ലോകത്തിലെ ഏറ്റവും മികച്ച 5 സെറ്റർമാർ – പാർട്ട് 2

0

വോളി കോർട്ടിൽ കപ്പിത്താന്റെ സ്ഥാനമാണ് സെറ്റർമാർക്കുള്ളത്. ടീമിന്റെ പ്രകടനങ്ങളിൽ നിർണായക സാനിധ്യം പുലർത്തുന്ന സെറ്റർ ഓരോ ചലനങ്ങൾ കൊണ്ടും കളിയുടെ ഗതി മാറ്റിമറിക്കാൻ കഴിവുള്ള താരമാണ്.ലോക വോളിയിലെ കരുത്തരായ ഏത് ടീമിനെ എടുത്താലും അവരുടെ വിജയത്തിൽ സെറ്ററുടെ വലിയ പങ്ക് കാണാവുന്നതാണ്. 1996 ലെ അറ്റ്ലാന്റ ഒളിംപിക്സിൽ ഇറ്റലിയെ പരാജയപ്പെടുത്തി സ്വർണം നേടിയ ഡച്ച് ടീമിന്റെ സെറ്റർ പീറ്റർ ബ്ലാങ്കെയാണ് ഇപ്പോഴുള്ള ആധുനിക സെറ്റർമാരുടെ വഴികാട്ടി.അദ്ദേഹമാണ് അന്ന് വരെ നിലനിന്നിരുന്ന പരമ്പരാഗത രീതിയിലുള്ള സെറ്റിങ്ങിനെ മാറ്റിമറിച്ചത്. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച അഞ്ചു സെറ്റർമാർ ആരാണെന്നു പരിശോധിക്കാം.

3 .ബെഞ്ചമിൻ ടോണിയുട്ടി ( ഫ്രാൻസ് )
കഴിഞ്ഞ 10 വർഷമായി ഫ്രഞ്ച് നാഷണൽ ടീം നേടിയ നേട്ടങ്ങൾക്ക് പിന്നിൽ എല്ലാം ലിറ്റിൽ മജീഷ്യൻ എന്ന് വിളിപ്പേരുള്ള ബെഞ്ചമിൻ ടോണിയുട്ടിയുടെ കര സ്പര്ശങ്ങള് ഉണ്ടാവും.മറ്റു പ്രമുഖ സെറ്റർമാരുമായി താരതമ്യം ചെയ്യുമ്പോൾ ഉയരക്കുറവുള്ള ടോണിയുട്ടി (6 അടി )പെട്ടെന്നുള്ള ചലനങ്ങൾ കൊണ്ടും ജമ്പ് കൊണ്ടും ഉയരക്കുറവിനെ മറികടക്കുന്നു. കളിക്കളത്തിൽ സൈലൻറ് കില്ലറായ ടോണിയുട്ടി തന്റെ മാന്ത്രിക വിരലുകളാൽ കളിയുടെ ഗതി മാറ്റിമറിക്കാൻ കഴിവുള്ള താരമാണ്. ഫ്രഞ്ച് സുപ്പർ താരം ൻഗാപത്തിന്റെ ഏറ്റവും ഇഷ്ടപെട്ട സെറ്ററാണ് ഈ ലിറ്റിൽ മജീഷ്യൻ. 2010 ൽ ഫ്രഞ്ച് ടീമിൽ അരങ്ങേറ്റം കുറിച്ച ടോണിയുട്ടി 2019 ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും, 2018 ലെ നേഷൻസ് ലീഗിലും , 2019 ൽ പോളിഷ് ലീഗിലെയും, 2017 ലെ വേൾഡ് ലീഗിലെയും ഏറ്റവും മികച്ച സെറ്ററായി തെരെഞ്ഞെടുത്തു.

2015 മുതൽ പോളിഷ് ക്ലബ്‌ സാക്‌സയിൽ കളിക്കുന്ന ടോണിയുട്ടി പോളണ്ടിലെ മികച്ച മികച്ച ക്ലബ്ബാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. 2010 നു മുൻപ് ലോക വോളിയിൽ വലിയ ശക്തിയാകാതിരുന്ന ഫ്രാൻസിനെ ലോകത്തിലെ മികച്ച ടീമാക്കുന്നതിൽ ൻഗാപത്തിനൊപ്പം പ്രധാന പങ്കു വഹിച്ച താരമാണ് ടോണിയുട്ടി. ഇതുവരെ ഒളിംപിക്സിൽ ഒരു മെഡൽ സാധിക്കാത്ത ഫ്രാൻസിനെ ടോക്കിയോ ഒളിംപിക്സിൽ ഒരു മെഡൽ നേടികൊടുക്കുകയാണ് മജീഷ്യന്റെ അടുത്ത ലക്‌ഷ്യം.

