അരങ്ങേറ്റ മത്സരത്തിൽ ട്രിപിൾ സെഞ്ച്വറി നേടി ബീഹാർ ബാറ്റർ ; നേട്ടം ഫസ്റ്റ് ക്ലാസ് ചരിത്രത്തിൽ ആദ്യമായി

കൊൽക്കത്തയിലെ സാൾട്ട് ലേക്കിലെ ജാഥവ്പൂർ യൂണിവേഴ്സിറ്റി ക്യാമ്പസ്‌ ഗ്രൗണ്ടിൽ നടന്നുകൊണ്ടിരിക്കുന്ന ബീഹാർ – മിസോറം രഞ്ജി ട്രോഫി മത്സരം ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു. മത്സരത്തിൽ ബീഹാർ ബാറ്റർ സക്കീബുൾ ഗനി (341) ട്രിപ്പിൾ സെഞ്ച്വറി നേടിയതോടെ, അരങ്ങേറ്റ മത്സരത്തിൽ തന്നെ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ബാറ്ററായി സക്കീബുൾ ഗനി മാറി.

മത്സരത്തിൽ, ടോസ് നേടിയ ബിഹാർ ക്യാപ്റ്റൻ അശുതോഷ് അമൻ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ യശസ്വി റിഷവ് (38), ലഖൻ രാജ (25) എന്നിവരും മംഗൽ മഹ്‌റർ (0) റൺസൊന്നും എടുക്കാതെയും പുറത്തായതോടെ, ബീഹാർ 71/3 എന്ന നിലയിലായി. തുടർന്ന്, അരങ്ങേറ്റക്കാരായ സക്കിബുൾ ഗനിയും ബാബുൽ കുമാറും (229*) ചേർന്ന് നാലാം വിക്കറ്റിൽ 538 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.

2018/19 രഞ്ജി ട്രോഫിയിൽ ഹൈദരാബാദിനെതിരെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തിൽ 267* റൺസ് നേടിയ മധ്യപ്രദേശിന്റെ അജയ് റൊഹറയുടെ റെക്കോർഡ് മറികടന്നാണ് 22 കാരനായ ഗനി റെക്കോർഡ് കുറിച്ചത്. 387 പന്തിൽ 50 ബൗണ്ടറികളോടെയാണ് ഗനി ട്രിപ്പിൾ സെഞ്ച്വറി തികച്ചത്. ഒടുവിൽ ഇക്ബാൽ അബ്ദുള്ളയുടെ ബോളിൽ പുറത്താവുമ്പോൾ, 405 പന്തുകൾ നേരിട്ട ഗനി 56 ഫോറും 2 സിക്സും ഉൾപ്പടെ 341 റൺസ് നേടി.

നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ, മറ്റൊരു ശ്രദ്ധേയ പ്രകടനം പുറത്തെടുത്ത ബീഹാറിന് വേണ്ടി അരങ്ങേറ്റ മത്സരം കളിക്കുന്ന ബാബുൽ കുമാർ ഡബിൾ സെഞ്ച്വറി തികച്ച് ഇപ്പോഴും ക്രീസിൽ തുടരുകയാണ്. രണ്ടാം ദിവസം ടീ ബ്രേക്കിന് പിരിയുമ്പോൾ, ബാബുൽ കുമാർ 398 പന്തിൽ നിന്ന് 27 ഫോറും ഒരു സിക്സും സഹിതം 229* റൺസ് നേടിയിട്ടുണ്ട്. നിലവിൽ ബീഹാർ 5 വിക്കറ്റ് നഷ്ടത്തിൽ 686 റൺസ് നേടിയിട്ടുണ്ട്.