ഒരു കായിക താരത്തിനും ലഭിക്കാത്ത വിടവാങ്ങൽ , വിബിൻ എം ജോർജ് .

ഇങ്ങനെയൊരു വിടവാങ്ങൽ ഒരു കായിക താരത്തിന് ലഭിച്ചിട്ടുണ്ടോ എന്നത് സംശയമുള്ള കാര്യമാണ്. ഇതിലും വലിയ വിടവാങ്ങൽ ഒരു താരത്തിനും ഇനി ലഭിക്കുകയുമില്ല. സ്വന്തം നാട്ടിൽ 15000 ത്തോളം വരുന്ന ആർത്തിരമ്പുന്ന വോളി ആരധകർക്കും കുടുംബവും സുഹൃത്തുക്കളേയും ഉൾപ്പെടുന്നവർക്ക്‌ മുന്നിൽ അവസാന പോയിന്റും നേടി കേരളത്തിന് വീണ്ടുമൊരു നാഷണൽ കിരീടം നേടിക്കൊടുക്കാൻ വിബിൻ എം ജോർജിനല്ലാതെ ആർക്കും സാധിക്കുകയില്ല.

റയിൽവേസിനെതിരെയുള്ള ഫൈനലിലെ നാലാം സെറ്റിൽ 24 -21 എന്ന സ്‌കോറിൽ സെറ്റർ ജിതിൻ ഉയർത്തിയ പന്ത് കോർട്ടിൽ നിന്നും പറന്നുയർന്നു ശക്തമായ അറ്റാക്കിലൂടെ എതിർ കോർട്ടിൽ പതിഞ്ഞത്തോടെ കാണികൾ ഹര്ഷാരവത്തോടെയും സഹതാരങ്ങൾ ചുമലിലേറ്റിയുമാണ് കിരീട മുഹൂർത്തം ആഘോഷിച്ചത്. 14 വര്ഷം നീണ്ട കേരള കരിയർ 2018 ലെ കോഴിക്കോട് നാഷണൽ ചാമ്പ്യൻഷിപ്പിൽ ഒരു വിന്നിങ് ഷോട്ടോടു കൂടി സംസ്ഥാനത്തിന് കിരീടം നേടിക്കൊടുത്തു 33 ആം വയസ്സിൽ ഫോമിൽ നിൽക്കുമ്പോൾ കേരള കരിയറിന് അവസാനം കുറിക്കാൻ വിബിനായി. 2001 ൽ വിദ്യാർത്ഥി ആയിരിക്കുമ്പോൾ 49 മത് നാഷണൽ ചാംപ്യൻഷിപ് കോഴിക്കോട് നടന്നപ്പോൾ സ്വന്തം നാടായ തൊട്ടുമുകത്ത് നിന്നും മത്സരം കാണാൻ എത്തിയ വിബിൻ അതെ കോർട്ടിൽ 17 വർഷങ്ങൾക്കപ്പുറം കേരളത്തിന് വേണ്ടി കിരീടം നേടിയപ്പോൾ തൻറെ 17 വർഷത്തെ കഠിനാധ്വാനത്തിന്റെയും, നിശ്ചയദാർഢ്യത്തിന്റെയും ഫലമായിരുന്നു കോർട്ടിൽ കണ്ടത്.

