ഐപിഎൽ 2022 സീസണിൽ വിരാട് കോഹ്ലിയെ വിട്ടൊഴിയാതെ നിർഭാഗ്യം പിന്തുടരുകയാണ്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിൽ, മത്സരത്തിന്റെ ഏഴാം ഓവറിൽ ഓൾറൗണ്ടർ ലളിത് യാദവിന്റെ ഒരു ഡയറക്റ്റ് ഹിറ്റ് ആണ് മുൻ ആർസിബി ക്യാപ്റ്റന്റെ ഇന്നിംഗ്സിന് അവസാനം കുറിച്ചത്.
ടൂർണമെന്റിൽ രണ്ടാം തവണയാണ് വിരാട് കോഹ്ലി റണ്ണൗട്ടാവുന്നത്.ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കളിയുടെ രണ്ടാം ഓവറിൽ തന്നെ യുവ ഓപ്പണർ അനൂജ് റാവത്തിന്റെ വിക്കറ്റ് നഷ്ടമായി. ഷാർദുൽ താക്കൂറിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് അനൂജ് റാവത്ത് മടങ്ങിയത്. ഇതിന് പിന്നാലെയാണ് മൂന്നാമനായി വിരാട് കോഹ്ലി ക്രീസിലെത്തിയത്.ഖലീൽ അഹ്മദിനെതിരെ ഒരു ബൗണ്ടറിയൊക്കെ നേടി ക്രീസിൽ താളം കണ്ടെത്തി വരുന്നതിനിടെയാണ്, ഏഴാം ഓവർ എറിയാൻ ശാർദുൽ താക്കൂർ എത്തിയത്.

താക്കൂർ എറിഞ്ഞ ഇന്നിംഗ്സിലെ ഏഴാം ഓവറിൽ രണ്ടാം ബോൾ, പോയിന്റിലേക്ക് തട്ടിയിട്ട് സിംഗിൾ കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു കോഹ്ലി. എന്നാൽ, അതിവേഗം പന്ത് കളക്ട് ചെയ്ത് സ്റ്റംപിലേക്ക് കൃത്യമായ ഒരു തകർപ്പൻ ത്രോയി എറിഞ്ഞ ലളിത് യാദവ് കോഹ്ലിയെ പുറത്താക്കി.ഇത് രണ്ടാം തവണയാണ് കോലി റണ്ണൗട്ടിന്റെ രൂപത്തിൽ പുറത്താകുന്നത്.
നേരത്തെ രാജസ്ഥാൻ റോയൽസിനെതിരെ ഒരു തകർപ്പൻ ഫീൽഡിംഗ് പ്രകടനത്തിലൂടെ സഞ്ജു സാംസൺ കോഹ്ലിയെ പുറത്താക്കിയിരുന്നു. ഈ സീസണിന്റെ തുടക്കത്തിൽ, മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ വിവാദ എൽബിഡബ്ല്യുയിലൂടെ കോഹ്ലിക്ക് വിക്കറ്റ് നഷ്ടമായിരുന്നു. വിരാട് കോഹ്ലി ബാറ്റ് ചെയ്യുമ്പോഴെല്ലാം മികച്ചതായി കാണപ്പെട്ടുവെങ്കിലും, ഈ സീസണിൽ അദ്ദേഹത്തിന്റെ പുറത്താക്കലുകൾ മിക്കവാറും അസാധാരണമായിരുന്നു.