മകൾ വിയോഗത്തിലും സെഞ്ച്വറി ഇപ്പോൾ അച്ഛനും മരണത്തിൽ :യുവ താരം ജീവിത ദുരന്തകഥയായി മാറുന്നു

ജീവിതത്തിൽ സംഭവിക്കുന്ന സന്തോഷങ്ങൾക്ക് അൽപ്പായുസ്സ് മാത്രം വിധിക്കപ്പെട്ട ആളുകൾ ഉണ്ടാകും, അക്കൂട്ടരിൽ ഒരാളാണ് ബറോഡ രഞ്ജി ക്രിക്കറ്റ് താരം വിഷ്ണു സോളങ്കി. ജീവിതത്തിൽ സംഭവിക്കുന്ന ദുഃഖകരമായ നിമിഷങ്ങൾ സ്വയം പരിശ്രമത്തിലൂടെ മറക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും വീണ്ടും ദുഃഖവാർത്തകളെത്തി സോളങ്കിയെ പരീക്ഷിക്കുകയാണ്.

കോവിഡ് പശ്ചാത്തലം മൂലം 2021-ൽ നടക്കേണ്ടിയിരുന്ന രഞ്ജി ട്രോഫി മത്സരങ്ങൾ 2022-ൽ നടത്താൻ തീരുമാനിച്ചപ്പോൾ ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ്‌ താരം വിഷ്ണു സോളങ്കി സന്തോഷവാനായിരുന്നു. ബറോഡ ടീമിന്റെ മികച്ച ബാറ്റർമാരിൽ ഒരാളായ സോളങ്കി, ഫെബ്രുവരി 6-ന് ടീമിനോപ്പം ചേർന്നു. ഫെബ്രുവരി 10-ന് അദ്ദേഹത്തെ തേടി മറ്റൊരു സന്തോഷ വാർത്ത കൂടി എത്തിയിരിക്കുന്നു. സോളങ്കിയുടെ ഭാര്യ പ്രസവിച്ചു, പെൺകുഞ്ഞ്.തനിക്കൊരു കുഞ്ഞ് പിറന്നതിന്റെ സന്തോഷം സോളങ്കിക്ക്‌ ഉണ്ടായിരുന്നെങ്കിലും, ബറോഡ ടീമിനോപ്പമുള്ള പ്രാക്ടീസ് സെഷൻ നടക്കുന്നതിനാൽ അദ്ദേഹം അതിൽ ശ്രദ്ധ പുലർത്തി.

എന്നാൽ, ആ സന്തോഷത്തിന് ഒരു ദിവസം മാത്രമാണ് ആയുസ്സ് ഉണ്ടായിരുന്നത്. ഫെബ്രുവരി 11-ന് സോളങ്കിയുടെ ഒരു ദിവസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു. ദുഃഖവാർത്ത അറിഞ്ഞ ഉടനെ സോളങ്കി, തന്റെ ജന്മനാടയ വഡോദരയിൽ എത്തി. മകളുടെ അന്ത്യ കർമ്മങ്ങൾ പൂർത്തീകരിച്ച് മൂന്ന് ദിവസങ്ങൾക്ക്‌ ശേഷം, സോളങ്കി ബറോഡ ടീമിനോപ്പം ചേർന്നു. ബറോഡയുടെ ആദ്യ മത്സരത്തിൽ കളിക്കാനാകാതിരുന്ന സോളങ്കി, രണ്ടാം മത്സരത്തിൽ കളിക്കുകയും, സെഞ്ച്വറി നേടി ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു.ഇപ്പോഴിതാ വഡോദരയിൽ നിന്ന് വീണ്ടുമൊരു മരണവാർത്ത സോളങ്കിയെ തേടി എത്തിയിരിക്കുകയാണ്. 75 കാരനായ അദ്ദേഹത്തിന്റെ പിതാവ് പർഷോത്തം സോളങ്കി അന്തരിച്ചു.

മരണവാർത്ത അറിയുന്ന സമയം, വിഷ്ണു സോളങ്കി കട്ടക്കിൽ ഛത്തീസ്‌ഗഡിനെതിരെ ബാറ്റിംഗിന് ഇറങ്ങാൻ നിൽക്കുകയായിരുന്നു. സോളങ്കിയോട് കളിക്കാൻ ഇറങ്ങേണ്ട എന്നും നാട്ടിലേക്ക് മടങ്ങിക്കോളൂ എന്നും മാനേജ്മെന്റ് നിർദേശം നൽകിയെങ്കിലും, സമനിലയിലേക്ക് നീങ്ങിയ മത്സരത്തിൽ ബാറ്റ് ചെയ്യാൻ സോളങ്കി തരുമാനിച്ചു. അദ്ദേഹത്തിന്റെ പിതാവിന്റെ വിയോഗത്തിൽ ബറോഡ ടീം ആദരാഞ്ജലികൾ അർപ്പിച്ചു. വീഡിയോ കോളിലൂടെ സോളങ്കി പിതാവിന്റെ അന്ത്യകർമ്മങ്ങൾക്ക് കണ്ണീരോടെ സാക്ഷിയായി.