2 .ലൂസിയാനോ ഡി സെക്കോ ( അർജന്റീന)
കാലുകൾ കൊണ്ട് ചിത്രം വരയ്ക്കുന്ന ഫുട്ബോൾ ഇതിഹാസങ്ങളുടെ നാടായ അർജന്റീനയിൽ നിന്നും കൈ വിരലുകൾ കൊണ്ട് കവിത രചിക്കുന്ന താരമാണ് ലൂസിയാനോ ഡി സെക്കോ. കളിക്കളത്തില് പുറത്തു സൗമ്യനാണെങ്കിലും കോർട്ടിലിറങ്ങിയാൽ പുതൊയൊരു ഡി സെക്കോയെ കാണാൻ സാധിക്കും. ലോക വോളിയിലെ ശരാശരി ടീമായ അർജന്റീനയെ വേൾഡ് ലീഗിലും ,വേൾഡ് കപ്പിലും ,ഒളിംപിക്സിലും എല്ലാം തന്റെ ടീമിനെ ഒറ്റക്ക് ചുമലിലേറ്റുന്ന താരമാണ് ഈ 32 കാരൻ .

2006 ൽ 18 ആം വയസ്സിൽ അര്ജന്റീന ദേശീയ ടീമിൽ അരങ്ങേറിയ ഡി സെക്കോ. ലോക വോളിബാളിലെ ഏറ്റവും ബുദ്ധിമാനായ സെറ്റർ ആയിട്ടാണ് കണക്കാണുന്നത്. 2011 മുതൽ ഇറ്റാലിയൻ ലീഗിലെ ക്ലബ്ബുകളിൽ കളിക്കുന്ന 6 അടി 4 ഇഞ്ചുകാരൻ നിലവിൽ ലുബ് വോളിയുടെ താരമാണ്. വേൾഡ് ലീഗ് ,ചാമ്പ്യൻസ് ലീഗ് ,ഇറ്റാലിയൻ സൂപ്പർ ലീഗ് ,ഒളിമ്പിക്സ് ക്വാളിഫിക്കേഷൻ എന്നിവയിൽ ഏറ്റവും മികച്ച സെറ്ററിനുള്ള അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട് .

1 . മൈക്ക ക്രിസ്റ്റെൻസൺ ( അമേരിക്ക)
ലെജൻഡറി സെറ്റർ ലോയ് ബോളിനു ശേഷം അമേരിക്ക ജന്മം കൊടുത്ത ഏറ്റവും മികച്ച സെറ്ററാണ്‌ മൈക്ക ക്രിസ്റ്റെൻസൺ.വർഷങ്ങളായി ദേശീയ ടീമിനേയും ക്ലബ്ബിനായും പുലർത്തുന്ന സ്ഥിരതയാർന്ന പ്രകടനങ്ങൾ ക്രിസ്റ്റെൻസനേ ലോകത്തിലെ ഏറ്റവും മികച്ച സെറ്ററാക്കി മാറ്റുന്നു. തന്റെ സഹ താരങ്ങളുടെ കഴിവുകൾ മനസ്സിലാക്കിയും , എതിർ ടീമിലെ ദൗർബല്യങ്ങൾ മുതലെടുത്തും ക്രിസ്റ്റെൻസൺ ഫീഡ് ചെയ്യുന്ന പന്തുകളും, ഡ്രോപ്പുകളും, മികച്ച ജമ്പിങ് സർവീസും ,ബ്ലോക്കും എല്ലാം ഈ 6 അടി 6 ഇഞ്ച് ഉയരമുള്ള ഈ 27 കാരനെ മറ്റുള്ള സെറ്റർമാരിൽ മുന്നിലെത്തിക്കുന്നു.

2013 ൽ 20 ആം വയസ്സിൽ ദേശീയ ടീമിനായി അരങ്ങേറ്റക്ക് കുറിച്ച ക്രിസ്റ്റെൻസൺ 2019 ലെ നേഷൻസ് ലീഗിലും ,വേൾഡ് കപ്പിലേയും ഏറ്റവും മികച്ച സ്റ്റാറായി തെരഞ്ഞെടുക്കപ്പെട്ടു. 2018 ലെ വേൾഡ് ചാമ്പ്യൻഷിപ്പിലെ മികച്ച സെറ്ററും ക്രിസ്റ്റെൻസൺ തന്നെയായിരുന്നു. 2015 ൽ ഇറ്റാലിയൻ ക്ലബ് ലുബ് വോളിയിൽ എത്തിയ ക്രിസ്റ്റെൻസൺ 2018 ൽ മറ്റൊരു ഇറ്റാലിയൻ ക്ലബായ മോഡേണായിൽ ചേർന്നു. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച സെറ്റർമാരിൽ ഒന്നാം സ്ഥാനം മൈക്ക ക്രിസ്റ്റെൻസണാണ്.