15-ാം വയസ്സിൽ ക്രിക്കറ്റ്‌ ഉപേക്ഷിക്കാൻ തീരുമാനിച്ച താരം, ഇന്ന് ഇന്ത്യയുടെ ലോകകപ്പ്‌ ഹീറോ

പുരോഗമിക്കുന്ന അണ്ടർ 19 ലോകകപ്പിൽ ഓസ്ട്രേലിയയെ 96 റൺസിന് പരാജയപ്പെടുത്തിയ സെമിഫൈനൽ മത്സരത്തിൽ, ഇന്ത്യക്ക്‌ വേണ്ടി 94 റൺസ് എടുത്ത് ഇന്ത്യയെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച താരമാണ് ഇന്ത്യയുടെ അണ്ടർ 19 വൈസ് ക്യാപ്റ്റൻ ഷെയ്ഖ് റഷീദ്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയാണ് റഷീദ്. ഗുണ്ടൂരിലെ ഒരു ബാങ്ക് ജീവനക്കാരനായ ഷെയ്ഖ് ബലിഷയുടെ മകനായ റഷീദ്, ഇന്നുകാണുന്ന ഇന്ത്യയുടെ അണ്ടർ 19 വൈസ് ക്യാപ്റ്റൻ ഷെയ്ഖ് റഷീദ് ആയതിന്റെ പിറകിൽ ഒരുപാട് കഥയുണ്ട്.

റഷീദിന് ഒരു ക്രിക്കറ്റർ ആകണമെന്നായിരുന്നു ചെറുപ്പം മുതലുള്ള ആഗ്രഹം, എന്നാൽ, അതിനുള്ള വലിയ സാമ്പത്തിക സ്ഥിതി ഒന്നും ഇല്ലെങ്കിൽ പോലും, പിതാവ് ബലിഷ, മകന്റെ ആഗ്രഹത്തിന് പൂർണ്ണ പിന്തുണ നൽകിയിരുന്നു. എന്നാൽ, മകന്റെ ആഗ്രഹങ്ങക്കൊപ്പം നിൽക്കാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാതിരുന്ന ബലിഷ, രണ്ടും കല്പ്പിച്ച് മുൻ ഇന്ത്യൻ താരം എംഎസ്കെ പ്രസാദിനെ വിളിച്ച്, മകന്റെ ആഗ്രഹവും, തന്റെ നിവർത്തിയില്ലായ്മയും എല്ലാം പറഞ്ഞു. ആ, ഫോൺ കോൾ വെറുതെ ആയില്ല, 9 വയസ്സുകാരൻ റഷീദിന് മംഗള്‍ഗിരിയിലെ അക്കാദമിയിൽ പ്രവേശനം ലഭിച്ചു. കൃഷ്ണറാവു പരിശീലകനായി.

പിന്നീട്, പടിപടിയായി ഉയർന്നുവന്ന റഷീദ്, ആന്ധ്രാപ്രദേശ് അണ്ടർ 14, അണ്ടർ 16 ടീമുകളുടെ ഭാഗമായി. എന്നാൽ, മോശം പ്രകടനമായിരുന്നു ഫലം. അതോടെ വിഷമത്തിലായ റഷീദ് ക്രിക്കറ്റ്‌ അവസാനിപ്പിക്കാൻ തീരുമാനിച്ചു. മകന്റെ ആഗ്രഹം പാതി വഴിയിൽ ഉപേക്ഷിക്കാൻ തയ്യാറാകാതിരുന്ന പിതാവ്, തന്റെ ജോലി രാജിവെച്ച് കുടുംബത്തോടെ ഹൈദരാബാദിലേക്ക് മാറി. അവിടെ അവന് കൂടുതൽ പരിശീലനം നൽകി.

തുടർന്ന്, റഷീദിന്റെ ഗ്രാഫ് ഉയർന്നു, ആന്ധ്രാപ്രദേശ് ക്രിക്കറ്റ്‌ ടീമിൽ ഉൾപ്പെട്ടു, റഷീദ് സംസ്ഥാനത്തെ അറിയപ്പെടുന്ന താരമായി, ഒടുവിൽ ഇന്ത്യ അണ്ടർ 19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് അവൻ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ആണ്. നാളെ, ഒരുപക്ഷെ അണ്ടർ 19 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന്റെ ഭാഗമായേക്കാം. എന്തുതന്നെ ആയാലും ഇന്ന് അവന്റെ പിതാവ് വളരെ സന്തോഷത്തിലാണ്.