അവൻ അതിവേഗ സ്പീഡിൽ തീപ്പൊരി വിതറുമോ :നിരീക്ഷണവുമായി മുൻ ഇന്ത്യൻ താരം

2022 മെഗാ ലേലത്തിന് മുന്നോടിയായി സൺറൈസേഴ്സ് ഹൈദരാബാദ് നിലനിർത്തിയ യുവ ഫാസ്റ്റ് ബൗളർ ഉമ്രാൻ മാലിക്കിന്മേൽ വരും സീസണിൽ കൂടുതൽ സമ്മർദ്ദമുണ്ടാകുമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ കരുതുന്നു. ജമ്മു കശ്മീരിൽ നിന്നുള്ള 22 കാരനായ പേസറെ ഹൈദരാബാദ് ഫ്രാഞ്ചൈസി 4 കോടി രൂപയ്ക്കാണ് നിലനിർത്തിയത്. കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ SRH നായി അരങ്ങേറ്റം കുറിച്ച വലംകൈയ്യൻ ഫാസ്റ്റ് ബൗളർ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

എന്നാൽ, പതിവായി 150 കി.മീ വേഗതയിൽ പന്തെറിഞ്ഞ ഉമ്രാൻ മാലിക് ബാറ്റർമാരെ നന്നായി ബുദ്ധിമുട്ടിച്ചു എന്നത് ശ്രദ്ധേയമാണ്. ഇതോടെയാണ് ക്യാപ്റ്റൻ കെയിൻ വില്യംസൺ, ഓൾറൗണ്ടർ അബ്ദുൽ സമദ് എന്നിവർക്കൊപ്പം മാലിക്കിനെ എസ്ആർഎച്ച് നിലനിർത്തിയത്. എന്നാൽ, യുവ ഫാസ്റ്റ് ബൗളറെ കുറിച്ച് ESPNcricinfo-യിലെ ഒരു ചർച്ചയിൽ സംസാരിച്ച ജാഫർ കഴിഞ്ഞ സീസണിൽ ഉമ്രാൻ മാലിക് ഒരു അജ്ഞാതനായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. എന്നാൽ 2022 ലേലത്തിന് മുന്നോടിയായി നിലനിർത്തിയതിനാൽ, അവനിൽ എല്ലാവർക്കും വലിയ പ്രതീക്ഷകളുണ്ടാകും എന്നാണ് ജാഫർ പറയുന്നത്.

“ഉമ്രാൻ മാലിക്കിനെ സൺറൈസേഴ്സ് ഹൈദരാബാദ് നിലനിർത്തി. നിലനിർത്തിയ താരമായതിനാൽ പ്രതീക്ഷകളുടെ സമർദ്ദം ഉണ്ടാവും, അത് മറികടന്ന് അവൻ എങ്ങനെ പ്രകടനം നടത്തുമെന്ന് കണ്ടറിയണം. 150 കി.മീ വേഗതയിൽ ബൗൾ ചെയ്യുന്ന ഒരാളാണ് അദ്ദേഹം. ഇത്തവണ ടൂർണമെന്റിൽ അദ്ദേഹം ഇനിയുമെങ്ങനെ പ്രകടനം മെച്ചപ്പെടുത്തും എന്ന് കാണാനുള്ള കാത്തിരിപ്പിലാണ് ഞാൻ,” വസീം ജാഫർ പറഞ്ഞു.

ഐ‌പി‌എൽ 2022-ലെ അൺ‌ക്യാപ്പ്ഡ് ബൗളർ‌മാരെക്കുറിച്ചുള്ള ചർച്ചയ്‌ക്കിടെ, പഞ്ചാബ് കിംഗ്‌സിന്റെ ഇടംകയ്യൻ പേസർ അർഷ്‌ദീപ് സിംഗിനും വരും സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കട്ടെ എന്ന് വസീം ജാഫർ ആശംസിച്ചു. ഡെത്ത് ഓവറുകൾ എറിയാനുള്ള യുവതാരത്തിന്റെ കഴിവ് മുൻ പഞ്ചാബ് ബാറ്റിംഗ് പരിശീലകനായിരുന്ന ജാഫർ പ്രത്യേകം ചൂണ്ടിക്കാട്ടി.