റെക്കോർഡ് ബുക്കിൽ ചരിത്രം സൃഷ്ടിച്ച ഓപ്പണർ 😱ബംഗ്ലാദേശ് ടീമിന്റെ സൂപ്പർ സ്റ്റാർ

“അടുത്ത 6 മാസത്തേക്ക് ഞാൻ അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിക്കില്ല. എന്നെ ടീമിലേക്ക് പരിഗണിക്കരുത്. എനിക്ക് പകരം യുവ കളിക്കാർക്ക് അവസരം നൽകുക, യുവ തലമുറ കളിക്കട്ടെ. വരുന്ന, 2022 ടി20 ലോകകപ്പിലേക്ക് ടീമിനെ ശക്തിപ്പെടുത്തു,” ഇന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമായി കളിക്കുന്നവരിൽ, ബംഗ്ലാദേശ് ഏകദിന ടീമിന്റെ ക്യാപ്റ്റൻ തമീം ഇക്ബാലിനല്ലാതെ ഈ വാചകങ്ങൾ മറ്റാർക്കും പറയാൻ കഴിയില്ല. തനിക്ക് അവസരങ്ങൾ കിട്ടുന്നത് മതിയാവുന്നില്ലല്ലോ എന്ന് എല്ലാവരും പരാതി പറയുന്ന കാലത്താണ്, ടീമിന്റെ ഭാവി ഭദ്രമാക്കുന്നതിനായി ബംഗ്ലാദേശിന്റെ ഏറ്റവും ഉയർന്ന റൺ വേട്ടക്കാരനായ തമീം ഇക്ബാൽ ബംഗ്ലാദേശ് ടി20 ടീമിൽ നിന്ന് സ്വയം മാറിനിൽക്കുകയാണ് എന്ന് കഴിഞ്ഞ ദിവസം (ജനുവരി 27) പ്രഖ്യാപിച്ചത്.

2006 അണ്ടർ19 വേൾഡ് കപ്പിലെ ശ്രദ്ധേയമായ ബാറ്റിംഗ് പ്രകടനം, തമീം ഇക്ബാൽ എന്ന 17-കാരന് 2007-ൽ ബംഗ്ലാദേശ് ഏകദിന ടീമിലേക്ക് കാൾ-അപ്പ് ലഭിക്കാൻ കാരണമായി. പിന്നീട്, 2007 ഐസിസി ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീമിലേക്കും, ബംഗ്ലാദേശിന്റെ ടെസ്റ്റ്‌ ടീമിലേക്കും തമീം ഇക്ബാൽ എന്ന യുവതാരം തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ, അന്ന് ബംഗ്ലാദേശ് ക്രിക്കറ്റ്‌ ആരാധകർ പോലും വിചാരിച്ച് കാണില്ല ആ 17-കാരൻ പയ്യൻ കാലെടുത്ത് വെക്കുന്നത് ബംഗ്ലാദേശ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇടം പിടിക്കാനുള്ള പുസ്തക താളുകളിലേക്കാണെന്ന്.

തമീം ഇക്ബാൽ അരങ്ങേറ്റം കുറിച്ച് രണ്ട് വർഷം കൊണ്ട് ബംഗ്ലാദേശ് ടീമിന്റെ അഭിവാജ്യ ഘടകമായി മാറി. 2010-ൽ ആ 21-കാരൻ ബംഗ്ലാദേശ് ടീമിന്റെ വൈസ് ക്യാപ്റ്റൻ പദവി ഏറ്റെടുത്തു. അന്നത്തെ ബംഗ്ലാദേശ് പരിശീലകനായ ജോണി സിഡോൺസ് തമീം ഇക്ബാലിനെ കുറിച്ച് ഇങ്ങനെ പറഞ്ഞു, “ബംഗ്ലാദേശ് ക്രിക്കറ്റിൽ ഒരു വേൾഡ് ക്ലാസ് ഓപ്പണർ പിറവി എടുത്തിരിക്കുന്നു”. ആ വാക്കുകളിലെ ഒരക്ഷരം പോലും തെറ്റിയില്ല എന്ന് കാലാനുസരണം തമീം ഇക്ബാൽ തെളിയിക്കുകയും ചെയ്തു.ഇന്ന് തമീം ഇക്ബാൽ, ബംഗ്ലാദേശിന്റെ എക്കാലത്തെയും ഏറ്റവും ഉയർന്ന റൺ വേട്ടക്കാരനാണ്. ബംഗ്ലാദേശ് കുപ്പായത്തിൽ 2021-ൽ 14,000 റൺസ് കുറിച്ചതോടെ

ബംഗ്ലാദേശ് കുപ്പായത്തിൽ 10000, 11000, 12000,13000,14000 റൺസ് നേടുന്ന ആദ്യ താരമായി തമീം ഇക്ബാൽ. ബംഗ്ലാദേശ് കുപ്പായത്തിൽ 50 അർദ്ധ സെഞ്ച്വറി കുറിച്ച ആദ്യ താരം, ബംഗ്ലാദേശിന് വേണ്ടി എല്ലാ ഫോർമാറ്റുകളിലും സെഞ്ച്വറി നേടിയ ഏക താരം, ബംഗ്ലാദേശ് കുപ്പായത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി (24) നേടിയ താരം. തമീം ഇക്ബാലിന്റെ റെക്കോർഡ് പുസ്തകത്തിന്റെ കെട്ടഴിച്ചാൽ, അത് ഇങ്ങനെ തുടർന്നു പോവും. ബംഗ്ലാദേശ് എന്ന രാജ്യം ഇന്ന് ക്രിക്കറ്റിന്റെ പേരിൽ ലോകത്ത് അറിയപ്പെടുന്നുണ്ടെങ്കിൽ, അതിലൊരു പങ്ക് തമീം ഇക്ബാൽ എന്ന ഓപ്പണർ വഹിച്ചതാണ്, ഒരു വലിയ പങ്ക്..