ഐപിഎൽ 2022 സീസണിന്റെ തുടക്കത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ലഭിച്ച മികച്ച തുടക്കത്തിൽ ഫ്രാഞ്ചസിയുടെ ഉപദേഷ്ടാവ് ഡേവിഡ് ഹസ്സി സന്തോഷം പ്രകടിപ്പിച്ചു. ഇതുവരെ കളിച്ച നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് മത്സരങ്ങൾ ജയിച്ച കെകെആർ നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. ചെന്നൈ സൂപ്പർ കിംഗ്‌സിനെയും പഞ്ചാബ് കിംഗ്‌സിനെയും മുംബൈ ഇന്ത്യൻസിനെയും പരാജയപ്പെടുത്തിയ കെകെആർ നിർഭാഗ്യവശാൽ അവരുടെ രണ്ടാം മത്സരത്തിൽ ആർസിബിയോട് തോൽക്കുകയായിരുന്നു.
ബൗളിംഗ് ആക്രമണമാണ് സീസണിൽ കെകെആറിന് തുണയായത്. മെഗാ ലേലത്തിൽ അവസാന നിമിഷം സ്വന്തമാക്കിയ ഉമേഷ് യാദവ് മികച്ച പ്രകടനം കാഴ്ചവച്ചത് മറ്റു ഫ്രാഞ്ചൈസികളെ പോലെ തന്നെ കെകെആറിനെയും ഞെട്ടിച്ചിട്ടുണ്ട്. ലേലത്തിന്റെ ആദ്യ രണ്ട് അവസരങ്ങളിൽ ആരും വാങ്ങാൻ തയ്യാറാകാതിരുന്ന ഉമേഷിനെ, അവസാന അവസരത്തിൽ അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്കാണ് കെകെആർ സ്വന്തമാക്കിയത്. ഇതുവരെ കളിച്ച 4 മത്സരങ്ങളിൽ നിന്ന് 9 വിക്കറ്റുമായി പർപ്പിൾ ക്യാപ് പട്ടികയിൽ ഒന്നാമതാണ് ഉമേഷ് യാദവ്.

ലീഗിലെ ഇതുവരെയുള്ള ഉമേഷിന്റെ മികവിൽ ആകൃഷ്ടനായ ഡേവിഡ് ഹസ്സി, തങ്ങളുടെ ഫ്രാഞ്ചൈസിയുടെ മെഗാ ലേലത്തിലെ ഏറ്റവും മികച്ച വാങ്ങൽ ഉമേഷ് യാദവ് ആണെന്ന് പറഞ്ഞു. “ഒരുപക്ഷേ ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച വാങ്ങൽ ഉമേഷ് ആയിരിക്കും. നേരത്തെ വിക്കറ്റുകൾ വീഴ്ത്തുന്നതിൽ അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഉമേഷും [ഭരത്] അരുണും വളരെ നന്നായി ഒരുമിച്ച് പ്രവർത്തിക്കുന്നു, അവർ ഇപ്പോൾ 5-6 വർഷമായി ഒരുമിച്ച് പ്രവർത്തിക്കുന്നു. നല്ല ബന്ധമാണ് അവർ തമ്മിലുള്ളത്,” ഹസ്സി പറയുന്നു.
“ഉമേഷിനെക്കുറിച്ച് എനിക്ക് ഒരു കാര്യം ഉറപ്പിച്ച് പറയാൻ കഴിയും, ഓരോ ഗെയിമിനും തയ്യാറെടുക്കാൻ അദ്ദേഹം ട്രാക്കിൽ വളരെ കഠിനാധ്വാനം ചെയ്യുന്നു,” ഹസ്സി കൂട്ടിച്ചേർത്തു. എല്ലാ ബാക്ക്ഗ്രൗണ്ട് സ്റ്റാഫിൽ നിന്നും തനിക്ക് വളരെയധികം പിന്തുണ ലഭിച്ചതിനാൽ തനിക്ക് സമ്മർദ്ദമൊന്നും അനുഭവപ്പെടുന്നില്ലെന്നും, ബൗളർമാരുടെ മികച്ച പ്രകടനത്തിന്റെ മുഴുവൻ ക്രെഡിറ്റും ബൗളിംഗ് കോച്ച് ഭരത് അരുണിനാണെന്നും ഹസി പറഞ്ഞു.