“വായ അടച്ച് ബാറ്റ്‌ ചെയ്യാൻ നോക്ക്” ; ഇംഗ്ലീഷ് താരത്തിന് അമ്പയറുടെ താക്കീത്

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാനിച്ച അഞ്ചാം ടെസ്റ്റ്‌ മത്സരത്തിൽ അമ്പയർ റിച്ചാർഡ് കെറ്റിൽബറോ ഇംഗ്ലണ്ട് ബൗളർ സ്റ്റുവർട്ട് ബ്രോഡുമായി നടത്തിയ ഒരു സംഭാഷണം ശ്രദ്ധേയമായി. മത്സരത്തിൽ, ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സിൽ സ്റ്റുവർട്ട് ബ്രോഡ് ബാറ്റ്‌ ചെയ്യുന്നതിനിടെ നടന്ന സംഭാഷണത്തിൽ, അമ്പയറുടെ ശബ്ദം സ്റ്റംപ് മൈക്കിലൂടെയാണ്‌ ക്രിക്കറ്റ്‌ ലോകം കേട്ടത്.

ഒന്നാം ഇന്നിംഗ്സിൽ ആകെ 5 ബോളുകളാണ് ബ്രോഡ് നേരിട്ടത്. അതിൽ തന്നെ, ബുംറ എറിഞ്ഞ ബൗൺസറുകൾ ബ്രോഡിന് ഏറെ കഠിനമായിരുന്നു. നിരവധി ബ്രോഡ് ബുംറയുടെ ബൗൺസറുകൾക്ക് നേരെ ബൗണ്ടറികൾക്കായി സ്‌ലോഗ് ചെയ്യാൻ ശ്രമിച്ചെങ്കിലും, ബ്രോഡിന് അതിന് സാധിച്ചില്ല. തുടർന്ന്, ജസ്പ്രീത് ബുംറയുടെ ഒരു ഷോർട്ട് ബോൾ ദേഹത്ത് തട്ടിയതിനെ തുടർന്ന് ബ്രോഡ് അമ്പയറുമായി തർക്കിക്കുകയായിരുന്നു.

എന്നാൽ, “മിണ്ടാതെ ബാറ്റിംഗിൽ തുടരൂ” എന്നായിരുന്നു അമ്പയർ റിച്ചാർഡ് കെറ്റിൽബറോയുടെ പ്രതികരണം.സ്റ്റുവർട്ട് ബ്രോഡിന്റെ വാദങ്ങൾ അവഗണിച്ച റിച്ചാർഡ് കെറ്റിൽബറോ, “ഞാൻ അമ്പയറിംഗ് ചെയ്യാം, നിങ്ങൾ ബാറ്റിംഗ് ചെയ്യുക, ശരിയല്ലേ?” എന്ന് പറയുന്നത് സ്റ്റംപ് മൈക്കിൽ പതിഞ്ഞു. “അല്ലെങ്കിൽ നിങ്ങൾ വീണ്ടും കുഴപ്പത്തിലാകും. ഇപ്പോൾ, ബാറ്റിംഗ് തുടരുക, മിണ്ടാതിരിക്കുക,” എന്നും കെറ്റിൽബറോ ബ്രോഡിനോട് പറഞ്ഞു. വീഡിയോ ശ്രദ്ധേയമായതോടെ പലരും അമ്പയർ കെറ്റിൽബറോയെ പ്രശംസിച്ച് രംഗത്തെത്തി.

മുൻ ഇംഗ്ലണ്ട് ബാറ്റിംഗ് പരിശീലകനായ മാർക്ക് രാംപ്രകാശ്, കെറ്റിൽബറോ ബ്രോഡുമായി ഇടപഴകുന്നത് ചൂണ്ടിക്കാണിച്ച് കെറ്റിൽബറോയെ “ധീരൻ” എന്ന് വിളിച്ചു. “അത് റിച്ചാർഡ് കെറ്റിൽബറോയിൽ നിന്നുള്ള ചില മൂർച്ചയുള്ളതും സത്യസന്ധവുമായ ഫീഡ്‌ബാക്കാണെന്ന് ഞാൻ കരുതുന്നു, ചില നല്ല ഉപദേശങ്ങൾ. എന്നാൽ, സ്റ്റുവർട്ട് ബ്രോഡ് 6 അടി 5 ഇഞ്ച് ഉയരമുള്ള ഒരു വലിയ ആളാണ്. റിച്ചാർഡ് കെറ്റിൽബറോ വളരെ ധീരനായ ഒരു വ്യക്തിയാണെന്ന് ഞാൻ കരുതുന്നു,” മാർക്ക് രാംപ്രകാശ് പറഞ്ഞു.