വെങ്കടേഷ് അയ്യറോ അതോ ഹാർഥിക്ക് പാണ്ട്യയൊ 😱ഉത്തരം നൽകി മുൻ താരം

ഇന്ത്യൻ ക്രിക്കറ്റിന് ഏറെക്കാലം കാത്തിരുന്ന് കിട്ടിയ ഒരു ഫാസ്റ്റ് ബൗളർ ഓൾറൗണ്ടറായിരുന്നു ഹാർദിക് പാണ്ഡ്യ. എന്നാൽ, കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്ത് പരിക്ക് വില്ലനായി വന്നതോടെ, പാണ്ഡ്യ ഒരു ബാറ്ററായി മാത്രം ടീമിൽ കളിക്കുകയും, ശേഷം ടീമിൽ നിന്ന് പുറത്തുപോവുകയും ചെയ്തു. ശേഷം, ഐപിഎല്ലിന്റെ കണ്ടെത്തലായ ഓൾറൗണ്ടർ വെങ്കിട്ടേഷ് അയ്യരെ ഇന്ത്യ പരീക്ഷിക്കുകയും, ഒടുവിൽ നടന്ന വിൻഡീസ് പരമ്പരയിൽ ഉൾപ്പടെ അയ്യർ ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു.

അതോടെ, ഇന്ത്യൻ ക്രിക്കറ്റിൽ വലിയൊരു ചോദ്യമാണ് ഉയർന്നു വന്നിരിക്കുന്നത്. ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരവിന് തയ്യാറെടുക്കുന്ന പാണ്ഡ്യയെ, 2022 ടി20 ലോകകപ്പിനുള്ള ടീമിൽ എടുക്കുമോ, അതോ വെങ്കിട്ടേഷ് അയ്യരെ ടീമിൽ സ്ഥിരപ്പെടുത്തുമൊ എന്ന ചർച്ചയാണ് ആരാധകർക്കിടയിൽ സജീവമായിരിക്കുന്നത്. ഇപ്പോൾ, ഇക്കാര്യത്തിൽ തന്റെ അഭിപ്രായം തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം വസീം ജാഫർ രംഗത്തെത്തിയിരിക്കുകയാണ്.

ഈ വർഷം അവസാനം ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന 2022 ടി20 ലോകകപ്പിനുള്ള സെലക്ഷൻ റേസിൽ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെക്കാൾ മുൻഗണന വെങ്കിട്ടേഷ് അയ്യർക്കാണ് എന്നാണ് വസീം ജാഫറിന്റെ അഭിപ്രായം. “നിലവിൽ ഹാർദിക് പാണ്ഡ്യ എത്രത്തോളം ഫിറ്റാണെന്നൊ, ഇപ്പോൾ അവന് ബൗൾ ചെയ്യാൻ സാധിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ലാത്തതിനാൽ, വെങ്കിട്ടേഷ് അയ്യർക്കാണ് ടീമിൽ മുൻ‌തൂക്കം എന്ന് എനിക്ക് തോന്നുന്നു. തീർച്ചയായും, വരുന്ന ഐപിഎൽ സീസൺ ഹാർദിക് പാണ്ഡ്യയുടെ തിരിച്ചുവരവിൽ നിർണായക പങ്ക് വഹിക്കും, എന്നാൽ നിലവിലെ സാഹചര്യത്തിൽ വെങ്കിട്ടേഷ് അയ്യർ ഹാർദിക് പാണ്ഡ്യയെക്കാൾ മികച്ചു നിൽക്കുന്നു,” ജാഫർ പറഞ്ഞു.

ഐപിഎല്ലിൽ കെകെആറിന് വേണ്ടി ഓപ്പണിങ് ബാറ്ററായി വെങ്കിട്ടേഷ് കളിക്കുന്നത് കണ്ടിട്ടുണ്ട് എന്നും, എന്നാൽ ഇന്ത്യക്ക് വേണ്ടി ആറാം നമ്പറിൽ നടത്തിയ പ്രകടനം മികച്ചതായിരുന്നു എന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു. “ആറാം നമ്പർ ബാറ്ററായി അദ്ദേഹം എത്ര നന്നായി കളിക്കുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. അവനെ ഒരു ഓപ്പണറായി കണ്ടിട്ടുണ്ട്, പക്ഷേ അതിൽ നിന്ന് പുറത്ത് വന്ന് അയാൾ ആറാം നമ്പറിൽ നന്നായി പൊരുത്തപ്പെട്ടു, ഗെയിമുകൾ പൂർത്തിയാക്കുന്നത് മികച്ചതാണ്. കൂടാതെ, അദ്ദേഹം പന്തെറിഞ്ഞ രീതിയും മികച്ചതാണ്. അദ്ദേഹം തീർച്ചയായും ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു,” വസീം ജാഫർ കൂട്ടിച്ചേർത്തു.