ഇക്കാര്യം മറന്നാൽ വെങ്കിക്ക് എട്ടിന്റെ പണി 😱ഉപദേശം നൽകി മുൻ ഇന്ത്യൻ താരം

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി20യിൽ ഓൾറൗണ്ടർമാരായ വെങ്കിടേഷ് അയ്യരും ദീപക് ഹൂഡയും തങ്ങളുടെ അവസരങ്ങൾ വേണ്ട രീതിയിൽ വിനിയോഗിക്കാത്തതിൽ ഭാവിയിൽ ഖേദിച്ചേക്കാമെന്ന് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ്‌ നിരീക്ഷകനുമായ ആകാശ് ചോപ്ര പറഞ്ഞു. അവസാന മത്സരത്തിൽ ടീമിനെ വിജയത്തിലേക്ക് നയിക്കാൻ ഇരുവർക്കും അവസരം ലഭിച്ചട്ടും, അവർ അതിൽ പരാജയപ്പെട്ടതാണ് ആകാശ് ചോപ്രയുടെ പ്രതികരണത്തിന് ആധാരം.

ധർമശാലയിൽ നടന്ന മൂന്നാം ടി20 മത്സരത്തിൽ ഇരുവരുടെയും വിക്കറ്റുകൾ ശ്രീലങ്കൻ പേസർ ലാഹിരു കുമാരയാണ് വീഴ്ത്തിയത്. 21 റൺസെടുത്ത ഹൂഡ, കുമാരയുടെ യോർക്കെറിനെ ഡിഫെൻഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും, ടൈമിംഗ് മിസ്സായതോടെ ക്ലീൻ ബൗൾഡ് ആവുകയായിരുന്നു. മത്സരത്തിൽ വെറും 5 റൺസെടുത്ത വെങ്കിടേഷ് അയ്യരും കുമാരയുടെ ബോൾ നേരിടുന്നതിൽ ടൈമിംഗ് പിഴച്ചതോടെ ഡീപ് സ്‌ക്വയർ ലെഗ് ഫീൽഡറുടെ കൈകളിൽ അകപ്പെടുകയായിരുന്നു.

തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിലാണ്, അവസാന ടി20 മത്സരത്തിൽ മോശം ഷോട്ടിലൂടെ പുറത്തായ വെങ്കിടേഷ് അയ്യരെ ആകാശ് ചോപ്ര പരാമർശിച്ചത്. “വെങ്കിടേഷ് അയ്യരെ ബാറ്റിംഗ് ഓർഡറിൽ മുൻപന്തിയിൽ അയച്ചു. എന്നാൽ, അദ്ദേഹം അദ്ദേഹത്തിന് ലഭിച്ച അവസരം നശിപ്പിച്ചുകളയുന്നതാണ് കണ്ടത്. നിങ്ങൾക്ക് അവസരങ്ങൾ ലഭിക്കുമ്പോഴെല്ലാം അത് വിനിയോഗിക്കുക, നിങ്ങൾക്ക് ഒരു തവണ തെറ്റ് പറ്റിയേക്കാം, പക്ഷേ അതോർത്ത് നിങ്ങൾ വളരെക്കാലം ഖേദിക്കും,” ചോപ്ര പറയുന്നു.

ഓൾറൗണ്ടർ ദീപക് ഹൂഡയ്ക്കും സമാനമായ ഉപദേശമാണ് ആകാശ് ചോപ്ര നൽകുന്നത്. “ഹൂഡയ്ക്കും തന്റെ കഴിവ് പ്രകടിപ്പിക്കാൻ ബാറ്റിംഗ് ഓർഡറിൽ ഒരു അവസരം ലഭിച്ചു. ചെറിയ രീതിയിലാണെങ്കിലും ടീം ടോട്ടലിൽ തന്റേതായ ഒരു സംഭാവന നൽകാൻ ഹൂഡയ്ക്കായി. എന്നിരുന്നാലും, അദ്ദേഹം ആ മത്സരം പൂർത്തിയാക്കേണ്ടതായിരുന്നു. നിങ്ങൾക്ക് എല്ലായിപ്പോഴും ഇത്തരത്തിൽ അവസരങ്ങൾ ലഭിക്കില്ല, അതുകൊണ്ട് തന്നെ ഇത്തരം അവസരങ്ങൾ ലഭിക്കുമ്പോൾ അത് ഉപയോഗിക്കുക,” ചോപ്ര പറഞ്ഞു.