പരമ്പര ജയിച്ചു പക്ഷേ റാങ്കിങ്ങിൽ കുതിപ്പില്ല!! ഞെട്ടലിൽ ഇന്ത്യൻ ടീം

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര 3-0 ത്തിന് തൂത്തുവാരിയിട്ടും ഐസിസി ഏകദിന റാങ്കിംഗ് പട്ടികയിൽ ഇന്ത്യക്ക് മുന്നേറാൻ ആയില്ല. നിലവിൽ 28 കളികളിൽ നിന്ന് 3,085 പോയിന്റുള്ള ഇന്ത്യ 110 റേറ്റിംഗുമായി ഐസിസി ഏകദിന റാങ്കിംഗ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. 15 കളികളിൽ നിന്ന് 1,913 പോയിന്റുള്ള ന്യൂസിലാൻഡ് ആണ് 123 റേറ്റിംഗുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

ഏകദിന ഫോർമാറ്റിൽ ഈ വർഷം ആദ്യം ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടാണ് ഇന്ത്യ തുടങ്ങിയത്. പിന്നീട് ഇംഗ്ലണ്ടിനെതിരെയും വെസ്റ്റ് ഇൻഡീസിനെതിരെയും ഏകദിന പരമ്പരകൾ ഇന്ത്യക്ക് സ്വന്തമാക്കാൻ സാധിച്ചിരുന്നു. എന്നാൽ, 27 കളികളിൽ നിന്ന് 3,226 പോയിന്റ് ഉള്ള ഇംഗ്ലണ്ട്, 119 റേറ്റിംഗുമായി രണ്ടാം സ്ഥാനത്താണ്. ഇന്ത്യയേക്കാൾ 4 റേറ്റിംഗ് പോയിന്റുകൾ മാത്രം കുറവുള്ള പാക്കിസ്ഥാൻ ആണ് പോയിന്റ് പട്ടികയിൽ നാലാമത്.

സിംബാബ്‌വെക്കെതിരെയാണ്‌ ഇന്ത്യ അടുത്തതായി ഏകദിന പരമ്പര കളിക്കുന്നതെങ്കിൽ, ശ്രീലങ്ക, നെതർലൻഡ്സ്‌ എന്നിവർക്ക് ഒപ്പമാണ് പാക്കിസ്ഥാന്റെ ഇനി വരുന്ന ഏകദിന പരമ്പരകൾ. ഈ പരമ്പരകളിലെ ജയപരാജയങ്ങൾ ഇരു ടീമുകളുടെയും പോയിന്റ് പട്ടികയിലെ സ്ഥാനങ്ങളിൽ മാറ്റങ്ങൾ വരുത്തും. നിലവിൽ 19 കളികളിൽ നിന്ന് 2,005 പോയിന്റുള്ള പാകിസ്താന്റെ റേറ്റിംഗ് 106 ആണ്.

ഓസ്ട്രേലിയ (101), ദക്ഷിണാഫ്രിക്ക (101), ബംഗ്ലാദേശ് (98), ശ്രീലങ്ക (92), വെസ്റ്റ് ഇൻഡീസ് (69), അഫ്ഗാനിസ്ഥാൻ (69) എന്നിവരാണ് ആദ്യ പത്തിൽ തുടർന്നുള്ള സ്ഥാനങ്ങളിൽ യഥാക്രമം സ്ഥാനം കണ്ടെത്തിയിരിക്കുന്നത്. അതേസമയം ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ രണ്ടാം സ്ഥാനത്തും, ടി20 റാങ്കിങ്ങിൽ ഇന്ത്യ ഒന്നാം സ്ഥാനത്തുമാണ്.