എനിക്കൊരു കുടുംബം പോറ്റാനുണ്ട്‌; നിസ്സഹായാവസ്ഥ വെളിപ്പെടുത്തി സച്ചിന്റെ ഉറ്റ സുഹൃത്ത്

മുൻ ഇന്ത്യൻ താരവും ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറിന്റെ ബാല്യകാല സുഹൃത്തുമായ വിനോദ് കാംബ്ലി തന്റെ ഇപ്പോഴത്തെ ജീവിതാവസ്ഥ വെളിപ്പെടുത്തുകയാണ്. താൻ ജീവിതത്തിന്റെ രണ്ട് അറ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന ഒരു സ്ഥിതിയിലാണ് ഇപ്പോഴുള്ളത് എന്നും ആരെങ്കിലും എവിടെയെങ്കിലും ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു ജോലി തരപ്പെടുത്തി തരണമെന്നും അപേക്ഷിക്കുകയാണ് അദ്ദേഹം.

ഇപ്പോൾ തനിക്ക് ഒരിടത്തും ജോലിയില്ലെന്നും കുടുംബം പോറ്റാനായി എന്തെങ്കിലും ചുമതല ഏറ്റെടുത്തേ മതിയാകൂയെന്നും പറയുന്നു. ആകെ ലഭിക്കുന്നത് ബിസിസിഐ നൽകുന്ന പ്രതിമാസ പെൻഷനായ 30000 രൂപ മാത്രമാണ്. വേറെ ഒരു വഴിയും വരുമാനം ലഭിക്കുന്നില്ല. ഈ സഹായത്തിനു ബിസിസിഐ മാനേജ്മെന്റിന് നന്ദിയും കടപ്പാടും അറിയിക്കുന്നു എന്നും മിഡ് ഡെ പത്രത്തിനു നൽകിയ അഭിമുഖത്തിൽ കാംബ്ലീ വ്യക്തമാക്കി.

ഈ പെൻഷൻ തുക കൊണ്ട് മാത്രം ജീവിക്കാനാവില്ല എന്ന് പറഞ്ഞ അദ്ദേഹം യുവതാരങ്ങൾക്ക് വേണ്ടി എന്തെങ്കിലും തരത്തിലുള്ള കോച്ചിംഗോ മറ്റോ ചെയ്യാൻ സമ്മതമാണ് എന്ന് അറിയിക്കുകയാണ്. തന്റെ ബാല്യകാലം തൊട്ടുള്ള ഉറ്റ സുഹൃത്ത് ആയ സച്ചിന് തന്റെ അവസ്ഥയെ കുറിച്ച് നന്നായി അറിയാമെന്നും എങ്കിലും അദ്ദേഹത്തിൽ നിന്നും ഒരു സഹായവും ഞാൻ പ്രതീക്ഷിക്കുന്നില്ല എന്നും കാംബ്ലി പറഞ്ഞുവെക്കുന്നൂ.

വളരെ മികച്ച രീതിയിൽ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഒരു താരമായിരുന്നു വിനോദ് കാംബ്ലി. കരിയറിലെ ആദ്യ ഏഴ് ടെസ്റ്റ് മത്സരങ്ങളിൽ രണ്ട് ഡബിൾ സെഞ്ചുറി ഉൾപ്പെടെ 113.29 ശരാശരിയിൽ 793 റൺസ് അടിച്ചുകൂട്ടിയിരുന്നു. തൊണ്ണൂറുകളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒരു മിന്നും താരമായിരുന്നു അദ്ദേഹം. എന്നാൽ കളിക്കളത്തിന് പുറത്തെ വഴിവിട്ട ജീവിതം അദ്ദേഹത്തിന്റെ സ്ഥിരത നഷ്ടപ്പെടുത്തി. പിന്നീട് ടീമിൽ വന്നും പോയും ഇരിക്കുന്ന ഒരു താരമായി മാറിയ ഈ ഇടംകൈയ്യൻ ബാറ്റർക്ക് മുന്നിൽ ടീം ഇന്ത്യയുടെ വാതിൽ കൊട്ടിയടയ്ക്കപ്പെട്ടു.

Rate this post