ദൈവത്തിന്റെ കുസൃതി തന്നെ ബാധിച്ച രോഗാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ മനോജ് കുമാർ;ബീനയാണ് അതിന് ധൈര്യം കാണിച്ചത്; ഒരു ഭാഗം പൂർണമായും തളർന്ന അവസ്ഥ ഭയാനകമെന്ന് നടൻ

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടൻ മനോജ് കുമാർ. ഒരു അഭിനേതാവ് എന്നതിലുപരി അറിയപ്പെടുന്ന ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് മനോജ്. നടി ബീന ആന്റണിയാണ് മനോജിന്റെ ഭാര്യ. കോവിഡ് കാലത്ത് കലാകാരന്മാരെല്ലാം യൂടൂബ് ചാനലിൽ സജീവമായതിനൊപ്പം മനോജ് കുമാറും വിശേഷങ്ങളുമായി യൂ ടൂബ് ചാനലിലൂടെ വിഡിയോകൾ പങ്കുവെച്ച് എത്തിയിരുന്നു. ഇപ്പോൾ അതേ യൂ ടൂബ് ചാനലിലൂടെ തന്നെ, തന്നെ ബാധിച്ച ഒരസുഖാവസ്ഥയെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് മനോജ്.

നവംബർ അവസാനവാരമാണ് മനോജിന് അസുഖം ഉടലെടുക്കുന്നത്. അസുഖത്തെക്കുറിച്ച് ബോധവത്കരണം നടത്തുവാനാണ് ഈ വീഡിയോ ചെയ്യുന്നതെന്നും അസുഖം വന്നാൽ ആരും ഭയപ്പെടാതെ മരുന്നെടുത്താല്‍ വേഗം തന്നെ അത് മാറുമെന്നും മനോജ് പറയുന്നുണ്ട്.. അസുഖം ബാധിച്ച ശേഷം മുഖത്തിന്റെ ഇടതുഭാ​ഗം കോടിപ്പോയെന്നും സ്ട്രോക്ക് ആണോയെന്നാണ് ആദ്യം ഭയന്നതെന്നും മനോജ് മനസ് തുറക്കുന്നു. പിന്നീടാണ്‌ തന്നെ ബാധിച്ചിരിക്കുന്നത് ബെല്‍സ് പാള്‍സിയാണെന്ന് തിരിച്ചറിഞ്ഞതെന്ന് താരം പറയുന്നു. തന്നെ ബാധിച്ച ആ അസുഖാവസ്ഥയെക്കുറിച്ച് മനോജ് പറയുന്നതിങ്ങനെ

“മുഖം കോടിപ്പോയി. തുപ്പിയപ്പോൾ ഒരുഭാഗത്ത് കൂടിയാണ് വായിൽ കൊണ്ട വെള്ളം പുറത്തേക്ക് പോയത്. പല്ല് തേക്കുന്നതിനിടയില്‍ എന്തോ ഒരു അപാകത. ഒരു ഭാഗം എന്തോ തളരുന്നത് പോലെ. മുഖത്തിന്റെ ഒരു ഭാഗം വർക്ക് ചെയ്യുന്നില്ലെന്ന് കൃത്യമായി മനസിലായി”. ഈയൊരവസ്ഥയിൽ ഏറെ ആശാസം തന്നത് ഭാര്യ ബീനയുടെ വാക്കുകളും സാന്ത്വനവുമായിരുന്നെന്ന് മനോജ് പറയുന്നുണ്ട്. ഇത്തരമൊരു വീഡിയോ ഇടുന്നതിനോട് പലർക്കും വിയോജിപ്പുണ്ടായിരുന്നെന്നും എന്നാൽ ഈ ഒരവസ്ഥയെക്കുറിച്ച്എല്ലാവരും മനസിലാക്കണമെന്നുള്ള ആഗ്രഹമാണ് ഇത്തരത്തിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്യാനുണ്ടായ കാരണമെന്ന് മനോജ് വ്യക്തമാക്കുന്നുണ്ട്.

പേടിയോടെ നോക്കിക്കാണേണ്ട ഒരസുഖമല്ല ഇതെന്നും താനിപ്പോൾ അസുഖത്തെ മറികടന്നുകൊണ്ടിരിക്കുകയാണെന്നും മനോജ് പറയുന്നു. എന്താണെങ്കിലും പ്രേക്ഷകർ അവരുടെ പ്രിയതാരത്തിന്റെ അസുഖം ഉടൻ മാറാൻ പ്രാർത്ഥിക്കുകയാണിപ്പോൾ