ഐപിഎല്ലിൽ കോടികൾ വാരാൻ മലയാളി റെഡി;കർണാടകയെ ഞെട്ടിച്ച വൈശാഖ് ചന്ദ്രൻ

സയ്ദ് മുസ്താഖ് അലി ടി20 ട്രോഫിയിലെ രണ്ടാം റൗണ്ട് മത്സരത്തിൽ കർണാടകയെ പരാജയപ്പെടുത്തി കേരളം ടൂർണമെന്റിലെ രണ്ടാമത്തെ ജയം നേടിയപ്പോൾ, ബൗളർമാർ ആണ് കേരള നിരയിൽ തിളങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം, മുഹമ്മദ്‌ അസ്‌ഹറുദ്ധീന്റെ (95*) ബാറ്റിംഗ് മികവിൽ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കർണാടകക്ക് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് എടുക്കാനെ സാധിച്ചുള്ളൂ.

ദേശീയ ടീം താരങ്ങൾ അടങ്ങിയ കർണാടക ബാറ്റിംഗ് നിരയെ വൈശാഖ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള കേരള ബൗളിംഗ് നിരയാണ് തകർത്തത്. കർണാടക ക്യാപ്റ്റൻ മായങ്ക് അഗർവാളിന്റെ ഉൾപ്പടെ കർണാടക ടോപ് ഓർഡർ ബാറ്റിംഗ് നിരയിലെ നാല് വിക്കറ്റുകൾ ആണ് വൈശാഖ് ചന്ദ്രൻ വീഴ്ത്തിയത്. റൈറ്റ് ആം ഓഫ് ബ്രേക്ക്‌ ബൗളർ ആയ വൈശാഖ് ചന്ദ്രൻ, 4 ഓവറിൽ 11 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റുകൾ ആണ് വീഴ്ത്തിയത്.

കർണാടക ക്യാപ്റ്റൻ മായങ്ക് അഗർവാളിനെ ഗോൾഡൻ ഡക്കിന് പുറത്താക്കിയ വൈശാഖ് ചന്ദ്രൻ, കർണാടകയുടെ അപകടകാരിയായ ഓപ്പണർ ദേവ്ദത് പടിക്കലിന്റെയും (9) വിക്കറ്റ് വീഴ്ത്തി. മറ്റൊരു ദേശീയ ടീം താരമായ മനീഷ് പാണ്ഡയെയും (9) പുറത്താക്കിയ വൈശാഖ് ചന്ദ്രൻ, ചേതന്റെയും (0) വിക്കറ്റ് വീഴ്ത്തി. വൈശാഖ് ചന്ദ്രന്റെ ആദ്യ സയ്ദ് മുസ്താഖ് അലി ടൂർണമെന്റ് ആണിത്.

കർണാടക ടീമിനെതിരെ നടത്തിയ മികച്ച പ്രകടനം വൈശാഖ് ചന്ദ്രന് സയ്ദ് മുസ്താഖ് അലി ട്രോഫിയിൽ തുടർന്നും നടത്താൻ സാധിച്ചാൽ, തീർച്ചയായും അദ്ദേഹത്തിന് ഭാവിയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കും. വരുന്ന ഐപിഎല്ലിലും വൈശാഖ് ചന്ദ്രന് അവസരം ലഭിക്കാനുള്ള സാധ്യതയാണ് ഇപ്പോൾ തുറന്നു വന്നിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ ആണ് എന്നതും വൈശാഖ് ചന്ദ്രന്റെ ഐപിഎൽ സാധ്യതകൾ വർദ്ധിപ്പിക്കുന്നു.