എന്റമ്മോ തീ ബോൾ😳😳ബോളുകൾ കാണാനില്ല! ന്യൂസിലാൻഡ് ബാറ്റർമാരെ വട്ടം കറക്കി ഉമ്രാൻ മാലിക്

ഇന്ത്യ – ന്യൂസിലാൻഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് പരാജയം. ഇടൻ പാർക്കിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനാണ് ന്യൂസിലാൻഡ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ, നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 306 റൺസ് സ്കോർ ചെയ്തു. ക്യാപ്റ്റൻ ശിഖർ ധവാൻ (72), ശ്രേയസ് അയ്യർ (80), ശുഭ്മാൻ ഗിൽ (50) എന്നിവരുടെ മികവിലാണ് ഇന്ത്യന്‍ കൂറ്റൻ ടോട്ടൽ നേടിയത്.

എന്നാൽ, കൂറ്റം വിജയലക്ഷ്യം മുന്നോട്ടുവെച്ചിട്ടും, സ്കോർ ഡിഫെൻഡ് ചെയ്യാൻ ഇന്ത്യൻ ബൗളർമാർക്ക് ആയില്ല. മത്സരത്തിന്റെ ആദ്യ 20 ഓവറുകളിൽ വളരെ മനോഹരമായയാണ് ഇന്ത്യൻ ബൗളർമാർ ബൗൾ ചെയ്തത്. 20 ഓവർ പിന്നിടുമ്പോൾ 88/3 എന്ന നിലയിലായിരുന്നു ന്യൂസിലാൻഡ്. എന്നാൽ, നാലാം വിക്കറ്റിൽ ഒത്തുചേർന്ന ക്യാപ്റ്റൻ കെയ്ൻ വില്യംസൺ (94), വിക്കറ്റ് കീപ്പർ ടോം ലഥാം (145) കൂട്ടുകെട്ട് തകർക്കാൻ ഇന്ത്യൻ ബൗളർമാർക്ക് ആകാതെ വന്നതോടെ, മത്സരം ന്യൂസിലാൻഡ് കൈപ്പിടിയിലാക്കുകയായിരുന്നു.

ഇന്ത്യൻ ബൗളർമാർ എല്ലാം തല്ല് വാരിക്കൂട്ടിയപ്പോൾ, വാഷിംഗ്‌ടൺ സുന്ദർ, ഉമ്രാൻ മാലിക് എന്നിവർ മാത്രമാണ് ബന്ധപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. 10 ഓവറിൽ 42 റൺസ് വഴങ്ങിയ വാഷിംഗ്‌ടൺ സുന്ദർ ആണ് ഇന്ത്യൻ നിരയിൽ ഏറ്റവും കുറവ് റൺസ് വഴങ്ങിയത്. എന്നിരുന്നാലും, വാഷിംഗ്‌ടൺ സുന്ദറിന് വിക്കറ്റ് ഒന്നും തന്നെ നേടാൻ ആയില്ല. അതേസമയം, 10 ഓവറിൽ 66 റൺസ് വഴങ്ങിയെങ്കിലും പേസർ ഉമ്രാൻ മാലിക് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

മത്സരത്തിൽ ഉമ്രാൻ മാലിക് എറിഞ്ഞ സ്പെല്ലുകളുടെ വേഗത വളരെ ശ്രദ്ധേയമായി. തുടർച്ചയായി വേഗതയേറിയ ബോളുകൾ എറിഞ്ഞ ഉമ്രാൻ മാലിക്, ന്യൂസിലാൻഡ് ബാറ്റർമാരെ ശരിക്കും വെള്ളം കുടിപ്പിച്ചു. ഇന്നിംഗ്സിന്റെ 16-ാം ഓവറിൽ ഡാരിൽ മിച്ചലിനെതിരെ ഉമ്രാൻ മാലിക് എറിഞ്ഞ രണ്ടാം ബോൾ, മണിക്കൂറിൽ 153.3 കി.മി ആണ് വേഗത കാണിച്ചത്. അതെ ഓവറിൽ തന്നെ ഉമ്രാൻ മാലിക് മിച്ചലിന്റെ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഓപ്പണർ ഡിവോൺ കോൺവെയേയും മാലിക് തന്നെയാണ് പുറത്താക്കിയത്.