ഉമ്രാൻ മാലിക്കിനെ ജമ്മു കാശ്മീർ സർക്കാർ ഏറ്റെടുക്കും ; വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ
സൺറൈസേഴ്സ് ഹൈദരാബാദിന്റെ യുവ ഇന്ത്യൻ സ്പീഡ് സെൻസേഷൻ ഉമ്രാൻ മാലിക്കിനെ ജമ്മു കാശ്മീർ സർക്കാർ ഏറ്റെടുക്കും. ഉമ്രാൻ മാലിക്കിന് വേണ്ട സഹായ വാഗ്ദാനങ്ങളാണ് സർക്കാർ നൽകിയിരിക്കുന്നത്. സർക്കാരിന്റെ പ്രതിനിധിയായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ കഴിഞ്ഞ ദിവസം ഉമ്രാൻ മാലിക്കിനെ സന്ദർശിച്ചു. മാലിക്കിന്റെ തയ്യാറെടുപ്പുകളും വ്യത്യസ്ത സൗകര്യങ്ങളും സർക്കാർ കൈകാര്യം ചെയ്യുമെന്ന് ഉറപ്പ് നൽകി.
ജൂൺ 9 ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 അന്താരാഷ്ട്ര ഹോം പരമ്പരയ്ക്കുള്ള ദേശീയ ടീമിലേക്കുള്ള തന്റെ കന്നി കോൾ അപ്പ് സ്വീകരിച്ച ഉമ്രാൻ മാലിക്, ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുത്തതിന് ശേഷം തിങ്കളാഴ്ച്ചയാണ് ജമ്മുവിലെത്തിയത്. നാട്ടിലെത്തിയ ഉമ്രാൻ മാലിക്കിനെ കാണാനും അദ്ദേഹത്തോടൊപ്പം സെൽഫികൾ എടുക്കാനും നിരവധി യുവാക്കളാണ് മാലിക്കിന്റെ വീട്ടിലെത്തുന്നത്. ഉമ്രാൻ മാലിക് കഴിഞ്ഞ ദിവസം തന്റെ വീടിന്റെ ബാൽക്കണിയിൽ നിന്ന് ആൾക്കൂട്ടത്തിന് നേരെ കൈവീശി കാണിക്കുന്നതിന്റെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനായി 14 മത്സരങ്ങളിൽ നിന്നായി 22 വിക്കറ്റുകൾ ഉമ്രാൻ മാലിക് നേടിയിട്ടുണ്ട്. മണിക്കൂറിൽ 150 കിമി വേഗതയിൽ തുടർച്ചയായി ബൗൾ ചെയ്യാനുള്ള മാലിക്കിന്റെ കഴിവാണ് ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയമായത്. ഇതുതന്നെയാണ് ദേശീയ ക്രിക്കറ്റ് ടീമിലേക്ക് മാലിക്കിന് അതിവേഗം കോൾ അപ്പ് ലഭിക്കാൻ സഹായകമായത്. ഉമ്രാൻ മാലിക്കിനെക്കുറിച്ച് രാജ്യം മുഴുവൻ അഭിമാനിക്കുന്നു എന്ന് ലഫ്.ഗവർണർ മനോജ് സിൻഹ പറഞ്ഞു.
“രാജ്യം മുഴുവൻ ഉമ്രാനെ കുറിച്ച് അഭിമാനിക്കുന്നു. അദ്ദേഹത്തിന്റെ പരിശീലനവും മറ്റ് സൗകര്യങ്ങളും ഇനി സർക്കാർ പരിപാലിക്കും,” ജമ്മു എക്സ്പ്രസ് എന്ന് വിളിപ്പേരുള്ള ഉമ്രാൻ മാലിക്കിനെ സന്ദർശിച്ച ശേഷം ലഫ്റ്റനന്റ് ഗവർണർ മാലിക്കിന്റെ വീടിന് പുറത്ത് വെച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കായിക നയത്തിലെ വ്യവസ്ഥ അനുസരിച്ച് മാലിക് ആവശ്യപ്പെടുമ്പോൾ സർക്കാർ അദ്ദേഹത്തിന് ജോലി നൽകുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.