Viral News ;സിംഗപ്പൂർ താരം അടക്കം 20-20 ലോകകപ്പിനുള്ള 15 അംഗ സക്വാഡിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

സ്വന്തം നാട്ടിൽ വച്ച് നടക്കുന്ന ട്വൻ്റി-20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. കഴിഞ്ഞ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ഓൾറൗണ്ടറായി മികച്ച പ്രകടനം പുറത്തെടുത്ത സിംഗപ്പൂർ താരം ടിം ഡേവിഡിനെ ഓസ്ട്രേലിയ ടീമിൽ ഉൾപ്പെടുത്തി. സെപ്റ്റംബർ 20-25 തീയതികളിൽ ഇന്ത്യയിൽ വെച്ച് നടക്കുന്ന ട്വൻ്റി-20 പരമ്പരയിലും ഇതേ ടീം തന്നെയായിരിക്കും ഉണ്ടാവുക. മൂന്നു മത്സരങ്ങളാണ് ഇന്ത്യക്കെതിരെ ഓസ്ട്രേലിയ കളിക്കുക.

ഇത് ആദ്യമായാണ് ഓസ്ട്രേലിയൻ ടീമിൽ ടിം ഡേവിഡിന് അവസരം ലഭിക്കുന്നത്. സിംഗപ്പൂരിന് വേണ്ടി 14 അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 46.50 ശരാശരിയിൽ 158.52 സ്ട്രൈക്ക് റേറ്റിൽ 558 റൺസ് നേടിയിട്ടുണ്ട്. കരിയറിൽ മൊത്തം 122 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 164.17 സ്ട്രൈക്ക് റേറ്റിൽ 2640 റൺസ് നേടിയിട്ടുണ്ട്. 11 അർദ്ധ സെഞ്ച്വറികളും താരം നേടിയിട്ടുണ്ട്. ടിം ഡേവിഡിനെ കൂടെ ഉൾപ്പെടുത്തിയതോടെ ഓസ്ട്രേലിയൻ ബാറ്റിങ് ലൈൻ അപ്പിന് കരുത്ത് കൂടും. ടിം ഡേവിഡിനെ കുറിച്ച് ഓസ്ട്രേലിയൻ മുഖ്യ സെലക്ടറായ ജോർജ് ബെയിലിയുടെ വാക്കുകൾ വായിക്കാം.

“ലോകമെമ്പാടുമുള്ള ലീഗുകളിൽ മികച്ച പ്രകടനം പുറത്തെടുത്തതിന്റെ അടിസ്ഥാനത്തിലാണ് ടിം ഡേവിഡ് ഓസ്ട്രേലിയൻ ടീമിൽ സ്ഥാനം നേടിയത്. ട്വന്റി-ട്വന്റി ക്രിക്കറ്റിൽ മികച്ച ബാറ്റിങ് ലൈൻ അപ്പിന് പറ്റിയ കളിക്കാരനാണ് അദ്ദേഹം. അദ്ദേഹത്തിൻ്റെ നിലവിലെ ഫോം ഓസ്ട്രേലിയയിലേക്ക് വേണ്ടിയും തുടരുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.”- ബെയിലി പറഞ്ഞു. കഴിഞ്ഞവർഷം ചാമ്പ്യന്മാരായ ഓസ്ട്രേലിയയുടെ ടീമിൽ വന്ന ഏറ്റവും വലിയ മാറ്റം ടിം ഡേവിഡിനെ ഉൾപ്പെടുത്തിയതാണ്. അതേസമയം കഴിഞ്ഞവർഷം ലോകകപ്പ് നേടുമ്പോൾ സ്ക്വാഡിലുണ്ടായിരുന്ന ലെഗ് സ്പിന്നർ മിച്ചൽ സ്വേപ്സന് അവസരം ലഭിച്ചില്ല. ബാക്കിയുള്ള കളിക്കാരെല്ലാം കഴിഞ്ഞ ലോകകപ്പിൽ കിരീടം നേടുമ്പോൾ ടീമിൻ്റെ കൂടെ ഉണ്ടായിരുന്നതാണ്.

പരിക്കേറ്റ് നിലവിൽ പുറത്തിരിക്കുന്ന മിച്ചൽ മാർഷ് ലോകകപ്പ് അടുക്കുമ്പോഴേക്കും ഫിറ്റ്നസ് വീണ്ടെടുക്കും എന്നാണ് ഓസ്ട്രേലിയൻ സെലക്ടർമാർ വിശ്വസിക്കുന്നത്. ആരോൺ ഫിഞ്ച് നയിക്കുന്ന ഓസ്ട്രേലിയൻ ലോകകപ്പിനുള്ള കളിക്കാരെ പരിചയപ്പെടാം-അഗർ, കമ്മിൻസ്, ടിം ഡേവിഡ്, ഹാസൽവുഡ്, ഇംഗ്ലിസ്, മാർഷ്,മക്സ്വേൽ,റിച്ചാർഡ്സൺ,സ്മിത്ത്,സ്റ്റാർക്ക്, സ്റ്റോനിസ്,വൈഡ്,വാർണർ, സാമ്പ. ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ ക്യാമറോൺ ഗ്രീൻ സ്ഥാനം നേടിയെങ്കിലും ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമിൽ അവസരം ലഭിച്ചിട്ടില്ല.