അവന്റെ കഴിവ് ഉപയോഗിക്കൂ ഇതാണ് കറക്ട് ടൈം : ഉപദേശവുമായി വസീം ജാഫർ

രാഹുൽ ദ്രാവിഡ്‌ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി എത്തിയ ശേഷം അദ്ദേഹം ടീമിൽ നടപ്പിലാക്കിയ ഒരു ശൈലിയാണ് കളിക്കാരുടെ റൊട്ടേഷൻ. ക്യാപ്റ്റൻ ഉൾപ്പെടെയുള്ള താരങ്ങൾക്ക് ഇടയ്ക്കിടെ പരമ്പരകളിൽ വിശ്രമം അനുവദിക്കുന്നതുൾപ്പെടെ, ഒരു പരമ്പരയിൽ മികച്ച ഫോമിൽ കളിച്ച കളിക്കാരെ അടുത്ത പരമ്പരയിൽ മാറ്റി നിർത്തുന്നതും ഈ റൊട്ടേഷൻ രീതിയിൽ കണ്ടുവരുന്ന ഒരു പ്രവണതയാണ്.

ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്, ഇപ്പോൾ അവസാനിച്ച ന്യൂസിലാൻഡിനെതിരായ പര്യടനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമായ 6 കളിക്കാരെ മാത്രമാണ് വരാനിരിക്കുന്ന ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഈ റൊട്ടേഷൻ രീതി കളിക്കാരുടെ ആത്മവിശ്വാസത്തെ ബാധിക്കും എന്നും, ഇത് ഇന്ത്യൻ ടീമിന് ഗുണം ചെയ്യില്ല എന്നും തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ.

“ഈ റൊട്ടേഷൻ രീതി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഗുണം ചെയ്യില്ല. ഒരു മത്സരത്തിൽ മികച്ച പ്രകടനം നടത്തുമ്പോഴും ആ കളിക്കാരന്റെ മനസ്സിൽ, അടുത്ത പരമ്പരയിൽ തനിക്കു പകരം മറ്റൊരാൾ കാത്തുനിൽക്കുന്നുണ്ട് എന്ന ചിന്ത കടന്നു കൂടുമ്പോൾ അത് കളിക്കാരുടെ ആത്മവിശ്വാസത്തെ തന്നെ ബാധിക്കുന്നു. ദീപക് ഹൂഡയുടെ കാര്യത്തിൽ ഞാൻ ഇക്കാര്യം നേരത്തെ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ നൽകുമ്പോൾ മാത്രമേ, അദ്ദേഹത്തിന് അദ്ദേഹത്തിന്റെ മുഴുവൻ കളിയും പുറത്തെടുക്കാൻ സാധിക്കു,” വസീം ജാഫർ പറഞ്ഞു.

വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ചും മുൻ ഇന്ത്യൻ ഓപ്പണർ സംസാരിച്ചു. “സഞ്ജു സാംസൺ ഇപ്പോൾ മികച്ച ഫോമിൽ ആണ്. സഞ്ജുവിന് മൂന്നാം നമ്പർ മുതൽ ആറാം നമ്പർ വരെ കളിക്കാനുള്ള കഴിവുണ്ട്. അദ്ദേഹം ഒരു വിക്കറ്റ് കീപ്പർ കൂടിയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യ സഞ്ജുവിന് പരമാവധി അവസരങ്ങൾ നൽകി അവന്റെ കഴിവ് പ്രയോജനപ്പെടുത്തേണ്ടതുണ്ട്. അവന് കൂടുതൽ അവസരങ്ങൾ നൽകുമ്പോൾ അവൻ അവന്റെ പ്രതിഭ തെളിയിക്കും,” വസീം ജാഫർ പറഞ്ഞു.

Rate this post