ടെസ്റ്റ്‌ ടീമിൽ പോലും സ്ഥാനം ഇല്ല 😱😱പർപ്പിൾ ക്യാപ്പിൽ അത്ഭുതമായി ഉമേഷ്‌ യാദവ്

എഴുത്ത് :ജയറാം ഗോപിനാഥ് (മലയാളം ക്രിക്കറ്റ്‌ സോൺ );പ്രഗൽഭൻമാരുടെ പട്ടികയിൽ ഒരിക്കലും അയാളുടെ പേരുണ്ടാവാറില്ല. അതുകൊണ്ട് തന്നെ ഒരിടത്തും അയാൾ ആരുടേയും ഫസ്റ്റ് ചോയ്സ് ആവാറുമില്ല.2022 ലെ ഐ പി ൽ ഓക്ഷനിൽ, രണ്ട് തവണ സ്‌ക്രീനിൽ അയാളുടെ പേര് മിന്നി മറഞ്ഞപ്പോഴും, അവഗണിക്കപെട്ടവരുടെ പട്ടികയിലേക്ക് അയാൾ മാറ്റിനിർത്തപെടുകയായിരുന്നു.

ഒടുവിൽ, മൂന്നാമൂഴത്തിൽ ബേസിക് പ്രൈസിന് അയാളെ സ്വന്തമാക്കുമ്പോഴും, KKR മാനേജ്മെന്റ് അയാളിൽ നിന്നും അത്ഭുതങ്ങളൊന്നും പ്രതീക്ഷിച്ചിരിക്കില്ല. അവിടെയാണ്, പെർഫെക്ട് ടെസ്റ്റ്‌ മാച്ച് ലെങ്ത് ബൗളിങ്ങുമായി അയാൾ, പാറ്റ് കമ്മിൻസിന്റെ ആഭാവത്തിൽ തന്നിലേയ്ക്ക് വന്നു ചേർന്ന ചുമതലയെ ഭംഗിയായി നിറവേറ്റുന്നത്.ബാക്ക് ഓഫ് ദി ലെങ്ത് ഡെലിവറികൾ കൊണ്ട് പവർ പ്ലേയിൽ, അയാൾ ബാറ്റർമാരെ ബ്ലഫ് ചെയ്യിപ്പിക്കുന്നത് മനോഹരമായ കാഴ്ച്ച തന്നെയാണ്.

ചെന്നൈയുടെ കോൺവെയെ, ഇല്ലാത്തൊരു ഷോട്ട് കളിക്കാൻ പ്രേരിപ്പിച്ച്, മിഡ്‌ ഓണിൽ ശ്രേയസിന്റെ കൈകളിൽ എത്തിച്ചത് അത്തരം ഒരു ബ്ലഫിങ് ആയിരുന്നു. അടുത്ത മത്സരത്തിൽ, തന്റെ ആദ്യ ഓവറിൽ ഒരു പെർഫെക്ട് കവർ ഡ്രൈവ് കളിച്ച കോഹ്ലിയെ ബ്ലഫ് ചെയ്യിപ്പിച്ചു കൊണ്ട്, മറ്റൊരു ബാക്ക് ഓഫ് ദി ലെങ്ത് ഡെലിവറി, ഈ തവണ ചെറിയ എവേ മൂവ്മെന്റോടുകൂടി. അത് കോഹ്ലിയുടെ ബാറ്റിന്റെ അരുകിനെ തഴുകി വിക്കറ്റ് കീപ്പറുടെ കൈകളിൽ എത്തിയത് മറ്റൊരു പെർഫെക്ട് എക്സിക്യൂഷൻ ആയിരുന്നു.

പിച്ചിൽ നിന്നും ബൗൺസ് എക്സ്ട്രാക്ക്‌റ്റ് ചെയ്യുന്നതിലും അയാൾ വിജയിക്കുന്നുണ്ട്. ആ സ്റ്റീപ് ബൗൺസിലൂടെയാണ്, ഗെയ്ക്വവാദിനേയും, റാവത്തിനെയും അയാൾ വീഴ്ത്തിയത്‌.8-0-36-4.രണ്ട് മത്സരങ്ങൾ കഴിയുമ്പോഴുള്ള അയാളുടെ ബൌളിംഗ് ഫിഗറാണ്. ഒരുപക്ഷെ, അയാൾ വീണ്ടും നിറം മങ്ങി പോയേക്കാം, പിന്നെയും സൈഡ് ബെഞ്ചിലേക്ക് മാറ്റി നിർത്തപെട്ടേക്കാം. പക്ഷെ നിങ്ങൾ അയാളെ എഴുതി തള്ളാതിരിക്കുക.

കാരണം, എഴുതി തള്ളപ്പെട്ടടതൂന്നൊക്കെ, നിങ്ങളുടെ അന്തർജ്ഞാനത്തെ അതിശയിപ്പിച്ചു കൊണ്ട് മടങ്ങി വരാനുള്ള ഒരു ജനിതക വൈഭവം അയാളുടെ DNA ക്കുണ്ട്. കെന്നിങ്റ്റൺ ഓവലിൽ, ബാക്ക് ഓഫ് ദി ലെങ്ത്തിൽ ഓഫിസ്റ്റമ്പിന് പുറത്ത് ഫിഫ്ത് സ്റ്റമ്പിന്റെ ലൈനിൽ പിച്ച് ചെയ്ത ശേഷം, ജോ റൂട്ട് എന്ന മാസ്റ്റർ ക്രാഫ്റ്റ്മാന്റെ ടെക്നിക്കൽ അക്യുമെനെ അതിശയപ്പെടുത്തിക്കൊണ്ട്, മടങ്ങി വന്ന് ഓഫ്‌ സ്റ്റമ്പ് തെറിപ്പിച്ച ആ മാച്ച് ഡിഫൈനിങ്‌ ഡെലിവറിപോലെ, അയാൾ മടങ്ങി വന്ന് കൊണ്ടേയിരിക്കും.