വിരമിക്കൽ ടെസ്റ്റിൽ വിക്കറ്റ് 😱വൈകാരികനായി ടെയ്ലർ പടിയിറങ്ങി (കാണാം വീഡിയോ )

ന്യൂസിലൻഡ് ക്രിക്കറ്റിലെ ഇതിഹാസങ്ങളിൽ ഒരാളായ റോസ് ടെയ്‌ലർ അന്താരാഷ്ട്ര ക്രിക്കറ്റിനോട്‌ വിട പറഞ്ഞു. ന്യൂസിലൻഡ് ബംഗ്ലാദേശ് ടെസ്റ്റ്‌ പരമ്പരയിലെ ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവലിൽ നടന്ന രണ്ടാം ടെസ്റ്റ്‌ മത്സരത്തിൽ, ബംഗ്ലാദേശിന്റെ പത്താം വിക്കറ്റ് സ്വന്തമാക്കി, ഒരു പതിറ്റാണ്ടിനിപ്പുറം തന്റെ ആദ്യ വിക്കറ്റ് നേടിയ റോസ് ടെയ്‌ലർ, ബംഗ്ലാദേശിനെ ഒരു ഇന്നിംഗ്സ്‌ ഭാക്കി നിൽക്കെ 117 റൺസിന് ന്യൂസിലാൻഡ് പരാജയപ്പെടുത്തിയതിൽ നിർണ്ണായക പങ്ക് വഹിച്ചു. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ 28 റൺസ്‌ നേടി ടെയ്‌ലർ പുറത്തായിരുന്നു.

പരമ്പര ആരംഭിക്കുന്നതിന് മുമ്പ് തന്നെ, ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ്‌ പരമ്പരയോടെ താൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കും എന്ന് ടെയ്‌ലർ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഈ ടെസ്റ്റ്‌ മത്സരം ന്യൂസിലാൻഡ് ക്രിക്കറ്റിലെ ഒരു യുഗത്തിന് അന്ത്യം കുറിച്ചു. അവസാന ടെസ്റ്റിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ ഹാഗ്ലി ഓവൽ സ്റ്റേഡിയത്തിലെ കാണികളുടെ കൈയടിയും ബംഗ്ലാദേശ് ടീമിന്റെ ഗാർഡ് ഓഫ് ഓണറും അദ്ദേഹത്തിന് ലഭിച്ചു. തന്റെ അവസാന ടെസ്റ്റിന് മുന്നോടിയായി ന്യൂസിലൻഡിന്റെ ദേശീയഗാനത്തിനിടെ വെറ്ററൻ ബാറ്ററുടെ കണ്ണുകൾ കണ്ണീരിൽ കുതിർന്നിരുന്നു.

ന്യൂസിലൻഡ് ക്രിക്കറ്റിന്റെ ഐക്കൺ ബാറ്റർ തന്റെ അവസാന ടെസ്റ്റ് മത്സരത്തോടെ സ്റ്റീഫൻ ഫ്ലെമിങ്ങിനെ മറികടന്ന് ഡാനിയൽ വെട്ടോറിക്കൊപ്പം ചേർന്ന് രാജ്യത്തെ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായി. ന്യൂസിലൻഡ് ക്രിക്കറ്റിലെ ജനപ്രിയൻ എന്ന പദവി ബ്രണ്ടൻ മക്കല്ലത്തിന് അവകാശപ്പെട്ടതാണെങ്കിലും, ടീമിന്റെ നായകൻ എന്ന നിലയിലും സ്റ്റാർ ബാറ്റർ എന്ന നിലയിലും ടെയ്‌ലറുടെ സംഭാവനകൾ എന്നെന്നും ഓർമിക്കപ്പെടും.

ഇന്നലെ (ജനുവരി 10) വരെ ടെസ്റ്റ് ക്രിക്കറ്റിൽ ടെയ്‌ലറുടെ പേരിൽ രണ്ട് വിക്കറ്റ് മാത്രമേ ഉണ്ടായിരുന്നൊള്ളു. ഇവ രണ്ടും 2010 നവംബറിൽ ഇന്ത്യയ്‌ക്കെതിരായ ഒരു മത്സരത്തിൽ നേടിയതാണ്. ഇപ്പോൾ, തന്റെ വിരമിക്കൽ മത്സരത്തിൽ ഒരു പതിറ്റാണ്ടിന് ശേഷം ടെയ്‌ലർക്ക്‌ ഒരു വിക്കറ്റ് നേടാൻ ആയത് ക്രിക്കറ്റ്‌ ആരാധകർക്ക്‌ വളരെ അധികം സന്തോഷം സമ്മാനിച്ചു. തന്റെ കരിയറിൽ 111 ടെസ്റ്റ്‌ മത്സരങ്ങളിൽ നിന്ന് 44.76 ശരാശരിയിൽ 7655 റൺസുമായി ടെസ്‌റ്റിൽ ന്യൂസിലൻഡിന്റെ എക്കാലത്തെയും ഉയർന്ന റൺസ് സ്‌കോററായിയാണ് ടെയ്‌ലർ വിരമിച്ചത്. 19 സെഞ്ചുറികൾ നേടിയ ടെയ്‌ലർ, ന്യൂസിലൻഡ് കുപ്പായത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ താരമാണ്.