പടപൊരുതി ജയിക്കുന്ന നായകൻ 😱എല്ലാം നേരിട്ട് ജയിച്ച എൽഗർ സ്റ്റൈൽ

എഴുത്ത് :പ്രണവ് തെക്കേടത്ത്;2018ലെ ജൊഹനസ്ബർഗ് ടെസ്റ്റിൽ ഇന്ത്യ വിജയം സ്വന്തമാക്കുമ്പോൾ അവിടെ തോറ്റു കൊടുക്കാത്തവന്റെ ശരീരഭാഷയോടെ ബാറ്റ് carry ചെയ്യുന്ന ഡീൻ എൽഗറുണ്ട് ഡിവില്ലിയേഴ്സും ഫാഫ്ഉം അംലയും നിറഞ്ഞ ബാറ്റിംഗ് നിരയിൽ ടീമിന് വേണ്ടി അന്നയാൾ സഹിച്ച പ്രഹരങ്ങളിൽ ഒരു പോരാളിയുടെ ശരീരഭാഷ നിഴലിച്ചിരുന്നു .

പിച്ച് ചെയ്തതിന് ശേഷം എങ്ങനെ ആ ബോളുകൾ പെരുമാറുമെന്ന് ദൈവത്തിന് പോലും മനസിലാക്കാൻ സാധിക്കാത്ത ഇരുപത്തിരണ്ടു വാരയിൽ ബാറ്റും ശരീരവും സമന്വയിപ്പിച്ചു പ്രതിരോധ കോട്ട കെട്ടിയ ഡീൻ എല്ഗർ ,കളിയുടെ അന്ത്യം റിസൾട്ട് പ്രതികൂലമാവുമ്പോഴും ക്രിക്കറ്റ് ആരാധകരുടെ ബഹുമാനം പിടിച്ചു വാങ്ങി നടന്നു നീങ്ങിയ ഡീൻ എൽഗർ .മൂന്ന് വർഷങ്ങൾക്കിപ്പുറം ടീമിന്റെ നായകനായി ഒരിക്കൽക്കൂടി അതെ എതിരാളികളെ നേരിടാനിറങ്ങുമ്പോൾ അവിടെ സൗത്താഫ്രിക്കയുടെ എക്കാലത്തെയും ഇതിഹാസങ്ങളുടെ അനുഭവകഥകൾ അയാൾക്ക് കൂട്ടിനില്ലായിരുന്നു

ആദ്യ ടെസ്റ്റിലെ പരാജയങ്ങൾക്ക് ശേഷം ഇരു ടീമും തമ്മിലുള്ള അന്തരത്തിന്റെ വ്യാപ്തിയെ കുറിച്ച് വാചാലരാകുന്ന കളി പറച്ചിലുകാർക്കിടയിൽ ഒരിക്കൽ കൂടി ജോഹനാസ്ബർഗിൽ പൊരുതാനുറച്ചയാൾ പാഡ് കെട്ടുകയാണ് ,വർഷങ്ങൾക്ക് മുന്നേ തന്നെ വേദനിപ്പിച്ച ബുമ്രയും ഷമിയും തീയമ്പുകളുമായി ഒരിക്കൽ കൂടി ഓടിയടുക്കുമ്പോൾ തന്നെ തന്നെ സമർപ്പിച്ചുകൊണ്ടയാൾ ബാറ്റ് ചലിപ്പിക്കുന്ന കാഴ്ച്ച

അത്ര കളി പരിചയമില്ലാത്ത തന്റെ സഹതാരങ്ങളെ എതിരാളികളുടെ വന്യമായ ആക്രമണത്തിന് വിട്ടുകൊടുക്കാതെ പല്ലും നഖവുമുപയോഗിച്ചു നേരിടുന്ന നിമിഷങ്ങൾ,ബാറ്റുകൊണ്ടും നാവുകൊണ്ടും മറുപടി നൽകി ആ റെയിൻബോ നാഷന്റെ കാവൽക്കാരനായി 6 മണിക്കൂറോളം പൊരുതി സ്വന്തമാക്കുന്ന വിജയവുമായി അയാൾ കേപ്‌ടൗണിലേക്ക് സീരീസിനെ കൊണ്ടുപോവുകയാണ്…