സ്കോട്ട്ലാണ്ടിനെ അടിച്ചുതൂക്കി ഇന്ത്യൻ പെൺപുലികൾ ;83 റൺസിന്റെ തകർപ്പൻ ജയം

വനിതാ അണ്ടർ 19 ലോകകപ്പിലെ മൂന്നാം ഗ്രൂപ്പ് മത്സരത്തിലും അത്യുഗ്രൻ വിജയം നേടി ഇന്ത്യയുടെ പെൺപുലികൾ. സ്കോട്ട്ലാൻഡ് ടീമിനെതിരായ മത്സരത്തിൽ 83 റൺസിനാണ് ഇന്ത്യ വിജയം കണ്ടത്. ഓപ്പണർ ഗുഗാഡി തൃഷയുടെ തകർപ്പൻ ബാറ്റിംഗ് മികവും, മന്നത്ത് കശ്യപിന്റെ വെടിക്കെട്ട് ബോളിംഗ് പ്രകടനവുമാണ് ഇന്ത്യയെ മത്സരത്തിൽ വിജയത്തിൽ എത്തിച്ചത്.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് വളരെ മോശം തുടക്കമായിരുന്നു ലഭിച്ചത്. ടീമിന്റെ ക്യാപ്റ്റനായ ഷഫാലി വർമ്മയെ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ നഷ്ടമായി. പിന്നാലെ മെന്ദിയും കൂടാരം കയറിയതോടെ ഇന്ത്യ 34ന് 2 എന്ന നിലയിൽ തകരുകയായിരുന്നു.ശേഷം നാലാം വിക്കറ്റിൽ തൃഷയും റിച്ചാ ഘോഷും ചേർന്ന് ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനം ഇന്ത്യക്കായി കാഴ്ചവച്ചു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 70 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. തൃഷ 51 പന്തുകളിൽ 57 റൺസ് നേടിയപ്പോൾ, റിച്ച 35 പന്തുകളില്‍ 33 റൺസ് നേടി.

ഇതോടൊപ്പം അവസാന ഓവറുകളിൽ 10 പന്തിൽ 31 റൺസ് എടുത്ത സെഹറാവത്തും നിറഞ്ഞാടിയതോടെ ഇന്ത്യ മത്സരത്തിൽ 149 എന്ന സ്കോറിൽ എത്തുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ സ്കോട്ട്ലണ്ടിന് ഭേദപ്പെട്ട തുടക്കം തന്നെയാണ് ഓപ്പണർമാർ നൽകിയത്. എന്നാൽ കൃത്യമായി ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തുന്നതിൽ ഇന്ത്യ വിജയം കണ്ടു. കേവലം 15 റൺസ് എടുക്കുന്നതിനിടെ സ്കോട്ടലാൻഡിന്റെ അവസാന 9 വിക്കറ്റുകൾ പിഴുതെറിയാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചു.

ഇന്ത്യയുടെ ബോളിംഗ് നിരയിൽ നിശ്ചിത നാലോകളിൽ 12 മാത്രം വിട്ടുനൽകി നാല് വിക്കറ്റുകൾ വീഴ്ത്തിയ മന്നത്ത് കശ്യപാണ് തിളങ്ങിയത്. ഒപ്പം അർച്ചന ദേവി മൂന്നും, സോനം യാദവ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. 83 റൺസിനാണ് ഇന്ത്യ മത്സരത്തിൽ വിജയം കണ്ടത്.

Rate this post