ജ്വലിക്കുന്നതിന് മുന്നേ അസ്തമിച്ച താരോദയം! ഇന്ത്യൻ ക്രിക്കറ്റിന് നഷ്ടമായ പ്രതിഭയുടെ ഓർമ്മയിലൂടെ

1987 നവംബർ മാസം, ഒരു 13 വയസ്സുകാരൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ പഞ്ചാബിന് വേണ്ടി അരങ്ങേറ്റം കുറിച്ചു. അരങ്ങേറ്റ മത്സരത്തിൽ ഹിമാചൽ പ്രദേശിനെതിരെ 94 റൺസെടുത്ത ആ 13-കാരൻ ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരെ ഞെട്ടിച്ചു. തുടർന്ന് പഞ്ചാബിന് വേണ്ടി അണ്ടർ 15, അണ്ടർ 17 ടൂർണമെന്റുകളിൽ ഗംഭീര പ്രകടനം. 1988 ഒക്ടോബറിൽ, ജമ്മു കാശ്മീരിനെതിരെ ശ്രീനഗറിൽ നടന്ന തന്റെ മൂന്നാമത്തെ ഫസ്റ്റ് ക്ലാസ് മത്സരത്തിൽ 137 റൺസ് അടിച്ചെടുത്ത് 14 വർഷവും 294 ദിവസവും പ്രായമുള്ളപ്പോൾ, ഫസ്റ്റ് ക്ലാസ് സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായ ദ്രുവ് പാണ്ഡവ് എന്ന അനശ്വര ക്രിക്കറ്റ്‌ താരത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

1987-88 വിജയ് മെർച്ചന്റ് ട്രോഫിയിൽ നോർത്ത് സോൺ അണ്ടർ 15 ടീമിന്റെ ക്യാപ്റ്റനായ പാണ്ഡവ്, ടൂർണമെന്റിന്റെ സെമി ഫൈനലിൽ സെൻട്രൽ സോണിനെതിരെ 206 റൺസ് നേടി ഡബിൾ സെഞ്ച്വറി പ്രകടനം കാഴ്ചവെച്ച് ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വളർന്നുവരുന്ന ഭാവി താരം എന്ന വിശേഷണം വളരെ ചെറുപ്പത്തിൽ തന്നെ നേടിയെടുത്തിരുന്നു. 1991 ഡിസംബറിൽ, സർവീസസിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ പഞ്ചാബിന് വേണ്ടി കളിച്ച പാണ്ഡവ്, 170 റൺസ് നേടി തന്റെ ഏറ്റവും ഉയർന്ന ഫസ്റ്റ് ക്ലാസ് സ്‌കോർ കണ്ടെത്തുകയും, ആ ഇന്നിംഗ്സോടെ രഞ്ജി ട്രോഫിയിൽ 1000 റൺസ് തികക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറുകയും ചെയ്തു ആ 17 വയസ്സുകാരൻ.

1992 ജനുവരി 28-ന് സമ്പൽപൂരിൽ നടന്ന ദേവധർ ട്രോഫി ക്വാർട്ടർ ഫൈനലിൽ അനിൽ കുംബ്ലെ, വെങ്കിടേഷ് പ്രസാദ്, ആശിഷ് കപൂർ, അർഷാദ് അയൂബ് എന്നിവരടങ്ങുന്ന സൗത്ത് സോൺ ബൗളിംഗ് ആക്രമണത്തിനെതിരെ നോർത്ത് സോണിന് വേണ്ടി പാണ്ഡവ് 73 റൺസ് നേടി ടോപ് സ്‌കോററാവുകയും, കളിയിലെ താരമായി തിരഞ്ഞടുക്കപ്പെടുകയും ചെയ്തു. എന്നിരുന്നാലും, ആ മത്സരത്തിൽ നോർത്ത് സോണിന് തോൽവി ആയിരുന്നു ഫലം. എന്നാൽ, അതായിരുന്നു ആ താരോദയത്തിന്റെ അസ്തമയം എന്ന് ഒരാളും പ്രതീക്ഷിച്ചിരുന്നില്ല.

ദിയോധർ ട്രോഫിയിൽ നിന്ന് പുറത്തായത്തിന് പിന്നാലെ, സംബാൽപൂരിൽ നിന്ന് ജന്മനാടായ പട്യാലയിലേക്ക് പോകുകയായിരുന്ന പാണ്ഡവ്, അംബാല കാന്റിൽ ട്രെയിനിൽ നിന്ന് ഇറങ്ങി 1992 ജനുവരി 31 ന് രാത്രി അദ്ദേഹം പട്യാലയിലേക്ക് ഒരു ക്യാബിൽ കയറി. ഗ്രാൻഡ് ട്രങ്ക് റോഡിൽ വെച്ച് പാണ്ഡവ് സഞ്ചരിച്ച ക്യാബ് അപകടത്തിൽ പെടുകയും, അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു. ഇന്ന് ദ്രുവ് പാണ്ഡവ് ഈ ഭൂമിയിൽ നിന്ന് വിട പറഞ്ഞിട്ട് 30 വർഷം തികയുന്നു. കരിയർ തുടങ്ങിയപ്പോൾ തന്നെ, ദൈവം വേണ്ടോളം അനുഗ്രഹം ചൊരിഞ്ഞപ്പോൾ ഇത്ര വേഗം ആ പ്രതിഭയുടെ ജീവൻ തിരിച്ചെടുക്കും എന്ന് ആരും കരുതിയില്ല. ഇന്ത്യൻ ക്രിക്കറ്റിന് നഷ്ടമായ പ്രതിഭയ്ക്ക്‌ ഒരായിരം ഓർമ്മപ്പൂക്കൾ.