നായികമാർക്കിടയിലെ ഒരേ ഒരു ആക്ഷൻ കിംഗ്!! നായകൻമാർക്കൊപ്പം നിന്ന വാണി വിശ്വനാഥ്

ഒരുകാലത്ത് മലയാള സിനിമയിലെ നായിക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ ഒരു നായിക ഉണ്ടായിരുന്നു. നായക കേന്ദ്രീകൃതമായ ആക്ഷൻ സീക്വൻസുകൾ കൈകാര്യം ചെയ്യാൻ തങ്ങൾക്കും കഴിയുമെന്ന് തന്റെ അഭിനയത്തിലൂടെയും സംഘട്ടനരംഗങ്ങളിലൂടെയും മലയാള സിനിമ പ്രേകഷകർക്ക് തെളിയിച്ചുകൊടുത്ത നടി. ആക്ഷൻ സൂപ്പർലേഡി എന്നറിയപ്പെടുന്ന വാണി വിശ്വനാഥ്.

വളരെ വലുതായിരുന്നു വാണിയുടെ സിനിമാ ജീവിതം.പത്താംക്ലാസിൽ പഠിയ്ക്കുമ്പോഴാണ് വാണി ആദ്യമായി സിനിമയിലഭിനയിക്കുന്നത്. 1986- ൽ പുറത്തിറങ്ങിയ മണ്ണുക്കുൾ വൈരം എന്ന തമിഴ് സിനിമയിലായിരുന്നു വാണി വിശ്വനാഥ് ആദ്യമായി അഭിനയിച്ചത്. 1987- ൽ പുറത്തിറങ്ങിയ ഗൗതമൻ സംവിധാനം ചെയ്ത മംഗല്യ ചാർത്ത് എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്.1989- ൽ ധർമ തേജ എന്ന സിനിമയിലൂടെ വാണി വിശ്വനാഥ് തെലുങ്കിലും ചുവടുറപ്പിച്ചു. കന്നഡ സിനിമകളിലും ചില ഹിന്ദി ചിത്രങ്ങളിലും വാണി അഭിനയിച്ചിട്ടുണ്ട്.

വാണി വിശ്വനാഥ് മലയാള സിനിമയിലെ മുൻ നിര താരമായി മാറുന്നത് 1995- ലായിരുന്നു. മമ്മൂട്ടിയോടൊപ്പം ദി കിംഗ്, മുകേഷിനോടൊപ്പം ശിപായിലഹള, മാന്നാർ മത്തായി സ്പീക്കിംഗ്, ജയറാമിനൊപ്പം മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത, മനോജ് കെ ജയനൊപ്പം സ്വർണ്ണ കിരീടം, സുരേഷ് ഗോപിയോടൊപ്പം തക്ഷശില എന്നീ ചിത്രങ്ങളിൽ 95- ൽ നായികയായി. തുടർന്നുള്ള വർഷങ്ങളിൽ വാണി വിശ്വനാഥ് നായികയായ നിരവധി ചിത്രങ്ങൾ മലയാളത്തിൽ പുറത്തിറങ്ങി. വലിയ വിജയം നേടിയ ഇൻഡിപെൻഡൻസ് പോലുള്ള ചിത്രങ്ങളിലൂടെ ആക്ഷൻ ഹീറോയിൻ എന്ന പരിവേഷവും വാണിയ്ക്ക് ലഭിച്ചു. മലയാള സിനിമകൾ കഴിഞ്ഞാൽ വാണി കൂടുതൽ തെലുങ്കു സിനിമകളിലാണ് നായികയായി അഭിനയിച്ചത്. 2000- ത്തിൽ ടി വി ചന്ദ്രൻ സംവിധാനം ചെയ്ത സൂസന്ന എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തിന് വാണി അർഹയായി.

2002 ഇൽ സിനിമാ താരമായ ബാബുരാജിനെ വിവാഹം ചെയ്തതിനു ശേഷവും വാണി ഒരുപിടി ചിത്രങ്ങളിൽ അഭിനയിച്ചു. അവസാനമായി പുറത്തിറങ്ങിയത് 2014 റിലീസ് ചെയ്ത മാന്നാർ മത്തായി സ്പീക്കിങ് 2 ആയിരുന്നു. 8 വർഷത്തിന് ശേഷം ജിതിൻ ജിത്തുവിന്റെ സംവിധാനത്തിൽ ദി ക്രിമിനൽ ലോയർ എന്ന ചിത്രത്തിലൂടെ വാണി വിശ്വനാഥ് തിരിച്ചു വരുന്നു എന്നാണ് സിനിമ മേഖലയിലെ വാർത്തകൾ.

Rate this post