിജയിക്കുക എന്നതാണ് എന്റെ ആഗ്രഹം. അതിനുവേണ്ടി ഇന്ത്യൻ ടീമിനായി എന്നാൽ കഴിയുന്നത് എന്തും നൽകാൻ ഞാൻ തയ്യാറാണ്,” കോഹ്‌ലി പറഞ്ഞു. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 11 വരെയാണ് ഏഷ്യ കപ്പ്‌ നടക്കുക. ശ്രീലങ്കയാണ്‌ ആദ്യം ഏഷ്യാകപ്പിനായി വേദി നിശ്ചയിച്ചിരുന്നതെങ്കിലും, ശ്രീലങ്കയിൽ ഇപ്പോൾ നിലനിൽക്കുന്ന പ്രതിസന്ധികൾ കാരണം, ടൂർണമെന്റ് യുഎഇയിലേക്ക് മാറ്റിയിട്ടുണ്ട്.

ഒക്ടോബർ 16 മുതൽ നവംബർ 13 വരെ ഓസ്ട്രേലിയയിൽ ആണ് ഐസിസി ടി20 ലോകകപ്പ് നടക്കുക. നിലവിൽ പുരോഗമിക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ കോഹിലിക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷം നടക്കാനിരിക്കുന്ന സിംബാബ്‌വെ പര്യടനത്തിൽ കോഹ്‌ലി കളിച്ചേക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ട്. സിംബാബ്‌വെ പര്യടനത്തിൽ ഫോം വീണ്ടെടുത്ത് പ്രധാന ടൂർണമെന്റുകൾക്ക് കോഹ്ലിയെ സജ്ജമാക്കാനാണ് ടീം മാനേജ്മെന്റ് പദ്ധതിയിടുന്നത്.