റെക്കോർഡുകൾ തകർക്കുമെന്ന് കരുതിയ താരം😱പിന്നീട് കരിയറിൽ സംഭവിച്ചത് വൻ ട്വിസ്റ്റ്‌

പോൾ വാൽത്താട്ടി, പലരും മറന്നു തുടങ്ങിയ പേര്. അതെ, ഇന്ത്യൻ പ്രീമിയർ ലീഗിന്റെ നാലാം പതിപ്പായ 2011 സീസൺ, ലോക ക്രിക്കറ്റിന് മുന്നിൽ അവതരിപ്പിച്ച യുവ ബാറ്റർ. കിംഗ്‌സ് ഇലവൻ പഞ്ചാബിന്റെ ജേഴ്സിയിൽ, ഓസ്ട്രേലിയൻ ഇതിഹാസം ആദം ഗിൽക്രിസ്റ്റുമായി ഓപ്പണിംഗ് കൂട്ടുകെട്ടുകൾ ഉണ്ടാക്കിയ ബാറ്റർ, 2011 സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 463 റൺസ് നേടി ഉയർന്ന റൺവേട്ടക്കാരുടെ പട്ടികയിൽ ആറാമനായി. എന്നാൽ, ഇന്ത്യൻ റൺവേട്ടക്കാരുടെ പട്ടികയിൽ, കോഹ്ലിക്കും സച്ചിനും പിറകിലായി മൂന്നാമനായിരുന്നു പോൾ വാൽത്താട്ടി.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) 2011 – 2013 പതിപ്പുകളിൽ കിംഗ്‌സ് ഇലവൻ പഞ്ചാബിനെ പ്രതിനിധീകരിച്ച മുംബൈ സ്വദേശിയായ വാൽത്താട്ടി, 2011 സീസണിൽ, എംഎസ് ധോണി നായകനായ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ 63 പന്തിൽ പുറത്താകാതെ 120 റൺസ്‌ നേടിയാണ്, ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്കിടയിൽ തന്റെ പേര് പരിചയപ്പെടുത്തിയത്. ടൂർണമെന്റ് ചരിത്രത്തിലെ ഒരു കിംഗ്‌സ് ഇലവൻ പഞ്ചാബ് ബാറ്ററുടെ ഏറ്റവും മികച്ച ഇന്നിംഗ്‌സായി ഇത്‌ ഇന്നും പരക്കെ കണക്കാക്കപ്പെടുന്നു. മാത്രമല്ല, ടൂർണമെന്റ് ചരിത്രത്തിൽ ഒരു പഞ്ചാബ് ബാറ്റർ നേടുന്ന മൂന്നാമത്തെ ഉയർന്ന വ്യക്തിഗത സ്കോർ ആണിത്.

ആ സീസണിൽ, പോൾ വാൽത്താട്ടിയുടെ ബാറ്റിംഗ് കണ്ട് പഞ്ചാബ് ആരാധകരായി മാറിയത് നിരവധി പേരാണ്. ഇന്ത്യൻ ടീമിന്റെ ഭാവി ഓപ്പണർ എന്ന തലക്കെട്ടോടെ മാധ്യമങ്ങളും വാൽത്താട്ടിയെ കൊണ്ടാടി. എന്നാൽ, തൊട്ടടുത്ത സീസണുകളിൽ വാൽത്താട്ടി 2011 സീസണിന്റെ നിഴൽ മാത്രമായ കാഴ്ച്ചയാണ് ക്രിക്കറ്റ്‌ ലോകം കണ്ടത്. പിന്നീട്, തുടർച്ചയായുള്ള പരിക്കുകൾ താരത്തെ വേട്ടയാടിയതോടെ പതിയെ പതിയെ വാൽത്താട്ടി ഐപിഎല്ലിൽ നിന്ന് അപ്രത്യക്ഷനാവുകയും മാധ്യമങ്ങളും ക്രിക്കറ്റ്‌ ആരാധകരും അദ്ദേഹത്തിന്റെ പേര് മറന്നു തുടങ്ങുകയും ചെയ്തു.

പോൾ വാൽത്താട്ടി ഇപ്പോൾ എവിടെയാണ്, അദ്ദേഹം ഇപ്പോൾ എന്താണ് ചെയ്യുന്നത്? 2018-ൽ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പോൾ വാൽത്താട്ടി, തന്റെ കരിയർ പരിക്കുകളാൽ നശിപ്പിക്കപ്പെട്ടുവെന്നും, വലിയ മത്സരങ്ങൾക്കായി ഒരുങ്ങുമ്പോഴെല്ലാം അത്തരം നിർഭാഗ്യകരമായ സംഭവങ്ങൾ തന്റെ പുരോഗതിയെ തടസ്സപ്പെടുത്തിയെന്നും പറഞ്ഞു. എന്നിരുന്നാലും, തന്റെ കരിയർ ചുരുങ്ങിപ്പോയതിൽ അദ്ദേഹം ഇപ്പോൾ ഖേദിക്കുന്നില്ല. മുംബൈ ടി20 ലീഗിലെ മികച്ച റൺ സ്‌കോറർമാരിൽ ഒരാളായ വാൽത്താട്ടി, ഇപ്പോൾ എയർ ഇന്ത്യ ജീവനക്കാരനാണ്. ജോലി ചെയ്യുന്നതിന് പുറമെ, 36 കാരനായ വാൽത്താട്ടി, മുംബൈയിലെ ഹോംഗ്രൗണ്ട് ക്രിക്കറ്റ് അക്കാദമിയിൽ കുട്ടി ക്രിക്കറ്റ് താരങ്ങളെ പരിശീലിപ്പിക്കുന്നുമുണ്ട്.