ഫസ്റ്റ് ബോൾ, ഫസ്റ്റ് വിക്കറ്റ്, ഫസ്റ്റ് ക്യാച്ച് ; ഉമേഷ്‌ യാദവിന്റെ ക്യാച്ച് കണ്ട് പ്രിത്വി ഷാ അമ്പരന്നു

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഡൽഹി ക്യാപിറ്റൽസ് – കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് മത്സരത്തിൽ, ഡൽഹി ക്യാപിറ്റൽസിനെ ഇന്നിംഗ്സിന്റെ ആദ്യ പന്തിൽ തന്നെ ഞെട്ടിച്ച് നൈറ്റ്‌ റൈഡേഴ്‌സ് പേസർ ഉമേഷ്‌ യാദവ്. നേരത്തെ, മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ കോൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് കണ്ടെത്തിയിരുന്നു.

147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് വേണ്ടി മികച്ച ഫോമിൽ കളിക്കുന്ന ഓപ്പണർമാരായ ഡേവിഡ് വാർണറും പ്രിത്വി ഷായും മികച്ച തുടക്കം നൽകുമെന്ന് ഡൽഹി ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഇന്നിംഗ്സിന്റെ ആദ്യ ഓവർ എറിയാനെത്തിയ ഉമേഷ്‌ യാദവ്, തന്റെ ആദ്യ പന്തിൽ തന്നെ പ്രിത്വി ഷായെ ഗോൾഡൻ ഡക്കിന് പുറത്താക്കുകയായിരുന്നു.

ഉമേഷ്‌ യാദവിന്റെ ഒരു ഫുൾ ലെങ്ത് ഡെലിവറി, നേരിടുന്നതിൽ പ്രിത്വി ഷാ പരാജയപ്പെട്ടതോടെ പന്ത് ഉമേഷ്‌ യാദവിന്റെ ഇടതുവശത്തേക്ക് വരികയും, വെറ്റെറൻ പേസർ ഒരു ഫുൾ ഡൈവിലൂടെ പന്ത് കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തു. ഉമേഷ്‌ യാദവിന്റെ ക്യാച്ച് വിശ്വസിക്കാനാകാതെ പവലിയനിലേക്ക് മടങ്ങുന്നതിന് മുമ്പ് പ്രിത്വി ഷാ അമ്പരപ്പോടെ കുറച്ചുനേരം ഉമേഷ്‌ യാദവിനെ നോക്കി നിന്നു.

മത്സരത്തിലേക്ക് വന്നാൽ, കെകെആർ നിരയിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യർ (42), നിതിഷ് രാണ (57) എന്നിവർ മികച്ച രീതിയിൽ ബാറ്റ് ചെയ്തപ്പോൾ, ഡിസിക്ക് വേണ്ടി സ്പിന്നർ കുൽദീപ് യാദവ് 4-ഉം പേസർ മുസ്തഫിസുർ റഹ്മാൻ 3-ഉം വിക്കറ്റുകൾ വീഴ്ത്തി.