അവൻ ഇന്ത്യക്കായി കളിക്കണം!! അഭിപ്രായവുമായി മുൻ താരം

യുവ ഇന്ത്യൻ പേസർ ഉമ്രാൻ മാലിക് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാൻ തയ്യാറാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദിലീപ് വെങ്‌സർക്കർ. ഐ‌പി‌എൽ 2022-ൽ സ്ഥിരമായി 150 കിലോമീറ്ററിന് മുകളിലുള്ള വേഗതയിൽ പന്തെറിയാൻ കെൽപ്പുള്ള ജമ്മു കശ്മീർ പേസർ ഉമ്രാൻ മാലിക്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പരയിൽ ഇന്ത്യൻ സ്‌ക്വാഡിൽ അംഗമാണ്.

പരമ്പര തുടങ്ങുന്നതിന് മുന്നോടിയായി, ഉമ്രാൻ മാലിക്കിനെ ടീമിൽ ഉൾപ്പെടുത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും വലംകൈ സ്പീഡ്സ്റ്ററിന് അവസരം ലഭിച്ചില്ല. എന്നാൽ, വെങ്‌സർക്കറിന് ഉമ്രാൻ മാലിക്കിന്റെ കാര്യത്തിൽ ശുഭ പ്രതീക്ഷയാണ്. ഉമ്രാൻ മാലിക് ഇന്ത്യൻ ജേഴ്സിയിൽ കളിക്കാൻ യോഗ്യനാണെന്നാണ് വെങ്‌സർക്കർ ഉറച്ച് പറയുന്നത്.

“ഓരോരുത്തർക്കും ഗെയിമിനെക്കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങളുണ്ട്. പക്ഷേ, ഐപിഎല്ലിൽ അത്തരത്തിലുള്ള വേഗതയും കൃത്യതയും കാണിച്ചതിന് ശേഷം അവൻ കളിക്കാൻ യോഗ്യനാണെന്ന് എനിക്ക് തോന്നുന്നു. ഇപ്പോൾ അന്താരാഷ്ട്ര ഹോം മത്സരങ്ങൾ കളിക്കുമ്പോൾ, അവനെപ്പോലെയുള്ള ഒരാളെ പരീക്ഷിക്കാനുള്ള ശരിയായ സമയമാണിത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഞാൻ കണ്ട ഏറ്റവും ആവേശകരമായ ബൗളറാണ് അവൻ. അവന് വേഗതയും കൃത്യതയും ഉണ്ട്. ഉമ്രാൻ മാലിക്കിന് ഇന്ത്യയ്ക്കുവേണ്ടി ദീർഘകാലം കളിക്കാൻ കഴിയും,” വെങ്‌സർക്കാർ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ഐ‌പി‌എൽ സീസണിൽ, 14 മത്സരങ്ങളിൽ നിന്ന് 20.18 ശരാശരിയിലും 9.03 ഇക്കണോമി റേറ്റിലും 22 വിക്കറ്റാണ് ഉമ്രാൻ മാലിക് വീഴ്ത്തിയത്. ഇതിൽ, ഒരു നാല് വിക്കറ്റ് പ്രകടനവും ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഉൾപ്പെടുന്നു. ഐപിഎൽ 2022-ൽ ഉമ്രാൻ മാലിക് സൺറൈസേഴ്‌സ് ഹൈദരാബാദിനായി മികച്ച ഫോമിലായിരുന്നു. മധ്യ ഓവറുകളിൽ തന്റെ ഫ്രാഞ്ചൈസിക്ക് വേണ്ടി വിക്കറ്റ് വീഴ്ത്തുന്നതിൽ പ്രധാന പങ്ക് വഹിച്ച താരമാണ് ഉമ്രാൻ മാലിക്. ഒടുവിൽ, സീസണിലെ എമെർജിങ് പ്ലെയറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.