അവർ ഏറ്റവും മികച്ച ടീം :വാനോളം പ്രശംസയുമായി സുനിൽ ഗവാസ്‌ക്കർ

ലോകക്രിക്കറ്റ് ആരാധകരെല്ലാം ആവേശ പൂർവ്വം കാത്തിരിക്കുന്നത് വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ പോരാട്ടത്തിനായിട്ടാണ്. തുല്യ ശക്തികൾ പരസ്പരം പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് കിരീടത്തിനായി പോരാട്ടം നയിക്കുമ്പോൾ ആരാകും വിജയിക്കുക എന്നതും ഇപ്പോൾ പ്രവചനാതീതമാണ്. ജൂൺ പതിനെട്ടിന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനെ കുറിച്ച് അനവധി താരങ്ങളുടെ പ്രവചനങ്ങൾ ഇന്ന് ക്രിക്കറ്റ്‌ ലോകത്തും ചർച്ചയായി കഴിഞ്ഞു.ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ വ്യക്തമായി അറിയാമെന്നത് കിവീസ് ടീമിനെ സംബന്ധിച്ചിടത്തോളം വലിയ മുൻതൂക്കമെന്നാണ് മിക്ക ക്രിക്കറ്റ്‌ നിരീക്ഷകരുടെയും വിലയിരുത്തൽ.

എന്നാൽ ഇന്ത്യൻ ടീം ഉറപ്പായും ഫൈനൽ ജയിക്കുമെന്ന് തുറന്ന് പറയുകയാണ് മുൻ ഇന്ത്യൻ ഇതിഹാസ ഓപ്പണർ സുനിൽ ഗവാസ്‌ക്കർ. ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമുകളിൽ കരുത്തരായ രണ്ട് ടീമുകൾ ഏറ്റുമുട്ടുമ്പോൾ പോരാട്ടം തീപാറുമെന്നും ഗവാസ്‌ക്കർ വിലയിരുത്തുന്നു. ടീം ഇന്ത്യ ബാറ്റിംഗിലും ബൗളിങ്ങിലും ശക്തരായ താരങ്ങളാൽ സന്തുലിതമെന്നാണ് ഇതിഹാസ താരത്തിന്റെ അഭിപ്രായം.

“ക്രിക്കറ്റിൽ പലവിധത്തിൽ നമ്മൾ താരതമ്യം നടത്താറുണ്ട്. എന്റേ നിഗമനം പ്രകാരം വിരാട് കോഹ്ലിയുടെ ഈ ഇന്ത്യൻ സംഘം എക്കാലത്തെയും മികച്ച ഇന്ത്യൻ ടെസ്റ്റ് ടീമാണ്. നമ്മൾ അൻപത് വർഷം മുൻപുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ചരിത്രം തൊട്ട് പരിശോധിച്ചാൽ ഇതാണ് ഏറ്റവും മികച്ച ടീമെന്ന് വ്യക്തമാകും. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ നമ്മുടെ നിരയിലുണ്ട്. അനവധി ചാമ്പ്യൻ ബൗളിംഗ് ഓപ്ഷനുകളും നമ്മുടെ സംഘത്തിലുണ്ട്” ഗവാസ്‌ക്കർ വാചാലനായി.

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്തിനെ കുറിച്ചും ഗവാസ്‌ക്കർ വളരെ ഏറെ വാചാലനായി.”ഇനി വരുന്ന കാലം ലോകക്രിക്കറ്റിൽ അധിപത്യം സ്ഥാപിക്കുവാൻ പോകുന്ന വിക്കറ്റ് കീപ്പർ നമ്മുടെ ടീമിലാണ്. റിഷാബ് പന്ത് അവൻ വൈകാതെ ലോകം വാഴ്ത്തുന്ന കീപ്പർ ബാറ്റ്സ്മാനാകും “മുൻ ഇന്ത്യൻ താരം അഭിപ്രായം വിശദമാക്കി. അതേസമയം ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ സംഘം ഇന്ന് പരിശീലനം ആരംഭിക്കുമെന്നാണ് സൂചന. നേരത്തെ മുംബൈയിൽ പതിനാല് ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ ടീം ഇന്ത്യ ജൂൺ മൂന്നിനാണ് ഇംഗ്ലണ്ടിൽ എത്തിയത്.

volleyliveindia We would like to show you notifications for the latest news and updates.
Dismiss
Allow Notifications