2002 ൽ 17 ആം വയസ്സിൽ സായി പരിശീലകൻ അഗസ്റ്റിൻ സാറിന്റെ അടുത്തെത്തിയതോടു കൂടിയാണ് വിബിൻ ഒരു പൂർണ വോളി താരമാവുന്നത്.2004 ൽ ടോം ജോസഫ് ,കിഷോർ കുമാർ ,രാജീവ് എന്നി ഇന്ത്യൻ താരങ്ങൾ അണിനിരന്ന ഭാരത് പെട്രോളിയത്തിൽ ചേർന്നതോടെ വിബിൻ ഇന്ത്യൻ വോളിയുടെ പടവുകൾ പതിയെ ചവിട്ടി കയറി. ജൂനിയർ തലത്തിൽ ഇന്ത്യൻ ടീമിൽ അംഗമായില്ലെങ്കിലും 2007 ൽ ഇസ്ലാമബാദിൽ നടന്ന സെൻട്രൽ ഏഷ്യൻ വോളീബോൾ ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി. ആ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ കിരീടം നേടുകയും വിബിൻ ഇന്ത്യൻ ടീമിൽ സ്ഥിരംഗമാവുകയും ചെയ്തു. 2010 ൽ ദുബായിൽ നടന്ന റാഷിദ് വോളിയിൽ ഇന്ത്യൻ ക്യാപ്ടനായിരുന്നു വിബിൻ. അതെ വർഷം തന്നെ ടെഹ്റാനിൽ നടന്ന ഏഷ്യൻ കപ്പിൽ വെങ്കലം നേടിയ ടീമിൽ അംഗമായ വിബിൻ മികച്ച പ്രകടനം കാഴ്ചവെച്ചു.

2011 ൽ മുട്ടിനേറ്റ പരിക്ക് മൂലം ഇന്ത്യൻ ടീമിൽ നിന്നും സ്ഥാനം നഷ്ടപെട്ട വിബിൻ 2012 ൽ വിയറ്റ്നാമിൽ നടനാണ് ഏഷ്യൻ കപ്പിൽ ഇന്ത്യൻ ടീമിൽ ഇടം നേടുകയും ചെയ്തു. ഇന്ത്യക്കായി ഏഷ്യൻ ചാമ്പ്യൻഷിപ്പ് ,കോമ്മൺവെൽത്ത് ഗെയിംസ് ,സാഫ് ഗെയിംസ് ,ഏഷ്യൻ കപ്പ് എന്നിവയിൽ പങ്കെടുത്തിട്ടുണ്ട്. ബിപിസിഎല്ലിൽ ചേർന്നതിനു ശേഷം ഓഎൻജിസി യുടെ കുത്തകയായിരുന്ന ഓൾ ഇന്ത്യ പെട്രോളിയം ചാമ്പ്യൻഷിപ്പ് തിരിച്ചു പിടിക്കുന്നതിൽ വിബിൻ പ്രധാന പങ്കു വഹിച്ചു. ബിപിസിഎല്ലിനോപ്പോം കേരളത്തിനകത്തും പുറത്തും നിരവധി ടൂർണമെന്റുകളിൽ പങ്കെടുത്തിട്ടുള്ള വിബിൻ കേരളത്തിന്റെ ജേഴ്‌സി അഴിച്ചതിനു ശേഷവും ബിപിസിഎൽ ടീമിലെ സ്ഥിര സാന്നിധ്യമാണ്.

തൻറെ 35 ആം വയസിലും കാത്തുസൂക്ഷിക്കുന്ന ഫിറ്റ്നെസ്സും, കളിയോടുള്ള ആത്മാർത്ഥതയും, കഠിനാധ്വാനവും വിബിനെ ഇപ്പോഴും വോളി കോർട്ടിൽ നിറഞ്ഞു നില്ക്കാൻ സഹായിക്കുന്നു. മികച്ച ഫസ്റ്റ് പാസും ( കേരളത്തിലെ വളർന്നു വരുന്ന താരങ്ങളുടെ വലിയ പ്രശ്നമാണ് ഫസ്റ്റ് പാസ്),ജമ്പിങ് സർവീസും, പിൻ കോർട്ട് ആക്രമണവും ,കണിശതയാർന്ന ഫിനിഷിങ്ങും എല്ലാം വിബിനെ വ്യത്യസ്തമാക്കുന്നു. വളർന്നു വരുന്ന ഏതൊരു വോളി താരവും മാതൃകയാക്കേണ്ട താരമാണ് വിബിൻ.