യാ മോനെ 😍നടന്നുവന്നൊരു അടിയുണ്ട് 😱വെടിക്കെട്ട് ബാറ്റിങ്ങിൽ കരിയർ തകർന്ന മലയാളി

ഒരു ബാറ്റ്‌സ്മാൻ എന്ന നിലയിൽ റോബിൻ ഉത്തപ്പ എപ്പോഴും മികച്ച താരമാണ്. ബൗളർരുടെ പന്തുകൾ മാനം തൊടിയിച്ച് സ്റ്റേഡിയത്തിലേക്ക് പറത്തുന്നതിൽ മിടുക്കൻ. തന്റെ ഹാർഡ് ഹിറ്റിംഗ് കൊണ്ട് ഇന്ത്യൻ ക്രിക്കറ്റിൽ പേരെടുത്ത ഉത്തപ്പയെ, ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കിയതും ആ ഹാർഡ് ഹിറ്റിംഗ് തന്നെയായിരുന്നു. ഹാർഡ് ഹിറ്റിംഗ് സ്റ്റൈലിൽ ബാറ്റ് വീശുമ്പോൾ, പലപ്പോഴും വിക്കറ്റുകൾ അശ്രദ്ധമായി നഷ്ടപ്പെടുത്തുന്നതും, സ്ഥിരതയില്ലായ്മയും സെലക്ടർമാർക്ക് ഉത്തപ്പയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തി.

2005-ൽ മുംബൈയിൽ നടന്ന ചലഞ്ചർ ട്രോഫിയിൽ സഹീർ ഖാൻ, മുരളി കാർത്തിക്, ആർ.പി. സിംഗ് എന്നിവർ നയിച്ച ഇന്ത്യ എ-യുടെ ബൗളിംഗ് ആക്രമണത്തിനെതിരെ നിർഭയം ബാറ്റ് വീശിയ 20-കാരൻ പയ്യൻ, അന്ന് ഇന്ത്യ ബിക്ക്‌ വേണ്ടി 66 റൺസ് നേടിയതോടെയാണ് ഇന്ത്യൻ ആരാധകർക്കിടയിൽ ശ്രദ്ധ പിടിച്ചുപറ്റുന്നത്. അതേ ടൂർണമെന്റിന്റെ തുടർന്നുള്ള പതിപ്പിൽ, 2006-ൽ മൊഹാലിയിൽ, ഇന്ത്യ എ ടീമിനെതിരെ ഇന്ത്യ ബിക്ക് വേണ്ടി 93 പന്തിൽ 100 ​​റൺസ് നേടിയ മാച്ച് വിന്നിംഗ് പ്രകടനവും അദ്ദേഹം നടത്തി.

അതോടെ, ഉത്തപ്പയ്ക്ക് 2006-ൽ ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് കോൾ-അപ്പ് ലഭിച്ചു. പരമ്പരയിലെ ഏഴാമത്തെയും അവസാനത്തെയും ഏകദനത്തിൽ, വീരേന്ദർ സെവാഗിന് പകരം ടീമിൽ ഇടം നേടിയ ഉത്തപ്പ ഇന്ത്യയുടെ ഓപ്പണിങ് ബാറ്റർ ആയി ഇറങ്ങി. ആ മത്സരത്തിൽ 86 റൺസ് എടുത്ത ഉത്തപ്പ റൺഔട്ടായിയാണ് മടങ്ങിയത്, ഇന്നും ഒരു പരിമിത ഓവർ ക്രിക്കറ്റിലെ ഒരു അരങ്ങേറ്റ ഇന്ത്യക്കാരന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ആയി ആ 86 റൺസ് ഉത്തപ്പയുടെ പേരിനൊപ്പം ഇന്ത്യൻ ക്രിക്കറ്റ്‌ ചരിത്രത്തിൽ രേഖപ്പെടുത്തുന്നു.

2007-ൽ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു ഉത്തപ്പ, ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു. എന്നാൽ, 2008 ഉത്തപ്പയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റിൽ മോശം വർഷമായിരുന്നു. 11 ഏകദിന ഇന്നിംഗ്സുകളിൽ നിന്ന് 179 റൺസ് മാത്രമാണ് ആ വർഷം കർണാടക താരം നേടിയത്. പിന്നീട്, ഇന്ത്യൻ ടീമിൽ അവസരങ്ങൾ കുറഞ്ഞു പോയെങ്കിലും, രഞ്ജി ട്രോഫിയിലും ഐപിഎല്ലിലും ഉത്തപ്പ മികച്ച പ്രകടനങ്ങൾ കഴ്ച്ചവെച്ചു. 2013/14 രഞ്ജി ട്രോഫി ടോപ് സ്കോറർ ആയ ഉത്തപ്പ, 2014 ഐപിഎൽ സീസണിൽ റൺ വേട്ടക്കാരുടെ പട്ടികയിൽ അഞ്ചാമനായി മാറിയതോടെ, 2015-ൽ സിംബാവെക്കെതിരായ ഏകദിന ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിലേക്ക് ഉത്തപ്പ തിരിച്ചെത്തി. അതായിരുന്നു ഇന്ത്യൻ ജേഴ്‌സിയിൽ റോബിൻ ഉത്തപ്പയുടെ അവസാന പരമ്പര.