യഥാർത്ഥത്തിൽ ആരാണ് രാഹുൽ തെവാട്ടിയ😱😱ഐപിഎല്ലിലെ അത്ഭുത ഫിനിഷർ

വെള്ളിയാഴ്ച്ച (ഏപ്രിൽ 8) മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ ഗുജറാത്ത്‌ ടൈറ്റൻസിന് അവസാന ബോൾ വിജയം. പഞ്ചാബ് ഉയർത്തിയ 190 റൺസ് പിന്തുടർന്നിറങ്ങിയ ടൈറ്റൻസിന് വേണ്ടി ഓപ്പണർ ശുഭ്മാൻ ഗിൽ (96) ബാറ്റിംഗ് വിസ്‌ഫോടനം നടത്തി ജയത്തിന്റെ വക്കിൽ എത്തിച്ചു.

തുടർന്ന്, 2 ബോളിൽ ടൈറ്റൻസിന് ജയിക്കാൻ 12 റൺസ് വേണമെന്നിരിക്കെ, പഞ്ചാബ് പേസർ ഒഡിയൻ സ്മിത്തിനെ ഇന്നിംഗ്സിലെ അവസാന രണ്ട് ബോളുകളും സിക്സ് പറത്തി ഓൾറൗണ്ടർ രാഹുൽ തിവാതിയ (3 പന്തിൽ 13 റൺസ്) ടൈറ്റൻസിന്റെ ടൂർണമെന്റിലെ തുടർച്ചയായ മൂന്നാം ജയം രേഖപ്പെടുത്തി. മുൻ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എംഎസ് ധോണി മാത്രമാണ് ഇതിന് മുമ്പ് ഐപിഎല്ലിൽ അവസാന 2 ബോളിൽ സിക്സ് നേടി തന്റെ ടീമിനെ ജയത്തിലേക്ക് നയിച്ചിട്ടുള്ളു. ഇതിഹാസ താരത്തെ ഓർമ്മിപ്പിക്കുന്ന പ്രകടനമാണ് കഴിഞ്ഞ ദിവസം ഹരിയാനക്കാരനായ ഓൾറൗണ്ടർ പുറത്തെടുത്തത്.

28-കാരനായ തിവാതിയ, ഒരു ലെഗ് സ്പിന്നറാണ്. 2013-ൽ ഹരിയാനക്ക് വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരത്തിന്, മറ്റു പല കളിക്കാരെയും പോലെ ക്രിക്കറ്റ്‌ ലോകത്ത് ശ്രദ്ധേയനാക്കിയത് ഐപിഎൽ ആണ്. പഞ്ചാബ് കിംഗ്സിനെതിരായ തന്റെ ഐപിഎൽ അരങ്ങേറ്റ മത്സരത്തിൽ കെകെആറിനെതിരെ 2/18 എന്ന മാച്ച് വിന്നിംഗ് സ്പെൽ ബൗൾ ചെയ്യുകയും, 8 പന്തിൽ 15 റൺസ് അടിച്ചെടുക്കുകയും ചെയ്തു പഞ്ചാബിനെ ജയത്തിലേക്ക് നയിച്ച അന്ന് മുതൽ ഒരു മത്സരം സ്വന്തമായി ജയിപ്പിക്കാനുള്ള തിവാതിയയുടെ പ്രതിഭ ക്രിക്കറ്റ്‌ ലോകം തിരിച്ചറിഞ്ഞതാണ്.

2018 ഐപിഎൽ താരലേലത്തിൽ 10 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന തിവാതിയയെ, 3 കോടി രൂപയ്ക്ക് ഡൽഹി ഡെയർഡെവിൾസ്‌ സ്വന്തമാക്കിയത് അദ്ദേഹത്തിന്റെ ‘മാച്ച് വിന്നർ’ കഴിവ് കണ്ടിട്ട് തന്നെയാണ്. തുടർന്ന്, രാജസ്ഥാൻ റോയൽസിലേക്ക് ചേക്കേറിയ തിവാതിയ, 2022 ഐപിഎൽ മെഗാ താരലേലത്തിലാണ് ഗുജറാത്ത്‌ ടൈറ്റൻസിൽ എത്തുന്നത്. 40 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ, സിഎസ്കെയുടെ അതിശക്തമായ ബിഡ്ഡിംഗിനെ മറികടന്ന് 9 കോടി രൂപയ്ക്കാണ് ഗുജറാത്ത്‌ സ്വന്തമാക്കിയത്.