വാട്ട്‌ എ വണ്ടർഫുൾ ക്യാച്ച്!!!! ഷാർദുൽ താക്കൂറിന്റെ അടിപൊളി ക്യാച്ച് :കാണാം വീഡിയോ

ഞായറാഴ്ച്ച (മെയ്‌ 1) നടക്കുന്ന ഐപിഎൽ ഡബിൾ ഹെഡറിലെ ആദ്യ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജിയന്റ്സിനെതിരെ മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത് ഡൽഹി ക്യാപിറ്റൽസ്‌ ഫാസ്റ്റ് ബൗളർ ഷാർദുൽ താക്കൂർ. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത എൽഎസ്ജിക്ക് ഇന്നിംഗ്സിൽ ആകെ നഷ്ടമായ മൂന്ന് വിക്കറ്റും ഷാർദുൽ താക്കൂർ ആണ് വീഴ്ത്തിയത്.

മത്സരത്തിൽ, ആദ്യം ബാറ്റ് ചെയ്ത എൽഎസ്ജിക്കി വേണ്ടി ഓപ്പണർമാരായ ക്വിന്റൻ ഡിക്കോക്കും (23), കെഎൽ രാഹുലും (77) ചേർന്ന് ഒന്നാം വിക്കറ്റിൽ 42 റൺസ് കൂട്ടിച്ചേർത്തു. തുടർന്ന്, ഇന്നിംഗ്സിന്റെ 5-ാം ഓവറിൽ ഷാർദുൽ താക്കൂർ എറിഞ്ഞ രണ്ടാം ബോളിൽ, ഡിക്കോക്കിനെ ലളിത് യാദവ് പിടികൂടുകയായിരുന്നു. ശേഷം, ദീപക് ഹൂഡയുമായി (52) ചേർന്ന് രാഹുൽ ടീം ടോട്ടൽ കെട്ടിപ്പടുത്തു.

പത്തോവറോളം നീണ്ടുനിന്ന കൂട്ടുകെട്ടിന് അന്ത്യം കുറിച്ച് ഇന്നിംഗ്സിന്റെ 15-ാം ഓവറിൽ ഷാർദുൽ താക്കൂർ വീണ്ടുമെത്തി. താക്കൂർ എറിഞ്ഞ ഓവറിലെ മൂന്നാം ബോൾ, ഹൂഡ ഒരു ഫ്രന്റ്‌ ഫുട്ട് ഡ്രൈവിന് ശ്രമിച്ചെങ്കിലും, ടൈമിംഗ് പിഴച്ചതോടെ പന്ത് താക്കൂർ തന്നെ ക്യാച്ച് എടുത്തു. ബോൾ എറിഞ്ഞ ഓട്ടത്തിൽ തന്നെയാണ് താക്കൂർ പന്ത് കൈപ്പിടിയിൽ ഒതുക്കിയത്. അതോടെ 95 റൺസിന്റെ രാഹുൽ – ഹൂഡ കൂട്ടുകെട്ടിന് അവസാനമായി.

തുടർന്ന്, കളിയുടെ ഒരു നിമിഷം സെഞ്ച്വറിയിലേക്ക് പോകുമെന്ന് തോന്നിപ്പിച്ച എൽഎസ്ജി നായകൻ കെഎൽ രാഹുലിനെ ഇന്നിംഗ്സിന്റെ 19-ാം ഓവറിൽ ലളിത് യാദവിന്റെ കൈകളിൽ എത്തിച്ച് താക്കൂർ തന്റെ കോട്ട പൂർത്തിയാക്കി. 51 പന്തിൽ 4 ഫോറും 5 സിക്സും സഹിതം 77 റൺസാണ് രാഹുൽ നേടിയത്. ഇതോടെ, എൽഎസ്ജി നിശ്ചിത ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 195 റൺസ് കണ്ടെത്തി.