പരിക്കിൽ വീണ് ബൗളർ ഓടിയെത്തി ചികിത്സ നൽകി അമ്പയർ :കാണാം വീഡിയോ

ഐപിഎൽ 2022-ലെ പുരോഗമിക്കുന്ന റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂർ – സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിൽ ഓൺ-ഫീൽഡ് അമ്പയർ നിതിൻ പണ്ഡിറ്റിന്റെ ഭാഗത്തുനിന്നുണ്ടായ മാതൃകാപരമായ പ്രവർത്തി ക്രിക്കറ്റ്‌ ആരാധകരുടെ ഹൃദയം കീഴടക്കി. മത്സരത്തിനിടെ, സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ 21 കാരനായ ഇടംകൈയ്യൻ പേസർ ഫസൽഹഖ് ഫാറൂഖി ഫോളോ ത്രൂവിനിടെ പരിക്കേറ്റ് വീണതിന് പിന്നാലെ അമ്പയർ നിതിൻ പണ്ഡിറ്റ് ഫാറൂഖിക്ക് ഫസ്റ്റ് പ്രിക്കോഷൻ ട്രീറ്റ്മെന്റ് കൊടുക്കുന്നതായി കാണപ്പെട്ടു.

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന 54-ാം മത്സരത്തിൽ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആർസിബി മികച്ച പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റൻ ഫാഫ് ഡ്യൂപ്ലിസിസിന്റെ (73*) അർധ സെഞ്ച്വറി പ്രകടനത്തിന്റെ പിൻബലത്തിൽ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ആർസിബി 192 റൺസ് കണ്ടെത്തി. മത്സരത്തിൽ, സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി ഐപിഎൽ അരങ്ങേറ്റം കുറിച്ച താരമാണ് ഫസൽഹഖ് ഫാറൂഖി.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇന്നിംഗ്‌സിന്റെ 17-ാം ഓവറിലെ ആദ്യ പന്ത് എറിഞ്ഞതിന് ശേഷമാണ് സംഭവം. ഫസൽഹഖ് ഫാറൂഖിയുടെ ഫുൾടോസ് ഫാഫ് ഡുപ്ലെസിസ്‌ ബൗണ്ടറി നേടി. അതിന് പിന്നാലെ, തന്റെ ഫോളോ-ത്രൂവിന്റെ രണ്ടാം ഘട്ടത്തിൽ പേസർക്ക് പേശി വലിവ് അനുഭവപ്പെട്ടു. തുടർന്ന് നിലത്തിരുന്ന് സഹായം തേടിയ ഫാറൂഖിയെ സഹായിക്കാൻ ആദ്യമെത്തിയത് അമ്പയർ നിതിൻ പണ്ഡിറ്റാണ്. അമ്പയർ ഫാറൂഖിയുടെ കാലുയർത്തി ഫസ്റ്റ് പ്രിക്കോഷൻ നൽകി.

ഉടൻ തന്നെ എസ്ആർഎച്ച് ഫിസിയോ ബൗളറെ പരിശോധിച്ച് സ്പ്രേ പ്രയോഗിച്ചു. എന്നാൽ, അടുത്ത പന്തിൽ ഫാഫ് ഡു പ്ലെസിസിന്റെ സ്‌ട്രെയിറ്റ് ഡ്രൈവ് ഫാറൂഖിയുടെ അതേ വലതുകാലിൽ തട്ടുകയും, ബൗളർ വീണ്ടും വേദനിക്കുന്നതായി കാണപ്പെടുകയും ചെയ്തു. എന്നിരുന്നാലും, ബൗളർ തന്റെ ബൗളിംഗ് കോട്ട പൂർത്തീകരിച്ചു.