ലോകകപ്പിൽ പന്തെറിയാൻ അവരൊക്കെ എത്തണം!! ആവശ്യവുമായി മുൻ താരം

ടി20 ലോകകപ്പിന് തയ്യാറെടുക്കുന്ന ടീം ഇന്ത്യക്ക് ഇപ്പോഴും ആശങ്ക തുടരുന്നത് ബൗളിംഗ് ഡിപ്പാർട്ട്മെന്റിൽ ആണ്. ടി20 ഫോർമാറ്റിൽ സമീപകാലത്ത് നടന്ന മത്സരങ്ങളിൽ എല്ലാം ഇന്ത്യക്കുവേണ്ടി ബാറ്റർമാർ തിളങ്ങിയിരുന്നു. എന്നാൽ, ജസ്‌പ്രീത് ബുംറ, ദീപക് ചാഹർ എന്നീ ബൗളർമാർ പരിക്കിനെ തുടർന്ന് ലോകകപ്പിൽ നിന്ന് വിട്ടു നിൽക്കുമ്പോൾ, നിലവിൽ ലഭ്യമായ ബൗളർമാരെ ഇന്ത്യ എങ്ങനെ പ്രയോജനപ്പെടുത്തും എന്നതാണ് ആരാധകർക്ക് മുന്നിലുള്ള സംശയം.

ഇപ്പോൾ, ലോകകപ്പിലെ ഇന്ത്യയുടെ ബൗളിംഗ് കോമ്പിനേഷനെ കുറിച്ച് തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ റോബിൻ ഉത്തപ്പ. ഹാർദിക് പാണ്ഡ്യ ടീമിൽ സ്ഥാനം ഉറപ്പിച്ച സാഹചര്യത്തിൽ ടീം ഇന്ത്യ, മൂന്ന് പേസർമാരെ കൂടി ഇലവനിൽ ഉൾപ്പെടുത്താനാണ് സാധ്യത എന്ന് ഉത്തപ്പ പറഞ്ഞു. അവർ ആരൊക്കെ ആകാം എന്നും മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ വെളിപ്പെടുത്തി.

“മുഹമ്മദ്‌ ഷമിക്ക് സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടാൻ മറ്റു തടസ്സങ്ങൾ ഒന്നുമില്ല, അതുകൊണ്ടുതന്നെ അദ്ദേഹം നേരിട്ട് ടീമിൽ ഇടം നേടും എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഹാർദിക് പാണ്ഡ്യ ടീമിൽ സ്ഥിരസാന്നിധ്യമാകും എന്നത് ഉറപ്പാണ്. ഈ സാഹചര്യത്തിൽ ടീം ഇന്ത്യ എത്ര ബൗളർമാരെ ഇലവനിൽ ഉൾപ്പെടുത്തും എന്ന കാര്യം സംശയമാണ്. ഒരു ഇടങ്കയ്യൻ ബൗളറെ ഉപയോഗിക്കാൻ ഇന്ത്യ തയ്യാറായേക്കും, അതുകൊണ്ടുതന്നെ അർഷദീപ് സിംഗ് ടീമിൽ ഇടം നേടാനുള്ള സാധ്യത കൂടുതലാണ്,” ഉത്തപ്പ പറയുന്നു.

“ന്യൂബോളിൽ ഭൂവനേശ്വർ കുമാർ മിടുക്കനാണ്. അതുകൊണ്ടുതന്നെ, മുഹമ്മദ്‌ ഷമി, ഭൂവനേശ്വർ കുമാർ, അർഷദീപ് സിംഗ് എന്നിവർ ആയിരിക്കും ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുക എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എന്നാൽ, പ്ലെയിങ് ഇലവനിലെ അവസരത്തിനായി ഭുവനേശ്വർ കുമാറും ഹർഷൽ പട്ടേലും നല്ല മത്സരം നടക്കും എന്ന കാര്യം തീർച്ചയാണ്. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരങ്ങൾ ആയിരിക്കും, ഇവരിൽ ആര് എന്ന ചോദ്യത്തിന് ഉത്തരം നൽകുക,” ഉത്തപ്പ പറഞ്ഞു.