ലോകകപ്പിൽ ഇന്ത്യക്ക് എതിരെ കളിക്കാൻ മുൻ ഇന്ത്യൻ നായകൻ :ഷോക്കിങ് വാർത്തയിൽ ഡബിൾ ഷോക്ക്

2024-ലെ ഐസിസി ടി20 ലോകകപ്പിന് യോഗ്യത നേടി യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക ചരിത്രം സൃഷ്ടിച്ചു. ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് യുഎസ്എ ക്രിക്കറ്റ് ടീം ഐസിസി ടി20 ലോകകപ്പിന് യോഗ്യത നേടുന്നത്. ഐസിസി ടി20 ലോകകപ്പ് 2024-ന് യുഎസ്എയും വെസ്റ്റ് ഇൻഡീസും സഹകരിച്ച് ആതിഥേയത്വം വഹിക്കുമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു, ആതിഥേയർ എന്ന നിലയിൽ യുഎസ്എയും വെസ്റ്റ് ഇൻഡീസും ടൂർണമെന്റിലേക്ക് സ്വയമേവ യോഗ്യത നേടും.

ഇതാദ്യമായാണ് നോർത്ത് അമേരിക്ക ഇത്രയും വലിയ ക്രിക്കറ്റ് ഇവന്റിന് ആതിഥേയത്വം വഹിക്കുന്നത്. ഏറ്റവും പുതിയ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഐസിസി ടി20 ലോകകപ്പ് 2024ൽ 20 ടീമുകൾ മത്സരിക്കും, അങ്ങനെയെങ്കിൽ ലോകത്തിലെ ഏറ്റവും വലുതും അഭിമാനകരവുമായ ടി20 ടൂർണമെന്റിന് 12 ടീമുകൾ സ്വയമേവ യോഗ്യത നേടുന്നത് ഇതാദ്യമായിരിക്കും.

എന്നാൽ, ഐ‌സി‌സി ടി20 ലോകകപ്പ് 2024-ലേക്ക് യു‌എസ്‌എ ക്രിക്കറ്റ് ടീം യോഗ്യത നേടുന്നതോടെ, യു‌എസ്‌എ ക്രിക്കറ്റ് ടീമിനായി കളിക്കുന്ന മുൻ ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ്‌ ടീം നായകൻ ഉന്മുക്ത് ചന്ദ് ടി20 ലോകകപ്പിൽ സ്വന്തം രാജ്യമായ ഇന്ത്യയ്‌ക്കെതിരെ കളിക്കാനുള്ള സാധ്യതയുണ്ടെന്നത് ശ്രദ്ധേയമാണ്. ഇത്‌ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഒരു പുതിയ കാഴ്ച്ചയായിരിക്കും. കാരണം, 2012 അണ്ടർ 19 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന്റെ നായകനായ ഉന്മുക്ത് ചന്ദിനെ വിരാട് കൊഹ്‌ലിയുടെ പിൻഗാമി എന്നാണ് ആരാധകർ വിശേഷിപ്പിച്ചിരുന്നത്.

എന്നാൽ, ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും കാര്യമായ പ്രകടനം പുറത്തെടുക്കുന്നതിൽ ഉന്മുക്ത് ചന്ദ് പരാജയപ്പെട്ടതോടെ, അദ്ദേഹത്തിന് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാതിരിക്കുകയായിരുന്നു. ഇതിന് പിന്നാലെ, അദ്ദേഹം ഇന്ത്യൻ ടീമിൽ നിന്ന് വിരമിക്കുകയും, യു‌എസ്‌എ ക്രിക്കറ്റ് ടീമിന്റെ ക്ഷണം സ്വീകരിച്ച് അവരുടെ ഭാഗമാവുകയും ചെയ്തു. അതുകൊണ്ട് തന്നെ, 2024 ലോകകപ്പിൽ ഇന്ത്യ – യു‌എസ്‌എ മത്സരം വരികയാണെങ്കിൽ, തന്നെ പരിഗണിക്കാതിരുന്ന ഇന്ത്യൻ ടീമിനോട് ഉന്മുക്ത് ചന്ദ് പകരം വീട്ടുമോ എന്ന് കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്.