ഇംഗ്ലണ്ട് ബാറ്ററുടെ സ്റ്റംപ് പറത്തി ഉമ്രാൻ മാലിക് ; ക്രിക്കറ്റ്‌ ലോകം ഞെട്ടിപ്പോയി

ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരകൾക്ക് മുന്നോടിയായി നടക്കുന്ന ഡർബിഷെയറിനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡർബിഷെയർ ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം, 7 വിക്കറ്റ് ശേഷിക്കേ ഇന്ത്യ മറികടക്കുകയായിരുന്നു. ആദ്യം ബാറ്റ്‌ ചെയ്ത ഡർബിഷെയർ നിരയിൽ, വെയ്ൻ മാഡ്സൻ (28) ആണ് ടോപ് സ്കോറെർ.

മത്സരത്തിൽ ഇന്ത്യക്കായി ഉമ്രാൻ മാലിക്കും അർഷദീപ് സിംഗും 2 വീതം വിക്കറ്റുകൾ വീഴ്ത്തി. അതിൽ ഏറ്റവും ശ്രദ്ധേയമായത്, ഡർബിഷെയർ ബാറ്റർ ബ്രൂക് ഗസ്റ്റിനെ ഉമ്രാൻ മാലിക് ക്ലീൻ ബോൾഡ് ചെയ്ത കാഴ്ചയാണ്. ഇന്നിംഗ്സിന്റെ 17-ാം ഓവറിൽ ഉമ്രാൻ മാലിക് എറിഞ്ഞ ഒരു വേഗതയേറിയ ബോൾ ഡിഫൻഡ് ചെയ്യുന്നതിൽ ബ്രൂക് ഗസ്റ്റിന് പിഴച്ചതോടെ മാലിക്കിന്റെ ബോൾ സ്റ്റംപുകൾ പിഴുതെറിയുകയായിരുന്നു.

4 ഓവർ ബോൾ ചെയ്ത ഉമ്രാൻ മാലിക്, 31 റൺസ് വഴങ്ങിയാണ് 2 വിക്കറ്റ് വീഴ്ത്തിയത്. മറ്റൊരു ഡർബിഷെയർ ബാറ്ററായ ലെസ് ഡു പ്ലൂയ്യേയും ബൗൾഡ് ചെയ്താണ് ഉമ്രാൻ മാലിക് മടക്കിയത്. ഇന്ത്യൻ നിരയിൽ അർഷദീപ് സിംഗ്, 4 ഓവറിൽ 29 റൺസ് വഴങ്ങിയാണ്‌ 2 വിക്കറ്റ് വീഴ്ത്തിയത്. അക്സർ പട്ടേലും വെങ്കിട്ടേഷ് അയ്യരും ഇന്ത്യക്കായി ഓരോ വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ദിനേഷ് കാർത്തിക് നയിച്ച ഇന്ത്യൻ നിരയിൽ ഓപ്പണറുടെ റോളിൽ സഞ്ജു സാംസൺ വീണ്ടും തിളങ്ങി. 30 പന്തിൽ 4 ഫോറും ഒരു സിക്സും സഹിതം സഞ്ജു 38 റൺസ് നേടിയപ്പോൾ, മികച്ച ഫോമിലുള്ള ദീപക് ഹൂഡ 37 പന്തിൽ 5 ഫോറും 2 സിക്സും സഹിതം 59 റൺസ് നേടി. സൂര്യകുമാർ യാദവ് 22 പന്തിൽ 4 ഫോറും ഒരു സിക്സും സഹിതം പുറത്താകാതെ 36 റൺസ് നേടിയതോടെ ഇന്ത്യ ജയം കണ്ടെത്തി.