സ്റ്റപ്സിനെ പ്രണയിച്ച മാലിക്ക് സ്റ്റൈൽ : 5 വിക്കറ്റുകളും മാൻ ഓഫ് ദി മാച്ചും സ്വന്തം

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഐപിഎൽ 2022-ലെ 40-ാം മത്സരത്തിൽ ഗുജറാത്ത്‌ ടൈറ്റൻസിന്റെ നട്ടെല്ലൊടിച്ച് സൺറൈസേഴ്സ് ഹൈദരാബാദ് പേസർ ഉമ്രാൻ മാലിക്. നേരത്തെ, ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദ് 196 റൺസാണ് വിജയലക്ഷ്യമായി ഗുജറാത്ത്‌ ടൈറ്റൻസിന് മുന്നിലേക്ക് വെച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത്‌ ടൈറ്റൻസിന് വേണ്ടി ഓപ്പണർമാരായ വ്രിദ്ധിമാൻ സാഹയും ശുഭ്മാൻ ഗില്ലും മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 69 റൺസ് കൂട്ടിച്ചേർത്തതിന് പിന്നാലെ, ഇന്നിംഗ്സിന്റെ 8-ാം ഓവറിൽ ഉമ്രാൻ മാലിക് ആണ് ടൈറ്റൻസിന് ആദ്യ പ്രഹരം നൽകിയത്. ഓവറിലെ 4-ാം ബോളിൽ, ഒരു വേഗതയേറിയ ഡെലിവറിയിലൂടെ ഉമ്രാൻ മാലിക് 22 റൺസെടുത്ത് നിൽക്കുന്ന ഗില്ലിനെ ബൗൾഡ് ചെയ്യുകയായിരുന്നു.തൊട്ടടുത്ത ബോളിൽ ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്കെതിരെ ഉമ്രാൻ മാലിക് എറിഞ്ഞ ബൗൺസർ അദ്ദേഹത്തിന്റെ ദേഹത്ത് തട്ടുകയും, പാണ്ഡ്യക്ക് പരിക്കേൽക്കുകയും ചെയ്തു.

എന്നാൽ, അതിന് ശേഷമുള്ള പന്തിൽ മാലിക്കിനെതിരെ ബൗണ്ടറി നേടി ഹാർദിക് തിരിച്ചുവരവ് നടത്തി. എന്നിരുന്നാലും, ഉമ്രാൻ മാലിക് അദ്ദേഹത്തിന്റെ തൊട്ടടുത്ത ഓവറിൽ ഹാർദിക്കിനെ മാർക്കോ ജാൻസണിന്റെ കൈകളിൽ എത്തിച്ച് പുറത്താക്കുകയായിരുന്നു.ശേഷം, മികച്ച രീതിയിൽ ബാറ്റ് വീശിയിരുന്ന ഓപ്പണർ വ്രിദ്ധിമാൻ സാഹയെ (68) ബൗൾഡ് ചെയ്ത് ഉമ്രാൻ മാലിക് ഗുജറാത്ത്‌ ടൈറ്റൻസിന്റെ പതനം വേഗത്തിലാക്കി.

തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഡേവിഡ് മില്ലർ (17), അഭിനവ് മനോഹർ (0) എന്നിവരെയും ബൗൾഡ് ചെയ്ത് പുറത്താക്കിയ മാലിക് മത്സരത്തിൽ 5 വിക്കറ്റ് നേട്ടം കൈവരിച്ചു. 4 ഓവറിൽ 25 റൺസ് വഴങ്ങിയാണ്‌ മാലിക് 5 വിക്കറ്റ് വീഴ്ത്തിയത്. അതേസമയം ഹൈദരാബാദ് ടീം തോൽവി വഴങ്ങി എങ്കിലും മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേട്ടം സ്വന്തമാക്കാൻ ഉമ്രാൻ മാലിക്കിന് സാധിച്ചു.